പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായി;ആത്മഹത്യാ മുനമ്പായി വീണ്ടും കുന്നത്തൂര്‍ പാലം

Advertisement

കുന്നത്തൂര്‍: കൊട്ടാരക്കര-കരുനാഗപ്പള്ളി പ്രധാന പാതയില്‍ കല്ലടയാറിന് കുറുകേ സ്ഥിതി ചെയ്യുന്ന കുന്നത്തൂര്‍ പാലം ആത്മഹത്യാ മുനമ്പായി മാറുന്നു. കുന്നത്തൂര്‍, കൊട്ടാരക്കര താലൂക്കുകളെ ബന്ധിപ്പിക്കുന്ന ഈ പാലത്തില്‍ നിന്ന് ഒരു വര്‍ഷം ശരാശരി പത്ത് പേരെങ്കിലും ഇവിടെ ആഴങ്ങളിലേക്ക് ചാടി ജീവനൊടുക്കുന്നുണ്ടെന്നാണ് കണക്ക്. രഞ്ജിത എന്ന ഇരുപതുകാരി ആറ്റിലേക്ക് ചാടി മരിച്ചതാണ് അവസാന സംഭവം. നാട്ടുകാരും പോലീസ്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ ഉപ്പൂടിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിജനമായ പാലത്തിലൂടെ നടന്നെത്തുന്നവര്‍ താഴേക്ക് ചാടുന്നത് മിക്കപ്പോഴും ആരുടെയും ശ്രദ്ധയില്‍പ്പെടാറില്ല. ചെരുപ്പ്, പഴ്‌സ് അങ്ങനെ എന്തെങ്കിലും അടയാളങ്ങള്‍ കണ്ടായിരിക്കും പലപ്പോഴും താഴേക്ക് ആരെങ്കിലും ചാടിയിട്ടുണ്ടെന്ന് തിരിച്ചറിയുക. ചാടുന്നത് ആരെങ്കിലും കണ്ടാലും ശക്തമായ അടിയൊഴുക്കുള്ള ഈ ഭാഗത്ത് പതിക്കുന്നവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നും വരില്ല. വര്‍ഷങ്ങളോളം മണല്‍ കുഴിച്ചെടുത്ത അപകട ചുഴികളും ആഴങ്ങളില്‍ ജീവന്‍ കവരാന്‍ കാരണമാകുന്നുണ്ട്.

ഇരുവശങ്ങളിലും ഇരുമ്പുവല
സ്ഥാപിക്കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല
പാ
ലത്തില്‍ കയറി കല്ലടയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഏറുകയാണ്. ഒരോ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും പാലത്തില്‍ ഇരുമ്പ് വലകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും പാലത്തില്‍ നിരവധി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപനങ്ങള്‍ എംഎല്‍എ ഉള്‍പ്പെടെ നടത്താറുണ്ട്. എന്നാല്‍ പിന്നീട് ഇതിന് ശേഷം എല്ലാം വീണ്ടും പഴയപടി. പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങളായി മാത്രം തുടരുന്നു.
സമീപ ജില്ലകളില്‍ നിന്നുവരെ ആളുകള്‍ ജീവനൊടുക്കാന്‍ ഇവിടേക്ക് എത്താറുണ്ട്. ആളെ തിരിച്ചറിയാന്‍ കഴിയാതെ പലതും അജ്ഞാത മൃതദേഹങ്ങളായി മാറുന്നതും പതിവാണ്. നിരവധി വീട്ടമ്മമാരെയും വൃദ്ധരെയും നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം രക്ഷപ്പെടുത്താനായിട്ടുണ്ട്. അഗ്നി രക്ഷാസേനയും പോലീസും ദിവസങ്ങളോളം നടത്തുന്ന തെരച്ചിലിനൊടുവിലാണ് പലപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. പാലത്തോട് ചേര്‍ന്ന ഇരുകൈവരികളിലും രണ്ടടി പൊക്കത്തില്‍ ഇരുമ്പുവല സ്ഥാപിച്ചാല്‍ ആത്മഹത്യകള്‍ക്ക് ഒരുപരിധിവരെ പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആളൊഴിഞ്ഞ പ്രദേശവും പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയുമായതിനാലാണ് മാലിന്യം തള്ളുന്നവരും പാലത്തെ തെരഞ്ഞെടുക്കുന്നുണ്ട്.

രാത്രികാലങ്ങളില്‍ തെരുവ് വിളക്കുകളില്ല
രാ
ത്രിയില്‍ മതിയായ തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ പാലം ഇരുട്ടിലാണ്. പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്റുകളില്‍ പരസ്യം സ്ഥാപിക്കുന്ന ഏജന്‍സികളാണ് സ്ട്രീറ്റ് ലൈറ്റിന്റെ വൈദ്യുതി ബില്‍ അടച്ചിരുന്നത്. കരാര്‍ കാലാവധി കഴിയുമ്പോള്‍ പരസ്യ ഏജന്‍സികള്‍ പിന്മാറുന്നതോടെ വൈദ്യുതി ബില്‍ അടയ്ക്കാതെ വരികയും പാലം ഇരുട്ടിലാവുകയും ചെയ്യും. ലൈറ്റുകള്‍ കത്തിക്കാന്‍ പഞ്ചായത്ത് അധികൃതരോ പൊതുമരാമത്ത് വകുപ്പോ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കൊട്ടാരക്കരയില്‍ കൊല്ലം-ചെങ്കോട്ട പാതയെയും കരുനാഗപ്പള്ളിയില്‍ എന്‍.എച്ച് 47നെയും ബന്ധിപ്പിക്കുന്ന പാതയായതിനാല്‍ രാത്രിയില്‍പ്പോലും ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചരക്കു ലോറികളടക്കമുള്ള വലിയ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. പലപ്പോഴും വാഹനങ്ങള്‍ സൈഡ് നല്‍കാന്‍ പോലുമാകാതെ ഞെരുങ്ങിയാണ് ഇതുവഴി കടന്നുപോകുന്നത്. കൈവരിയുടെ ഉയരം കൂട്ടമെന്ന ആവശ്യവും നാട്ടുകാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

Advertisement