കുന്നത്തുരിലെ വീഥികൾ അമ്പാടിയായി; നിറപ്പകിട്ടായി ശോഭായാത്രകൾ

Advertisement

കുന്നത്തൂർ : വീഥികളെ അമ്പാടിയാക്കി കൃഷ്ണനും രാധമാരും തോഴികളും നിറഞ്ഞതോടെ കുന്നത്തൂരിൽ അഷ്മിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ശോഭായാത്രകൾ വർണ വിസ്മയമായി.ബാലഗോകുലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു നാടെങ്ങും ശോഭായാത്രകൾ സംഘടിപ്പിച്ചത്.

അമ്മമാരുടെ ഒക്കത്തു കയറിയും കരഞ്ഞും ചിരിച്ചുമെത്തിയ രാധമാരും കൃഷ്ണന്മാരുമെല്ലാം കാണികളിൽ ഭക്തിയുടെയും നയന മനോഹര കാഴ്ചകളുടെയും നറുനിലാവാണ് പകർന്നു നൽകിയത്.നൂറു കണക്കിന് പിഞ്ചുകുഞ്ഞുങ്ങളാണ് ഭഗവാൻ കൃഷ്ണന്റെ ജന്മദിനത്തിൽ നാടിനെ അമ്പാടിയാക്കിയത്.

ഉറിയടി,അവൽ പ്രസാദവിതരണം, പാൽപായസവിതരണം എന്നിവ നടന്നു.കുന്നത്തൂർ കിഴക്ക് മുരളീകൃഷ്ണ ക്ഷേത്രം, മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളിൽ പുലർച്ചെ നടന്ന പാൽപായസ പൊങ്കാലയിൽ സ്ത്രീകളും കുട്ടികളുമടക്കം നുറുകണക്കിനാളുകൾ പങ്കെടുത്തു.ശാസ്താംകോട്ട, കുന്നത്തൂർ, മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പോരുവഴി, പടിഞ്ഞാറെ കല്ലട,കിഴക്കേ കല്ലട, മൺട്രോതുരുത്ത് എന്നിവിടങ്ങളിൽ വിപുലമായ ആഘോഷമാണ് നടന്നത്.

ബാലഗോകുലം ശാസ്താംകോട്ട മണ്ഡലത്തിന്റെ നേതൃത്വത്തിൽ പനപ്പെട്ടി ആശ്രമം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്രയും ആയിക്കുന്നം പുത്തൻവീട്ടിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്രയും ഭരണിക്കാവിൽ സംഗമിച്ച് മഹാശോഭായാത്രയായി ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ സമാപിച്ചു.മുതുപിലാക്കാട് പുത്തൻവീട്ടിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മിഥിലാപുരി,കാവിൽ മുക്ക് വഴി മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിൽ സമാപിച്ചു. കരിന്തോട്ടുവ ഭദ്രാ-ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര പെരുവേലിക്കര മഹാദേവർ ക്ഷേത്രം വഴി തിരികെ കരിന്തോട്ടുവയിൽ സമാപിച്ചു.


മൈനാഗപ്പള്ളി മണ്ണൂർക്കാവ് ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര വെട്ടിക്കാട്ട് മഹാദേവർ ക്ഷേത്രത്തിലും വടക്കൻ മൈനാഗപ്പള്ളി ആത്മാവ് മുക്കിൽ നിന്നുള്ള ശോഭായാത്ര പാട്ടുപുരയ്ക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലും സമാപിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്കേവീട്ടിൽ ക്ഷേത്രത്തിൽ നിന്നും ചിറ്റയ്ക്കാട്ട് ദേവീക്ഷേത്രത്തിലേക്കും ശൂരനാട് വടക്ക് ആനയടി മൂർത്തിക്കാവിൽ നിന്നും വീട്ടിനാൽ ദേവീക്ഷേത്രത്തിലേക്കും
പോരുവഴി ഇടയ്ക്കാട് കോട്ടമുക്കിൽ നിന്നും ഇടയ്ക്കാട് മുരളീധര ക്ഷേത്രത്തിലേക്കും ശോഭായാത്ര നടന്നു.കുന്നത്തൂരിൽ മാനാമ്പുഴ മാടൻനട ക്ഷേത്രം,മുക്കിൽ ക്ഷേത്രം, കല്ലുമൺ മലനട എന്നിവടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കുന്നത്തൂർ നടുവിൽ പഴവരിക്കൽ കാവിൽ സംഗമിച്ച് മഹാശോഭായാത്രയായി നെടിയവിള ക്ഷേത്രം വഴി കുന്നത്തൂർ മുരളീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു.തുരുത്തിക്കര ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നിന്നും തലാപ്പിൽ ക്ഷേത്രത്തിലേക്കും ശോഭായാത്ര നടന്നു.
പടിഞ്ഞാറേ കല്ലട വെട്ടിയതോട്ടിൽ നിന്നും ആരംഭിച്ച് കാരാളിമുക്ക് വഴി ഭരണിക്കാവ് ക്ഷേത്രത്തിലാണ് സമാപിച്ചത്.

മൺറോതുരുത്തിൽ പെരുങ്ങാലം ഗുരുമന്ദിരം ജങ്ഷനിൽ നിന്നും ആരംഭിച്ച് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും കോതപുരത്തു നിന്നും കിടപ്രത്തിലും കല്ലുവിളയിൽ നിന്നും പട്ടംതുരുത്ത് ക്ഷേത്രത്തിലും ശോഭായാത്രകൾ സമാപിച്ചു.

Advertisement