വരുന്നു, കരുനാഗപ്പള്ളിയിൽ വഴിയോര വിശ്രമ കേന്ദ്രങ്ങൾ

Advertisement

കരുനാഗപ്പള്ളി . നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന വഴിയോര വിശ്രമകേന്ദ്രങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി ടൗണിൽ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് തുടക്കമായി. മാർക്കറ്റ് റോഡിൽ സപ്ലൈകോയ്ക്ക് സമീപം സ്ഥാപിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു.

വൈസ് ചെയർപേഴ്സൺ സുനിമോൾ അധ്യക്ഷയായി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ പി മീന സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർമാരായ പടിപ്പുര ലെത്തീഫ് , അഷിത എസ് ആനന്ദ്, മഹേഷ് ജയരാജ്, റജി ഫോട്ടോപാർക്ക്, പുഷ്പാംഗദൻ, എം എസ് ശിബു, മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു. നഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കായി വിശ്രമ കേന്ദ്രം, കോഫി ഷോപ്പ്, ടോയ്ലറ്റ് സംവിധാനങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് പദ്ധതി. നവകേരള മിഷൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള ഈ പദ്ധതി നഗരത്തിലെ നാലു കേന്ദ്രങ്ങളിൽ കൂടി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭ അധികൃതർ പറഞ്ഞു.

അനുദിനം നഗരവൽക്കരണത്തിലേക്ക് മാറികൊണ്ടിരിക്കുന്ന കരുനാഗപ്പള്ളി നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാകും ലഘു വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുക. ദേശീയപാതാ വികസനംകൂടി വരുന്നതോടെ നഗരവാസികൾക്ക് പദ്ധതി ഏറെ സഹായകമായി മാറും.കരുനാഗപ്പള്ളി നഗരസഭയുടെ വാർഷിക പദ്ധതി വിഹിതത്തിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യത്തെ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

ചിത്രം: കരുനാഗപ്പള്ളി നഗരത്തിൽ സ്ഥാപിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കുന്നു.