പുസ്തകോത്സവം നാളെ മുതല്‍ 31 വരെ

Advertisement

കൊല്ലം. ജില്ലാ ലൈബ്രറി വികസന സമിതിയുടെ ആഭിമുഖ്യത്തിലുള്ള പുസ്തകോത്സവം നാളെ (ഓഗസ്റ്റ് 27) മുതല്‍ 31 വരെ കൊല്ലം ബോയ്സ് ഹൈസ്‌കൂള്‍ മൈതാനത്ത് ഒരുക്കിയ സുഗതകുമാരി നഗറില്‍ നടക്കും. പുസ്തകോത്സവം ഉദ്ഘാടനം 27 ന് ഉച്ചയ്ക്ക് രണ്ടിന് എഴുത്തുകാരന്‍ ജി.ആര്‍. ഇന്ദുഗോപന്‍ നിര്‍വഹിക്കും.

മേയര്‍ പ്രസന്ന ഏണസ്റ്റ് ഭദ്രദീപം തെളിയിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയല്‍ ആദ്യ പുസ്തക വില്പന നടത്തും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. പി.കെ.ഗോപന്‍ മുഖ്യപ്രഭാഷണം നടത്തും. എസ്. നാസര്‍ വായനോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഏറ്റവും കൂടുതല്‍ ഗ്രന്ഥാലോകം വരിക്കാരെ ചേര്‍ത്ത ഗ്രന്ഥശാലയ്ക്കുള്ള പുരസ്‌ക്കാരം ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു വിതരണം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണന്‍ അദ്ധ്യക്ഷനാകും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ സി. ബാള്‍ഡുവിന്‍, എം. സലീം, ജില്ലാ സെക്രട്ടറി ഡി. സുകേശന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എന്‍. ഷണ്‍മുഖദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.