കല്ലടയാറ്റില്‍ വീണ യുവതിക്കായുള്ളതിരച്ചില്‍ രണ്ടാം ദിവസവും ഫലം കണ്ടില്ല

Advertisement

കുന്നത്തൂര്‍: കുന്നത്തൂര്‍ പാലത്തില്‍ നിന്നും കല്ലടയാറ്റിലേക്ക് വീണ യുവതിയെ കണ്ടെത്താന്‍ വേണ്ടി നടത്തിയ രണ്ടാം ദിവസത്തെ തിരച്ചിലും വിഫലം. ശാസ്താംകോട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സും കൊല്ലത്ത് നിന്നെത്തിയ സ്‌കൂബാ ടീമും ഇന്നും 6 മണി വരെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. ശക്തമായ അടിയൊഴുക്ക് ഉള്ളതിനാല്‍ തെരച്ചില്‍ ഏറെ ദുഷ്‌കരമാണ്. കുന്നത്തൂര്‍ തുരുത്തിക്കര തൊടുവയല്‍ വീട്ടില്‍ രഞ്ജിത(20) യാണ് കഴിഞ്ഞ ദിവസം ആറ്റില്‍ വീണത്. പാലത്തിന് അടുത്തുള്ള ബസ്‌സ്റ്റോപ്പില്‍ ബസ് ഇറങ്ങിയ ശേഷം നാട്ടുകാര്‍ നോക്കിനില്‍ക്കെ രഞ്ജിത ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പാലത്തില്‍ രഞ്ജിത ഉപേക്ഷിച്ച ബാഗില്‍ നിന്നും ലഭിച്ച ഫോട്ടോയും മറ്റുമാണ് ആറ്റില്‍ ചാടിയ യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ കാരണമായത്. ഇന്നലെയും സ്‌കൂബയുടെ ടീം പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു.