കൊല്ലം പ്രാദേശിക ജാലകം

Advertisement
ശാസ്താംകോട്ട തടാക സംരക്ഷണം ആവശ്യപ്പെട്ട് നമ്മുടെ കായല്‍ കൂട്ടായ്മയും സ്കൂള്‍കോളജ് വിദ്യാര്‍ഥികളും ചേര്‍ന്ന് തിരുവനന്തപുരത്ത് നടത്തിയ പദയാത്ര

അയത്തില്‍ ചെമ്മാന്‍മുക്ക് റോഡില്‍ ഗതാഗത ക്രമീകരണം
കൊല്ലം. അയത്തില്‍ ചെമ്മാന്‍മുക്ക് സംസ്ഥാന പാതയില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് പത്തുമുതല്‍ 31വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. അയത്തില്‍ ഭാഗത്തുനിന്നും കൊല്ലംഭാഗത്തേക്ക് വരുന്ന ചരക്ക് വാഹനങ്ഹളും കണ്ടയ്‌നര്‍ വാഹനങ്ങളും പ്രൈവറ്റ് ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങളും കല്ലുംതാഴം കടപ്പാക്കട ചെമ്മാന്‍മുക്ക് വഴിയും കൊല്ലത്തുനിന്നും അയത്തില്‍ഭാഗത്തേക്ക് പോകുന്നവലിയ വാഹനങ്ങള്‍ ചെമ്മാന്‍മുക്ക് കപ്പലണ്ടിമുക്ക് പള്ളിമുക്ക് മേവറം വഴിയും പോകേണ്ടതാണ് എന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാന പുരുഷ-വനിത ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയുടെയും ഗുസ്തി അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ കൊട്ടാരക്കര ജൂബിലി മന്ദിരത്തില്‍ നാലാമത് സംസ്ഥാന പുരുഷ-വനിത ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു. മത്സരത്തില്‍ 14 ജില്ലകളില്‍ നിന്നുള്ള ഗുസ്തി താരങ്ങള്‍ ഗ്രീക്കോ റോമന്‍, ഫ്രീ സ്‌റ്റൈല്‍ ഗുസ്തി ഇനങ്ങളില്‍ മത്സരിക്കാനെത്തി. രാവിലെ 10.30ന് കൊടികുന്നില്‍ സുരേഷ് എംപി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇന്നും വേദിയില്‍ മത്സരങ്ങള്‍ അരങ്ങേറും.

23 വയസിന് താഴെയുള്ളവരുടെ വനിതാ ഫ്രീ സ്‌റ്റൈല്‍ ഇനത്തില്‍ തിരുവനന്തപുരം ജില്ല 34 പോയിന്റോടെ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം കോട്ടയവും മൂന്നാം സ്ഥാനം എറണാകുളവും നേടി. വിജയികള്‍ക്കുള്ള മെഡല്‍ റൂറല്‍ എസ്പി കെ. ബി. രവി വിതരണം ചെയ്തു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷനായിരുന്നു. ഇന്ന് പുരുഷന്മാരുടെ ഗ്രീക്കോ റോമന്‍, ഫ്രീ സ്‌റ്റൈല്‍ ഇനങ്ങളില്‍ താരങ്ങള്‍ മാറ്റുരയ്ക്കും. വിജയികള്‍ എറണാകുളത്ത് നടക്കുന്ന ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

വാഹന പരിശോധനക്കിടെ പ്രതിയുടെ സുഹ്യത്തുക്കളും അറസ്റ്റില്‍ 

പത്തനാപുരം : സ്കൂള്‍  വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ചെറുപൊതികളിലാക്കി  കഞ്ചാവ് വില്‍പന നടത്തിവന്ന യുവാവിനെ ഒരു കിലോ 140  ഗ്രാം കഞ്ചാവുമായി പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു.  പത്തനാപുരം  വൈഎംസിഎ  യ്ക്ക് സമീപം പുത്തൻവിള  പുരയിടംവീട്ടിൽ സജിൻഖാൻ(28) ആണ് പിടിയിലായത്.

പോലീസ് പറയുന്നത് ഇങ്ങനെ. പത്തനാപുരം ഗവ. ആശുപത്രിയിക്ക് സമീപം പോലീസ് വാഹന പരിശോധന നടത്തവെ കൈകാണിച്ച ഇരുചക്ര വാഹനം നിര്‍ത്താതെ പോയി. പിന്‍തുടര്‍ന്ന പോലീസ് വാഴപ്പാറ മുളളൂര്‍നിരപ്പ് സ്വദേശികളായ അന്‍സറുദ്ധീന്‍, ആദര്‍ശ് എന്നിവരെ സഹസികമായി പിടികൂടി. ഇവരുടെ പക്കല്‍ നിന്നും കഞ്ചാവും കണ്ടെടുത്തു. ചോദ്യം ചെയ്യലിലാണ് സജിന്‍ഖാനെ പറ്റി പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധയിലാണ്  മുഖ്യപ്രതിയായ സജിന്‍ഖാന്‍  പിടിയിലാകുന്നത്.

സ്റ്റേഷന്‍ ഓഫീസര്‍  ജയകൃഷ്‌ണന്റെ നേതൃത്വത്തിൽ എസ്.ഐ  മോഹനൻ, എഎസ്ഐ  ശ്രീലാൽ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷഹീർ,ശബരി, ഷൈജു,  രഞ്ജിത്ത്, വിഷ്ണു, നിസാര്‍  എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

തകർന്നു കിടന്ന കുണ്ടറ പള്ളിമുക്ക് – പൊട്ടിമുക്ക് റോഡിന്റെ പാച്ച് വർക്കിനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചു

കൊല്ലം. വർഷങ്ങളായി തകർന്നു കിടന്ന കുണ്ടറ പള്ളിമുക്ക് – പൊട്ടിമുക്ക് റോഡിന്റെ പാച്ച് വർക്കിനുള്ള പ്രാഥമിക ജോലികൾ ഇന്ന് പള്ളിമുക്കിൽ നിന്നും ആരംഭിച്ചു.പിസി വിഷ്ണു നാഥ് എംഎൽഎ സ്ഥലം സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തി.റോഡിന്റെ പണി 2019ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു.

കരാറുകാരനെ അയോഗ്യനാക്കിയത് ചോദ്യം ചെയ്ത് കോടതിയില്‍ കേസ് നല്‍കിയത് കോടതി തള്ളി. എങ്കിലും വര്‍ക്ക് റീ ടെണ്ടര്‍ നടത്തിയിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് താല്‍ക്കാലിക ജോലിയാണ്. റീടെണ്ടറിന് ശേഷം വിശദമായ പണികള്‍ നടക്കുമെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ അറിയിച്ചു.

യൂത്ത് കോൺഗ്രസ്സ് ക്വിറ്റ് ഇൻഡ്യാ ദിനസ്മൃതി യാത്ര നടത്തി
ശാസ്താംകോട്ട: വർഗ്ഗീയതക്കും ഫാസിസത്തിനുമെതിരേയുത്ത് കോൺഗ്രസ്സ് മൈനാഗപ്പള്ളി മ ണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തിൽ ക്വിറ്റ് ഇ ൻഡ്യ ദിന സ്മൃതിയാത്ര നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് നാദിർഷാ

കാരൂർക്കാവ്, വൈ. നജിം, ഉണ്ണി ഇലവിനാൽ , അനസ് ഖാൻ , അനിൽ ചന്ദ്രൻ ,വിദ്യാരംഭം ജയകുമാർ , വർഗ്ഗീസ് തരകൻ, മഞ്ചുഷ.ആർ.പി ള്ള,മനാഫ് മൈനാഗപള്ളി, ഷഹീർ പാലതറ, ഷഹീർ ഷ, എം.എ. സമീർ, ലാലി ബാബു, സി.എസ്. രതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.

കുഴിക്കലിടവക പബ്ലിക് ലൈബ്രറി മുകുന്ദം 2022 സംഘടിപ്പിക്കുന്നു

പുത്തൂർ.  പാങ്ങോട്   കുഴിക്കലിടവക പബ്ലിക് ലൈബ്രറിയുടെ 75-ാം വാർഷികത്തിന്റെയും, രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും ഭാഗമായി

പാങ്ങോട് കുഴിക്കലിടവക പബ്ലിക് ലൈബ്രറിയിൽ 2022 ആഗസ്റ്റ് 13 ശനിയാഴ്ച മുകുന്ദം 2022 സംഘടിപ്പിക്കുന്നു. നാട്ടിലെ പൗരപ്രമുഖർ ഉൾപ്പെടെ പങ്കെടുക്കുന്ന ഈ പരിപാടിയിൽ വച്ച് . എം.

മുകുന്ദന്റെ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ചിത്രരചനയും നടത്തപെടുന്നു. പ്രശസ്ത എഴുത്ത് കാരനായ എം  മുകുന്ദൻ  പരിപാടിയിൽ  സംബന്ധിക്കും.

 ജില്ലാപഞ്ചായത്തിൽ നിന്നും വെളിച്ചം പദ്ധതിയിലൂടെ ലഭിച്ച പ്രൊജക്ടർ, സ്കാനർ, ലാപ്ടോപ് എന്നിവയുടെ ഉദ്ഘാടനം : അഡ്വ. സുമാലാൽ നിർവഹിക്കും, പരിപാടിയിൽ   അഡ്വ. പി.കെ ജോൺസൺ (സെക്രട്ടറി, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ), ആശ്രാമം സന്തോഷ്, രാജൻ ബോധി എന്നിവർ പങ്കെടുക്കുമെന്ന്  ലൈബ്രറി ഭാരവാഹികൾ  പത്ര സമ്മേളനത്തിൽ  അറിയിച്ചു.

ദേശിയ വ്യാപാരി ദിനം ആചരിച്ചു

ശാസ്താംകോട്ട .കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഭരണിക്കാവ് യൂണിറ്റ് കമ്മറ്റി ദേശിയ വ്യാപാരി ദിനം പതാകഉയർത്തൽ , മധുരവിതരണം ,വൃക്ഷതൈവിതരണം , ചികിൽസാധനസഹായം തുടങ്ങിയ വിവിധ പരിപാടികളോടെ ആചരിച്ചു .

ജില്ലാസെക്രട്ടറി എ.കെ.ഷാജഹാൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കോവിഡ് മൂലവും സാമ്പത്തിക പ്രതിസന്ധി മൂലവും തകർന്നു കൊണ്ടിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കുവാൻ സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
യൂണിറ്റ്ജനറൽസെക്രട്ടറി കെ.ജി.പുരുഷോത്തമൻ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വൃക്ഷതൈ വിതരണം ചെയ്തു .
ഭാരവാഹികൾ വീടുകളിലെത്തി ചികിൽസാധനസഹായം നൽകി .
യൂണിറ്റ് ഭാരവാഹികളായ വി.സുരേഷ് കുമാർ , അബ്ദുൽ ജബ്ബാർ , എ. ബഷീർ കുട്ടി, ശശിധരൻ , അനിൽകുമാർ , മുഹമ്മദ്ഹാഷിം, കുഞ്ഞുമോൻ . എന്നിവർ സംസാരിച്ചു.

എന്‍എസ്എസ് കുന്നത്തൂര്‍ യൂണിയന്‍ സംഘടിപ്പിച്ച മൊബൈല്‍ഫോണ്‍ ടെക്നോളജി ക്ളാസ്

എന്‍എസ്എസ് കുന്നത്തൂര്‍ യൂണിയന്‍ തൊഴിലന്വേഷകര്‍ക്കായി യൂണിയന്‍ആസ്ഥാനത്ത് സംഘടിപ്പിച്ച മൊബൈല്‍ ടെക്നോളജി ക്ളാസ്

ജൂനിയർ ചെമ്പറിന്റെ പ്രവർത്തനം മാതൃകാപരം

പോരുവഴി . ജൂനിയർ ചെമ്പർ ഇന്റർനാഷണൽ ശാസ്താംകോട്ടയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പോരുവഴി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബിനു മംഗലത്ത് അഭിപ്രായപ്പെട്ടു. പോരുവഴി ഹോമിയോ ആശുപത്രി അങ്കണത്തിൽ സന്ദർശകർക്കൊരു തണൽ മരം എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.

താലൂക്കിലെ പൊതു സ്ഥാപനങ്ങളിൽ എത്തുന്ന സന്ദർശകർക്ക് തണലേകാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും വേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ജെ സി ഐ പ്രസിഡന്റ്‌ എൽ. സുഗതൻ അധ്യക്ഷനായിരുന്ന യോഗത്തിൽ ഹോമിയോ ഓഫിസർ ഡോ സിനി തോമസ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് അംഗം ജി മോഹനൻ പിള്ള, മുൻ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അക്കരയിൽ ഹുസൈൻ,ദീപൻ ഹരിദാസ്,വിജയകുറുപ്പ്, എൽ ആർ സുരേഷ് കുമാർ, അജിത് കുമാർ, തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്റ്റർ അഡ്വ ശാസ്താംനട അശോകൻ നന്ദി പറഞ്ഞു.

ചക്കുവള്ളി റോഡരികില്‍ മരം ചുട് ദ്രവിച്ച് അപകടാവസ്ഥയില്‍

ചക്കുവള്ളി.കൊല്ലം-തേനി നാഷണൽ ഹൈവേ യില്‍ ചക്കുവള്ളി ജംഗ്ഷൻ വടക്ക് പോലീസ് സ്റ്റേഷൻ 600മീറ്റർ വടക്ക് റേഷൻ കടക്ക് എതിർ വശം മരം ചുവട് ദ്രവിച് അപകട നിലയിൽ.

നിരന്തരം വാഹനങ്ങള്‍ പോകുന്ന പാതയില്‍ കുട്ടികളുടെ തിരക്കുമുള്ളതാണ്. ഉടൻ വെട്ടി മാറ്റിയില്ലെങ്കിൽ വൻ ദുരന്തമാകുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കുന്നു.

കുടവട്ടൂരിൽ യുവതി തൂങ്ങി മരിച്ചു: ദുരൂതയെന്ന് നാട്ടുകാർ

ഓയൂർ: ഓടനാവട്ടം, കുടവട്ടൂരിൽ യുവതി തൂങ്ങിമരിച്ചു. നാട്ടുകാർ ദുരൂഹത ആരോപിച്ചതിനെ ത്തുടർന്ന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി തെളിവുകൾ ശേഖരിച്ചു. കുടവട്ടൂർ, മാരൂർ, ചെറുകരക്കോണം കുന്നും പുറത്ത് ചരുവിള വീട്ടിൽ രാജന്റെയും പരേതയായ സുലഭയുടെയും മകൾ രാഖിരാജ് (22) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ യുവതി ഉണരാത്തത്തിനെത്തുടർന്ന് വീട്ടുകാർ കിടപ്പുമുറിയുടെ വാതിലിൽ കൊട്ടി വിളിച്ചെങ്കിലും കതക് തുറക്കാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.


യുവതിയുടെ മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതിനെത്തുടർന്ന് കൊട്ടാരക്കര ഡി വൈ എസ്പി വിജയകുമാറിന്റെ മേൽനോട്ടത്തിൽ പൂയപ്പള്ളി പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കുകയും, ഫോറൻസിക് വിദഗ്‌ധരും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബിരുദധാരിയായ യുവതി പി.എസ്.സി കോച്ചിംങ് ക്ലാസിന് പോവുകയായിരുന്നു. സഹോദരൻ: ഉണ്ണി.

പോക്സോകേസ് ഇരയായ 15 വയസുകാരി പ്രസവിച്ചു

കൊല്ലം:പോക്സോകേസ് ഇരയായ 15 വയസുകാരി പ്രസവിച്ചു. കുളത്തൂപ്പുഴ മൈലംമൂട് സ്വദേശിനിയായ പെൺകുട്ടിയാണ്, പെൺകുഞ്ഞിന് ജന്മം നൽകിയത്. 2016ൽ പോക്‌സോ കേസിൽ ഇരയായ പെൺകുട്ടിയാണ് മൈലംമൂട്ടിലെ സ്വന്തം വീട്ടിൽവെച്ച് പ്രസവിച്ചത്. ഇതിന് ശേഷം പെൺകുട്ടിയുടെ മാതാവ് കുഞ്ഞുമായി പുനലൂർ താലൂക്ക് ആശുപത്രിയിലെത്തി. താനാണ് പ്രസവിച്ചത് എന്നാണ്, പെൺകുട്ടിയുടെ മാതാവ് ആശുപത്രി അധികൃതരെ അറിയിച്ചത്.

എന്നാൽ, സംഭവത്തിൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയ്‌ക്കൊടുവിൽ, ഇവർ കാര്യങ്ങൾ വ്യക്തമാക്കുകയായിരുന്നു. തന്റെ മകളാണ് പ്രസവിച്ചതെന്ന് പെൺകുട്ടിയുടെ മാതാവ് അറിയിച്ചു. പെൺകുട്ടിയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല.
സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു എന്ന് പൊലീസ് വ്യക്തമാക്കി.

Advertisement