പള്ളിശേരിക്കൽ തെറ്റിക്കുഴിയിൽ മെത്ത ഫാക്ടറിക്ക് തീപിടിച്ചു;രണ്ട് തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്:70 ലക്ഷം രൂപയുടെ നാശനഷ്ടം

Advertisement

ശാസ്താംകോട്ട : പള്ളിശേരിക്കൽ തെറ്റിക്കുഴിയിൽ
മെത്ത ഫാക്ടറിക്ക് തീപിടിച്ചു.70 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വിവരം.ഇന്ന് (ചൊവ്വ) വൈകിട്ട് 5.30 ഓടെയാണ് സംഭവം.ശാസ്താംകോട്ട,
കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമന സേന രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.


പോരുവഴി പനപ്പെട്ടി സ്വദേശി നിസാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.ഷോർട്ട് സർക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഫാക്ടറിക്ക് തൊട്ടടുത്തുള്ള ഒരു വീട്ടിലേക്കും തീ പടർന്ന് നാശനഷ്ടം സംഭവിച്ചു.

ഫാക്ടറിയിൽ രണ്ട് തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ലോഡ് കയറ്റാൻ എത്തിയ വാഹനം നാട്ടുകാർ ഉൾപ്പെടെയുള്ളവർ ചേർന്ന് മാറ്റിയതിനാൽ തീ പിടിച്ചില്ല.ഓണ വിപണി ലക്ഷ്യമിട്ട് നിർമ്മിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ മെത്തകളും മറ്റ് ഉൽപ്പന്നങ്ങളും ഫാക്ടറിയിലെ യന്ത്രങ്ങളും പൂർണമായും കത്തിനശിച്ചു.ശാസ്താംകോട്ട
പോലീസിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി.