വടകരയില്‍ ദേശീയപാത കോട്ടയാക്കി നഗരം മുറിക്കില്ല കരുനാഗപ്പള്ളിയുടെ കാര്യമോ

Advertisement

വടകര: മുറവിളികള്‍ക്കൊടുവില്‍ വടകരയില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി പച്ചക്കൊടി കാട്ടി. ഇതോടെ ദേശീയപാത വടകര നഗരത്തിലൂടെ കടന്നുപോകുമ്‌ബോള്‍ മണ്ണിട്ടുയര്‍ത്തി പാത നിര്‍മിക്കുമ്‌ബോള്‍ പട്ടണം രണ്ടായി വിഭജിക്കപ്പെടുമോയെന്ന ആശങ്ക നീങ്ങുകയാണ്.

ഇക്കാര്യം ചൂണ്ടിക്കാട്ടി വടകരയിലെ എന്‍ജിനീയര്‍മാര്‍ അടങ്ങുന്ന പൗരാവകാശ കൂട്ടായ്മ പഠനം നടത്തി ദേശീയപാത അതോറിറ്റിക്ക് രൂപരേഖ സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെ വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നുവന്ന ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് എലിവേറ്റഡ് പാത നിര്‍മിക്കാന്‍ അധികൃതര്‍ തയാറാവുകയായിരുന്നു.

കരുനാഗപ്പള്ളിയില്‍ പദ്ധതിയിട്ടിരുന്ന എലിവേറ്റഡ് ഹൈവേ

വടകര പുതിയ സ്റ്റാന്‍ഡ് മുതല്‍ അടക്കാതെരുവ് വരെയുള്ള 800 മീറ്റര്‍ ദൂരത്തിലാണ് എലിവേറ്റഡ് ഹൈവേ (മേല്‍പ്പാത) നിര്‍മിക്കുക. പെരുവാട്ടുംതാഴെ വരെ മേല്‍പാലം നിര്‍മിക്കണമെന്ന ആവശ്യമാണ് നേരത്തേ ഉയര്‍ത്തിയത്. എന്നാല്‍, ടൗണിന്റ പ്രധാന ഭാഗം ഉള്‍പ്പെടുത്തി അംഗീകാരം നല്‍കുകയാണുണ്ടായത്. ഇതോടൊപ്പം കണ്ണൂക്കരയില്‍ പുതുതായി അടിപ്പാത നിര്‍മിക്കാനും തീരുമാനമായി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, എം.എല്‍.എമാരായ കെ.കെ. രമ, കാനത്തില്‍ ജമീല എന്നിവര്‍ ദേശീയപാത അതോറിറ്റി അധികൃതരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയപാത വികസനവുമായി ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ അധികൃതരുടെ മുമ്ബാകെ എം.എല്‍.എമാര്‍ മുന്നോട്ടുവെച്ചിരുന്നു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വലിയ ആശങ്ക ഉയരുന്ന നഗരമാണ് കരുനാഗപ്പള്ളി. നഗരം രണ്ടായി പകുത്ത് മണ്ണിട്ട് ഉയര്‍ത്തി കരുനാഗപ്പള്ളിയെ വിഭജിക്കുന്ന തരത്തിലാണ അ്ംഗീകാരം നേടിയെടുത്ത ദേശീയപാത പദ്ധതി. പ്രധാന പാത ഉയരത്തിലൂടെ പോകുമ്പോള്‍ ജനത്തിന് പാലത്തിന്റെ അടിയിലൂടെ സുഗമ സഞ്ചാരമുണ്ടാകുമെന്ന് ആണ് ഏവരും ധരിച്ചത്. എന്നാല്‍ നഗരം രണ്ടായി വിഭജിക്കുന്ന കോട്ടയാണ് വരുന്നതെന്ന വാര്‍ത്ത ന്യൂസ് അറ്റ് നെറ്റ് ആണ് പുറത്തുവിട്ടത്. തുടര്‍ന്ന് ജനപ്രതിനിധികളും വിവിധ സംഘടനകളും സമരവുമായി രംഗത്തിറങ്ങി. ഇതു സംബന്ധിച്ച് വ്യക്തമായ ഉറപ്പ് ഒന്നും ഇനിയും ലഭിച്ചിട്ടില്ല. ഇടക്ക് പില്ലറുകള്‍ സ്ഥാപിക്കാനുള്ള സോയില്‍ ടെസ്റ്റ് നടന്നിരുന്നു എന്നാല്‍ ജനപ്രതിനിധികള്‍ക്കുപോലും വ്യക്തമായ ഉറപ്പ് ലഭിച്ചിട്ടില്ല. ജില്ലയില്‍ കൊട്ടിയത്തും കരുനാഗപ്പള്ളിയിലുമാണ് കോട്ട കെട്ടി നഗരം വിഭജിക്കുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വടകര ഉയര്‍ത്തിയപോലെ ശക്തമായ പ്രതിരോധമുയര്‍ത്താന്‍ കരുനാഗപ്പള്ലിക്ക് കഴിഞ്ഞിട്ടില്ല.

Advertisement