അഞ്ചല്‍. കൈതാടിയില്‍ ഡോക്ടറുടെ വീട്ടില്‍ നിന്നും കാര്‍ കവര്‍ച്ച ചെയ്ത ശേഷം ഒളിവില്‍ പോയ പ്രതി 20 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. തൃശൂര്‍ ചാവക്കാട് ചാഴൂര്‍ കരിക്കംപീടികയില്‍ സായിപ്പ്കുട്ടി എന്ന ഷംസുദീന്‍ (62) ആണ് പിടിയിലായത്. 2002 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കൈതാടിയില്‍ ശ്രീലകം വീട്ടില്‍ ഡോക്ടറായ യോഗേഷിന്‍റെ ഉടമസ്ഥതയിലുള്ള മാരുതി സെന്‍ കാര്‍ കേസില്‍ പിടിയിലായ ഒന്നാം പ്രതി തിരുവനന്തപുരം പാങ്ങോട് ലക്ഷംവീട് കോളനിക്ക് സമീപം നൗഷാദ് എന്ന ഫിറോസും രണ്ടാം പ്രതിയും ഇപ്പോള്‍ പിടിയിലായ ഷംസുദീനും ചേര്‍ന്ന് ചേര്‍ന്ന് വീടിന്‍റെ ഗേറ്റ്‌റ്റ് പൂട്ട് തകര്‍ത്തു ഉള്ളില്‍ കടന്നു കവര്‍ച്ച ചെയ്യുകയായിരുന്നു.
തുടര്‍ന്ന് കവര്‍ച്ച ചെയ്ത കാര്‍ തൃശൂരില്‍ എത്തിക്കുകയും ചാവക്കാട് വലിയകത്ത്കടയില്‍ മൗസ് മജീദ് എന്ന ഷംസുദീന് വില്‍ക്കുകയും ചെയ്തു. ഇയാള്‍ ഈ കാര്‍ നമ്പര്‍ മാറ്റി വ്യാജ നമ്പര്‍ ഉണ്ടാക്കി ഉപയോഗിച്ചു വരികയായിരുന്നു. കേസില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന് മനസിലാക്കിയതോടെ ഷംസുദീന്‍ ഒളിവില്‍ പോയി. മൂന്നാം പ്രതി മൗസ് മജീദ് ആകട്ടെ കുത്തെറ്റു മരിക്കുകയും ചെയ്തു. ഇതോടെ രണ്ടാം പ്രതി ഒളിവിലാണ് എന്ന് കാട്ടി പോലീസ് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു.
എന്നാല്‍ അടുത്തിടെ ഒളിവില്‍ പോയ മോഷണക്കെസുകളിലെ പ്രതികളെ കണ്ടെത്താന്‍ അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ജി ഗോപകുമാര്‍ രൂപീകരിച്ച പ്രത്യേക സംഘം ഒരു മാസത്തിലധികമായി നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ ഇയാള്‍ പിടിയിലായത്. സി.ഐ കെ ജി ഗോപകുമാര്‍, എസ് ഐ പ്രജീഷ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപു, സംഗീത് എന്നിവരടങ്ങുന്ന സംഘമാണ് ഷംസുദീനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.