മയക്കുമരുന്നു കേസ് പ്രതികളെ കാണുന്നത് വിലക്കിയതിന് പൊലീസിനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Advertisement

കൊല്ലം. പൊലീസ് പിടികൂടിയ മയക്കുമരുന്നു കേസ് പ്രതികളെ കാണാനെത്തിയവർ കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനില്‍
അക്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സൈനികൻ്റെ നേതൃത്വത്തിലാണ് പൊലീസുകാരെ ആക്രമിച്ചത്. കയ്യിൽ കിടന്ന ഇടിവള കൊണ്ടിടിച്ച് പൊലീസുകാരനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

സ്റ്റേഷനിലെ എഎസ്ഐ പ്രകാശനെ സൈനികനും സുഹൃത്തും ആക്രമിച്ചതായാണ് പരാതി. കയ്യിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ തല അടിച്ചുപൊളിക്കുകയായിരുന്നു. എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയതായിരുന്നു സൈനികനും സുഹൃത്തും. കേസിൽ
ചവറ കൊട്ടുകാട് സ്വദേശികളായ സൈനികൻ വിഷ്ണു, വിഗ്നേശ് എന്നിവരെ അറസ്റ്റ് ചെയ്തു.
ദമ്പതികൾ ഉൾപ്പെട്ട മയക്ക് മരുന്ന് സംഘത്തേയാണ് കിളികൊല്ലൂർ പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്.

പാല്‍ക്കുളങ്ങര സ്വദേശി അവിനാഷ്, പുന്തലത്താഴം സ്വദേശി അഖില്‍ ശശിധരന്‍, പേരൂര്‍ സ്വദേശി അജു മന്‍സൂര്‍ ,ഭാര്യ ബിന്‍ഷ എന്നിവരെ കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് മയക്ക് മരുന്നുമായി പിടികൂടിയത്. ഇവരെ കാണാനെത്തിയതായിരുന്നു സൈനികനും, സുഹൃത്തും എന്നാൽ പ്രതികളെ കാണാൻ അനുവദിക്കാത്തയോടെയാണ് സ്റ്റേഷനിലെ റൈറ്റർ കൂടിയായ പ്രകാശനെ അക്രമിച്ചത് .
തലയ്ക്ക് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement