കൊട്ടാരക്കര ഗവ.ആശുപത്രിയിൽ തിരക്കോടുതിരക്ക്, ഒ.പി ടിക്കറ്റ് എടുക്കാൻ,ഡോക്ടറെ കാണാൻ,മരുന്ന് വാങ്ങാൻ ക്യൂ നിൽക്കേണ്ടത് മണിക്കൂറുകൾ

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെടുത്തുന്നവർ തിരക്കുമൂലം വലയുന്നു.ഒ.പി വിഭാഗത്തിൽ ദിവസവും എത്തുന്ന ആയിരക്കണക്കിനാളുകളാണ് വലയുന്നത്.രാവിലെ ഒ.പി ടിക്കറ്റ് കൗണ്ടറിലെ നീണ്ട ക്യൂ തന്നെ ചികിത്സ തേടിയെത്തുന്നവരുടെ അസുഖം ഇരട്ടിപ്പിക്കും.

മണിക്കൂറുകളോളം നിന്ന് ഒപി ടിക്കറ്റെടുത്ത് ഡോക്ടറുടെ അടുത്തെത്തിയാൽ അവിടെയും രോഗികളുടെ വലിയ നിര തന്നെ. ഇതിനിടയിൽ ഡോക്ടർ ഐ.പി വാർഡിലേക്ക് പോകുന്നതു മൂലം രോഗികൾ കാത്തുനില്‍ക്കും. പലപ്പോഴും രോഗികൾ ബി.പി. കൂടിയും കുറഞ്ഞും കുഴഞ്ഞു വീഴുന്നതും പതിവ് കാഴ്ചയാണ്.ഈ സാഹസമെല്ലാം കഴിഞ്ഞാൽ മരുന്ന് വാങ്ങാൻ ഫാർമസിയിലേക്ക്. ഇവിടെയാണ് രോഗികൾ യഥാർത്ഥ ദുരിതം നേരിടുന്നത്.സ്ത്രീകൾക്കും പുരുഷന്മാർക്കുമായി കുടുസുമുറിയിലാണ് ഫാർമസി പ്രവർത്തിക്കുന്നത്. വൃദ്ധരും ഗർഭിണികളും കുട്ടികളുമെല്ലാം ദുരിതമനുഭവിക്കുകയാണ്. നിന്നു തിരിയാൻ ഇടമില്ലാത്ത ഇവിടെയാണ് ആശുപത്രിയിലെ സാധനങ്ങൾ സൂക്ഷിക്കുന്നതും.

മരുന്ന് വാങ്ങാനെത്തുന്നവരുടെ നിര വെയിലും മഴയും അവഗണിച്ച് പുറത്തേക്ക് നീളും.
ഫാർമസിയിലെ മുഴുവൻ കൗണ്ടറും തുറക്കാൻ മടിക്കുന്നതും വിനയാകുന്നു. മണിക്കൂറുകൾ ക്യൂ നിന്ന് എത്തിയാൽ മിക്ക മരുന്നുകളും ഫാർമസിയിൽ നിന്നും ലഭിക്കാറുമില്ല.എന്നാൽ ഇവയെല്ലാം ഇവിടെ തന്നെയുള്ള സർക്കാർ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വിലയ്ക്ക് ലഭിക്കാറു ണ്ടെന്ന് രോഗികൾ പറയുന്നു.ആധുനിക രീതിയിലുള്ള നിരവധി കൂറ്റൻ കെട്ടിടങ്ങൾ ഉയരുന്നുണ്ടെങ്കിലും മരുന്ന് പോലും കിട്ടാതെ സാധാരണക്കാരായ രോഗികൾ മടങ്ങുകയാണ്.