കൊല്ലം പ്രാദേശിക ജാലകം

Advertisement

പി പ്രസാദിനെ കൊട്ടാരക്കര മേൽശാന്തിയായി ഒരു കൊല്ലത്തേക്ക് നിയമിച്ചു

പി പ്രസാദ്

കൊല്ലം. ആനന്ദവല്ലീശ്വരം ക്ഷേത്രം മേൽശാന്തി പി പ്രസാദിനെ കൊട്ടാരക്കര മേൽശാന്തിയായി ഒരു കൊല്ലത്തേക്ക് നിയമിച്ചു. ടെസ്റ്റ്‌ ഇന്റർവ്യൂ എന്നിവക്ക്‌ ശേഷം നറുക്കെടുപ്പിലുടെ ആണ് തെരെഞ്ഞെടുക്കപ്പെട്ടത്. ശക്തികുളങ്ങര കാലായിൽ മഠത്തിൽ പ്രഭാകരന്റെയും സരളദേവിയുടെയും മകനാണ്.

ബൈക്ക് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ട് പേരെ പോലീസ്
പിടികൂടി

പരവൂര്‍ . ബൈക്ക് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ട് പേരെ പോലീസ്
പിടികൂടി. പരവൂര്‍ കൂനയില്‍ തൊടിയില്‍ വീട്
ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന മിഥുന്‍ (30), പരവൂര്‍ കൂനയില്‍ ചരുവിളവീട്ടില്‍
ബിനോജ് (30) എന്നിവരാണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്.

ബൈക്കില്‍ പെട്രോള്‍ നിറച്ച് തിരികെ വരുകയായിരുന്ന
വിനീതിനെ, കൂനയില്‍ ആയിരവല്ലി ക്ഷേത്രത്തിന് സമീപമുള്ള റോഡിന്റെ
വശങ്ങളിലിരുന്നു മദ്യപിച്ചു കൊണ്ടിരുന്ന പത്തോളം വരുന്ന സംഘം തടഞ്ഞ്
നിര്‍ത്തി ബൈക്കില്‍ നിന്ന് താക്കോല്‍ ഊരിയെടുത്തു. ഇത് ചോദ്യം ചെയ്ത
വിനീതിനെ ഒന്നാം പ്രതിയായ മിഥുന്‍ അസഭ്യം വിളിച്ചു കൊണ്ട് കൈയില്‍
കരുതിയിരുന്ന വടി ഉപയോഗിച്ച് തലയില്‍ ആഞ്ഞടിക്കുകയായിരുന്നു. രണ്ടാം
പ്രതി ബൈക്കിലിരുന്ന വിനീതിനെ ചവിട്ടി താഴെയിടുകയും സംഘങ്ങള്‍
ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പരവൂര്‍ പോലീസിന് നല്‍കിയ
പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ പിടികൂടിയത്. മറ്റു
പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
പരവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ നിസ്സാര്‍ എ യുടെ നേതൃത്വത്തില്‍
എസ്.ഐ നിതിന്‍ നളന്‍, എ.എസ്.ഐ രമേശ്, എസ്.സി.പി.ഒ റെനേഷ്
ബാബു, സായ്‌റാം, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ
പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്യ്തു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ
കുറ്റവാളിയെ കാപ്പ പ്രകാരം തടവിലാക്കി

കൊല്ലം. 2018 മുതല്‍ സിറ്റി പരിധിയിലെ ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍
പരിധിയില്‍ നരഹത്യശ്രമം, മാരാകായുധം ഉപയോഗിച്ചുള്ള അക്രമം,
മാനഭംഗപ്പെടുത്തല്‍, അടി പിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ ശക്തികുളങ്ങര വില്ലേജില്‍ കന്നിമേല്‍ ചേരിയില്‍ ഇടപ്പാടം വയലില്‍
തുണ്ട്പറമ്പില്‍ വീട്ടില്‍ ഷാന്‍ എന്ന് വിളിക്കുന്ന മുഹമ്മദ് അസ്ലാം (25)
ശക്തികുളങ്ങര പോലീ സിന്റെ പിടി യിലായത്. 2018 മുതല്‍ 2022 വരെ ഏഴ് ക്രിമിനല്‍
കേസുകളില്‍ ഇയാള്‍ പ്രതി യായിട്ടുണ്ട്. ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ 2018-ല്‍
മാരകമായി ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഹെല്‍മെറ്റ് ഉപയോഗിച്ച് തലക്കടിച്ച്

നരഹത്യശ്രമം നടത്തിയതിനും, 2019 ല്‍ വഴിതടഞ്ഞ് നിര്‍ത്തി അക്രമം നടത്തിയതിന്
രണ്ട് കേസുകളും ടാങ്കര്‍ ലോറി തടഞ്ഞു നിര്‍ത്തി പണം ആവശ്യപ്പെട്ട് ദേഹോപദ്രവം
നടത്തുകയും കക്കൂസ് മാലിന്യം പൊതുസ്ഥലത്ത് ഒഴുക്കിവിട്ട് പരിസരമലിനീകരണം
നടത്തിയതിനും കേസുണ്ട്. 2021 ല്‍ കൊല്ലം ബൈപ്പാസ് റോഡ് സൈഡില്‍ പാര്‍ക്ക്
ചെയ്തിരുന്ന വാഹനത്തിന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിനും 2022 ല്‍ യുവതിയെ
ദേഹോപദ്രവം ഏല്‍പ്പിച്ച് മാനഭംഗപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസ്
നിലവിലുണ്ട്. കൊടുംകുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമ ത്തുന്നതിന്റെ ഭാഗ മായി ജില്ലാ
പോലീസ് മേധാവി മെറിന്‍ ജോസഫ് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും
കൂടിയായ അഫ്‌സാന പര്‍വീണിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടി സ്ഥാന
ത്തിലാണ് കരുതല്‍ തടങ്കലിനുത്തരവായത്. ശക്തികുളങ്ങര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍
ബിനു വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ആശ ഐ.വി, സലീം,
എ.എസ്.ഐ ഡാര്‍വിന്‍, സിപിഒ രാജേഷ് എന്നിവ രടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്
ചെയ്തത്. ഇയാളെ കരുതല്‍ തടങ്കലിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

സുരക്ഷിത നഗരം സുന്ദര നഗരം പദ്ധതിക്ക് തുടക്കമായി
കരുനാഗപ്പള്ളി. നഗരസഭയെ സുരക്ഷിതവും ശുചിത്വ പൂർണ്ണമാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പിലാക്കു ന്നത് കരുനാഗപ്പള്ളി നഗരസഭാ പരിധിയിൽ പത്തോളം കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. രാത്രിയുടെ മറവിൽ ജലാശയങ്ങളിൽ ഉൾപ്പടെ മാലിന്യം തള്ളുന്നതും, മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുമായി
എത്തുന്നതും തടയുകയാണ് ലക്ഷ്യം.50 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നഗരസഭ ക്യാമറകൾ സ്ഥാപിക്കുന്നത്.
കന്നേറ്റി പാലം, പണിക്കർകടവ് പാലം, കല്ലുംമൂട്ടിൽകടവ് പാലം, ആലുംകടവ്, പള്ളിക്കൽ കുളം,
കരുനാഗപ്പള്ളി ചന്തക്ക് കിഴക്ക് വള്ളക്കടവ് മുണ്ടകപാടം, കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ
നഗരസഭ അതിർത്തിയിൽ എസ് സി ഐക്ക് പടിഞ്ഞാറ് ഭാഗത്തുള്ള കലുങ്ക്, പറങ്കിമാംമൂട് ജംഗ്ഷന് കിഴക്കുള്ള കലുങ്ങ് എന്നിവടങ്ങളിലാണ് ആദ്യഘട്ടത്തിൽ സിസിടിവികൾ സ്ഥാപിക്കുന്നത്.

ഭാര്യയേയും കുട്ടിയേയും മര്‍ദിക്കുന്നുവെന്ന് ഫോണ്‍, അന്വേഷിക്കാന്‍ എത്തിയ എസ്ഐക്കുനേരെ ആക്രമണം, യുവാവ് അറസ്റ്റില്‍

അഞ്ചല്‍. അറയ്ക്കല്‍ ലക്ഷ്മിവരം വീട്ടില്‍ 35 വയസുള്ള അജേഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് ഭാര്യയേയും കുട്ടിയേയും ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും കത്രിക വച്ച് കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ എസ്ഐ പ്രജീഷ്കുമാര്‍ അടങ്ങുന്ന മൂന്നംഗ സംഘം അറയ്ക്കലില്‍ എത്തിയത്. ഈ സമയം കൈയില്‍ കത്രികയുമായി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച അജേഷിനെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തവേയാണ് ഇയാള്‍ വീട്ടിനുള്ളില്‍ കടന്നു വെട്ടുകത്തിയുമായി എത്തി എസ്ഐ പ്രജീഷ്കുമാറിനെ വെട്ടാന്‍ ശ്രമിച്ചത്.

രണ്ടുപ്രാവശ്യം ശ്രമിച്ചുവെങ്കിലും എസ്ഐ മാറിയതിനാല്‍ വെട്ടേല്‍ക്കാതെ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഗ്രേഡ് എസ്ഐ റാഫിയെ ചവിട്ടി വീഴ്ത്തിയ അജേഷ് സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ ജോസഫിനെ നെഞ്ചിലും കൈലും കടിച്ചും പരിക്കേല്‍പ്പിച്ചു. പിന്നീട് കൂടുതല്‍ പോലീസ് സംഘം എത്തി ബലപ്രയോഗത്തിലൂടെയാണ് അജേഷിനെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്ത ഇയാള്‍ക്കെതിരെ കൊലപാതകശ്രമം പോലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങി നിരവധി വകുപ്പുകള്‍ ചാര്‍ജ്ജ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. പരിക്കേറ്റ റാഫി, അരുണ്‍ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തൊഴില്‍ രഹിത വേതന വിതരണം
അഞ്ചല്‍: ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിത വേതന വിതരണം 26, 27 തീയതികളില്‍ നടക്കും. ഗുണഭോക്താക്കള്‍ എംപ്ലോയ്‌മെന്റ് രജിട്രേഷന്‍ കര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായെത്തി വേതനം കൈപ്പറ്റണമെന്ന് അധികൃതര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
ഓയൂര്‍: പൂയപ്പള്ളി പഞ്ചായത്തിലെ മൈലോട് ആലുംമുക്ക്-പൊരിയക്കോട് റോഡില്‍ ബജറ്റ് പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ ഈ റോഡില്‍ 22 മുതല്‍ മൂന്ന് ആഴ്ച വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കൊട്ടാരക്കര റോഡ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കുന്നത്തൂർ പാലത്തിൽ കൈവരികളിൽ ചുറ്റു വേലി സ്ഥാപിക്കണം:
ആർ എസ് പി

ശാസ്താംകോട്ട:കുന്നത്തൂര്‍ പാലത്തില്‍ ആത്മഹത്യകള്‍ തുടര്‍കഥയാകുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന ആത്മഹത്യകള്‍ക്ക് എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്‍ ഉത്തരവാദിത്വം പറയണമെന്ന് ആർ എസ് പി. കുന്നത്തൂര്‍ പാലത്തിൽ ഇക്കഴിഞ്ഞ വർഷം മാത്രം ആത്മഹത്യ ചെയ്തത് പതിനഞ്ച് പേരാണ്.

കുന്നത്തൂർ പാലത്തിൽ കൈവരികളിൽ ചുറ്റുവേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആർ എസ് പി നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ

സമീപ വാസികളുടെ നേതൃത്വത്തിൽ നിരവധി തവണ പാലത്തിന്റെ കൈവരികളിൽ ചുറ്റുവേലി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടും എം എൽ എ അവഗണിക്കുകയായിരുന്നു എന്ന് ആർ എസ് പി ആരോപിച്ചു. തെരുവ് വിളക്കും കത്തുന്നില്ല. പ്രതിഷേധ കൂട്ടായ്മ കെ ജി വിജയദേവൻ പിള്ള ഉദ്ഘാടനം ചെയ്യ്തു. പി എൻ രാജൻ അധ്യക്ഷനായി. പാങ്ങോട് സുരേഷ്, ഉല്ലാസ് കോവൂർ, സുഭാഷ് എസ് കല്ലട, കണ്ണൻ നായർ, സജിത്ത് ഉണ്ണിത്താൻ, പുത്തൂർ ബാലചന്ദ്രൻ, രാജൻ, അശ്വിൻ, ഉണ്ണി നാട്ടിശേരി, വിക്രമൻ തുടങ്ങിയവർ നേതൃത്വം നൽകി

ശൂരനാട് നടുവിൽ എൽ പി എസിലെ കുട്ടികളുടെ യാത്രാ ക്ലേശം രൂക്ഷമാകുന്നു.

തിരക്കേറിയ കൊല്ലം തേനി ദേശീയ പാതയിൽ കണ്ണമം ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ശൂരനാട് നടുവിൽ എൽ പി എസ്‌ ലെ വിദ്യാർത്ഥികളുടെ യാത്രാക്ലേശം രൂക്ഷമാകുന്നു. പാതയിലെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിന്റെ ഇരു വശങ്ങളിലും നടപ്പാത ഇല്ലാത്തതും വടക്ക് ഭാഗത്തുള്ള കൊടും വളവും ഇറക്കവും പലപ്പോഴും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.

മുന്നൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിന് മുൻ വശം സീബ്ര ലൈൻ ഉൾപ്പെടെയുള്ള ഒരു ട്രാഫിക് സുരക്ഷാ സംവിധാനവും ഇതുവരെ ഇവിടെ നടപ്പാക്കിയിട്ടില്ല.രാവിലെയും വൈകിട്ടും ട്രാഫിക് പോലീസിനെ നിയമിക്കണമെന്നുള്ള സ്കൂൾ അധികൃതരുടെ ആവശ്യം നാളിതുവരെ നടപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സ്കൂൾ ഉണ്ടെന്നുള്ള മുന്നറിയിപ്പ് ബോർഡ് കാട് കയറി ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത അവസ്ഥയിലാണ്.വിദ്യാർത്ഥികളുടെ സുരക്ഷക്കായി നടപ്പാതയും സുരക്ഷാ വേലിയും നിർമ്മിക്കണമെന്നും ട്രാഫിക് പോലീസിനെയുൾപ്പെടെ ഉള്ള സംവിധാനങ്ങൾ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ലോൺ ലൈസൻസ് – സബ്സീഡി മേള 24 ന്

മൈനാഗപ്പള്ളി. വ്യവസായ വകുപ്പും മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടി പ്പിക്കുന്ന ലോൺ – ലൈസൻസ് – സബ്സീഡി മേള 24-08- 2022 ബുധനാഴ്ച പകൽ 10:30 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.എം സെയ്ദ് ഉദ്ഘാടനം നിർവ്വഹിക്കും. വ്യവസായ സംരംഭ ങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ലോൺ ലൈസൻസ് സബ്സീഡി എന്നിവ ലഭ്യമാക്കുന്ന തിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിവിധ ബാങ്ക് പ്രതിനിധികളും വ്യവസായ വകുപ്പ് ഉദ്യേഗസ്ഥരും മേളയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് : 8075654714

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുടുംബ/വ്യക്തിഗത/ ഗ്രൂപ്പ് പ്രോജക്ടുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

മൈനാഗപ്പള്ളി. ഗ്രാമപ്പഞ്ചായത്തിന്റെ 2022-23 വാർഷികപദ്ധതിയിലെ കുടുംബ /വ്യക്തിഗത/ഗ്രൂപ്പ് പ്രോജക്ടുകളുടെ ഗുണഭോക്താക്കളെ തിരഞ്ഞടുക്കുന്നതിന് അപേക്ഷ വിതരണം ആരംഭിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം സൗജന്യമായി അങ്കണവാടികളിൽനിന്നു ലഭിക്കും www.lsgkerala.in/mynagappallypanchayat എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായി ഡൗൺലോഡും ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ 25 വരെ അങ്കണവാടിക ളിൽ തിരികെ സ്വീകരിക്കുമെന്ന് പ്രസിഡന്റ്‌ പി. എം സെയ്ദും സെക്രട്ടറി സി. ഡെമാസ്റ്റനും അറിയിച്ചു.

28-ാം ഓണ ഉല്‍സവം, കെട്ടുകാഴ്ചകളുടെ ഉയരവും വീതിയും നല്‍കി റജിസ്റ്റര്‍ ചെയ്യണം

ഓച്ചിറ. ഈ വർഷത്തെ 28-ാം ഓണമഹോത്സവത്തിനു വിവിധ കാളകെട്ടുസമിതികളിൽ നിന്നും നന്ദികേശന്മാരെ കെട്ടി അവതരിച്ചു പരബ്രഹ്മസന്നിധിയിലേക്ക് കൊണ്ടുവരുമ്പോള്‍ കൊല്ലം ജില്ലാ ഭരണകൂടത്തിന്റെ കൂടി തീരുമാനപ്രകാരം കരകളിൽ നിന്നു കൊണ്ടുവരുന്ന നന്ദികേശന്മാരുടെ ഉയരം, വീതി എന്നിവ രേഖപ്പെടുത്തി ക്ഷേത്ര സമിതി നൽകുന്ന ഫോമിൽ 01.09.2022-നു മുൻപ് ക്ഷേത്ര | ഭരണസമിതി ആഫീസിൽ ഫീസ് ഒടുക്കി രജിസ്റ്റർ ചെയ്യണം.

ഒന്നാം തീയതി വരെ ലഭിയ്ക്കുന്ന അപേക്ഷ പ്രകാരമുള്ള കെട്ടുകാളകൾക്ക് മാത്രമേ ജില്ലാ കൂടം ക്ഷേത്രത്തിലേക്ക് പ്രവേശനത്തിനുള്ള അനുമതി നൽകുകയുള്ളൂ എന്ന് അറിയിച്ചു. കൂടാതെ എല്ലാ കെട്ടുസമിതികളും അതാത് പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ പേരുവിവരങ്ങൾ നൽകണമെന്നും അറിയിക്കുന്നു.

മണിയാര്‍ ഗവ.യു.പി.സ്‌കൂളില്‍ നാട്ടറിവ് ദിനാചരണം
പുനലൂര്‍: ലോക നാട്ടറിവ് ദിനത്തിന്റെ ഭാഗമായി മണിയാര്‍ ഗവ.യു.പി.സ്‌കൂളില്‍ നടന്ന പഴയകാല കാര്‍ഷിക ഉപകരണങ്ങളുടേയും ഗൃഹോപകരണങ്ങളുടേയും പ്രദര്‍ശനം ശ്രദ്ധേയമായി. ചരിത്ര വസ്തുക്കളുടെ ശേഖരം സൂക്ഷിക്കുന്ന വിവിധ സ്ഥലങ്ങളില്‍ നിന്ന് ഉപകരണങ്ങള്‍ സ്‌കൂളിലെത്തിച്ച് കുട്ടികള്‍ക്കായി പ്രദര്‍ശനം സംഘടിപ്പിക്കുകയായിരുന്നു.
സ്‌കൂള്‍ കുട്ടികളും വീടുകളില്‍ നിന്ന് പ്രദര്‍ശന വസ്തുക്കള്‍ എത്തിച്ചു. കലപ്പ, നുകം, മരം, പറ, ചങ്ങഴി, പക്ക, നാഴി, മുറം, കുട്ട, വട്ടി, കുട്ടുകം, കുടം, പരമ്പ് ,താളിയോല, മെതിയടി, തൊപ്പിക്കുട, വിളക്കുകള്‍, കോളാമ്പി

മണിയാര്‍ ഗവ.യു.പി.സ്‌കൂളില്‍ നടന്ന നാട്ടറിവ് ദിനാചരണത്തില്‍ നിന്ന്

തുടങ്ങി പഴയ കാല സംസ്‌കാരം കുട്ടികളില്‍ എത്തിക്കാന്‍ കഴിയുന്ന 300 ല്‍ അതികം ഉപകരണങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിവിധ ക്ലാസുകളിലെ കുട്ടികള്‍ ഇവയെക്കുറിച്ച് പ്രദര്‍ശനം കാണാനെത്തിയവര്‍ക്ക് വിശദീകരിച്ചു. ചരിത്ര ശേഷിപ്പുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കാന്‍ ഈ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് ഹെഡ്മാസ്റ്റര്‍ സി. ജയപ്രകാശ് അഭിപ്രായപ്പെട്ടു. ഇതോടൊപ്പം തന്നെ സ്‌കൂളില്‍ സംരക്ഷിക്കുന്ന ഇരുന്നൂറോളം ഔഷധചെടികളും കുട്ടികളെ പരിചയപ്പെടുത്തി. അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ നാട്ടറിവ് പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി.