മെറിറ്റ് അവാര്‍ഡ് 2022
കൊട്ടാരക്കര: കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ധനകാര്യ വകുപ്പ് മന്ത്രിയും കൊട്ടാരക്കര നിയമസഭാംഗവുമായ കെ.എന്‍.ബാലഗോപാല്‍ അനുമോദിക്കുന്നു. നാളെ ഉച്ചയ്ക്ക് 2 മുതല്‍ കൊട്ടാരക്കര പുലമണ്‍ മാര്‍ത്തോമാ ജൂബിലി മന്ദിരത്തില്‍ നടക്കുന്ന അനുമോദന ചടങ്ങ് നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.
ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ്
കൊട്ടാരക്കര: ഓണം പ്രമാണിച്ച് കൊട്ടാരക്കര താലൂക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. എക്‌സൈസിന്റെ നേതൃത്വത്തില്‍ രാത്രികാല വാഹന പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. മുന്‍കാല കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ നിരീക്ഷിക്കുന്നതിനും ഷാഡോ ടീമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗവും വില്‍പ്പനയും തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ എക്‌സൈസ് സംഘം സ്വീകരിച്ചിട്ടുണ്ട്. അബ്കാരി കുറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഓഫീസ് നമ്പര്‍ ആയ 0474-2450265, 9400069458 എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തില്‍ ആരോഗ്യമേള
കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബ്ലോക്ക്തല ആരോഗ്യമേള ഇന്നും നാളെയുമായി നടക്കും. വെട്ടിക്കവല ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിപാടിയുടെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് ധനകാര്യ മന്ത്രി കെ. എന്‍.ബാലഗോപാല്‍ നിര്‍വ്വഹിക്കും. കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും.
ആരോഗ്യരംഗത്തെ സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍കരണ ക്ലാസ്സുകള്‍, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുള്ള മേളയില്‍ പൊതുജനങ്ങള്‍ക്ക് സേവനം തികച്ചും സൗജന്യമാണ്. ഡോ. ശോഭ. കെ., എന്‍. മുരളീധരന്‍പിള്ള, കെ. ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ജലവിതരണം തടസ്സപ്പെടും
കൊട്ടാരക്കര: കേരള വാട്ടര്‍ അതോറിറ്റിയുടെ കൊട്ടാരക്കര പിഎച്ച് സബ് ഡിവിഷന്റെ പരിധിയില്‍ വരുന്ന പദ്ധതിയിലെ പുനലൂര്‍ റോ വാട്ടര്‍ പമ്പിങ് മെയിനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജലവിതരണം തടസ്സപ്പെടും. കൊട്ടാരക്കര മുനിസിപ്പാലിറ്റി, മേലില, വെട്ടിക്കവല, വിളക്കുടി, നെടുവത്തൂര്‍, എഴുകോണ്‍, കുണ്ടറ, പേരയം, കിഴക്കേ കല്ലട എന്നീ പഞ്ചായത്തുകളില്‍ 22, 23 തീയതികളിലാണ് ജലവിതരണം തടസ്സപ്പെടുന്നതെന്ന് കൊട്ടാരക്കര അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ചാരായം വാറ്റ്; രണ്ടുപേര്‍ പിടിയില്‍
ചടയമംഗലം: ചടയമംഗലം കലയം തിരുവഴി ഭാഗത്ത് വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റിയ രണ്ടുപേരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം പണയില്‍ വലിയവിള വീട്ടില്‍ രതീഷ് കുമാര്‍ (40), പോരേടം ചരുവിള പുത്തന്‍ വീട്ടില്‍ നിസാം (48) എന്നിവരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍രതീഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആണ് അടുക്കളയില്‍ നിന്ന് ചാരായം പിടിച്ചെടുത്തത്. രണ്ടാം പ്രതിയായ നിസാം പാങ്ങോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതക കേസിലെ പ്രതിയാണ്. 7 ലിറ്റര്‍ ചാരായവും 60 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.
‘തളിര്‍ക്കട്ടെ പുതുനാമ്പുകള്‍’ പദ്ധതിക്ക് തുടക്കമായി
ചിതറ: നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ‘തളിര്‍ക്കട്ടെ പുതുനാമ്പുകള്‍’ പദ്ധതിക്ക് ചിതറ എസ്എന്‍എച്ച്എസ്എസില്‍ തുടക്കമായി. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ നിര്‍മിച്ച ആയിരത്തോളം വിത്തുരുളകള്‍ ചോഴിയക്കോട് ഭാഗത്തെ വന പ്രദേശങ്ങളിലും ചതുപ്പ് നിലങ്ങളിലുമായി വിതച്ചു. വാര്‍ഡ് മെമ്പര്‍ സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനുലാല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ബിന്ദുബാലകൃഷ്ണന്‍ സ്വാഗതമാശംസിച്ചു.