മാർത്താണ്ഡവർമയുടെ പടക്കളരി

Advertisement

കരുനാഗപ്പള്ളിരേഖകൾ -15

ഡോ. സുരേഷ്മാധവ്
ടനായർകുളത്തിൽ മുങ്ങികുളിച്ച്, കുളക്കരയിലുള്ള മഹാദേവനെതൊഴുത് പടക്കളരിയിലേക്ക് ചേട്ടനൊപ്പം ശീഘ്രം കുതിരപ്പുറത്ത് പാഞ്ഞുപോകുന്നഒരു ബാലൻ പതിനെട്ടാം നൂറ്റാണ്ടിലെ കരുനാഗപ്പള്ളിയുടെ ഹൃദയത്തിലുണ്ട്. ആ മണ്ണിലെ പടക്കളരികളിൽ പയറ്റുവിദ്യകൾ അഭ്യസിച്ച ആ രാജകുമാരൻ പിന്നീട് ദക്ഷിണേന്ത്യയുടെ ധീരചരിത്രത്തിന്റെ ഭാഗമായിത്തീർന്നു.

ആധുനികതിരുവിതാംകൂറിന്റെ ശില്പി എന്നു വിശേഷിപ്പിക്കപ്പെട്ട അനിഴം തിരുനാൾ മാർത്താണ്ഡവർമ (1705-1758)യാണത്.
തൃപ്പാപ്പൂർ മൂത്തതിരുവടി നടുനീങ്ങിയപ്പോൾ (1704)കോലത്തുനാട്ടിൽ നിന്ന് ദത്തെടുക്കപ്പെട്ടിരുന്ന ആദിത്യവർമ രാജാവാകാൻ ആഗ്രഹിച്ചു. കരുനാഗപ്പള്ളിയിലെ മാടമ്പിമാർ അതിനെതിരായിരുന്നു. കരുനാഗപ്പള്ളിസ്വരൂപത്തിലെ രാജാവായ കയ്മൾ, മാടമ്പിമാരുടെ ഭീഷണി ഭയന്ന് കായംകുളം കൊട്ടാരത്തിൽ ഒളിച്ചുതാമസിക്കുകയും കായംകുളം രാജാവിന്റെ അനന്തരവനെ കരുനാഗപ്പള്ളിയിലേക്ക് ദത്തെടുക്കുന്നതിനുള്ള ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു. ഇത് മാടമ്പിമാരെ ചൊടിപ്പിച്ചു.കൊച്ചി രാജാവിന്റെ മധ്യസ്ഥതയിൽ മാടമ്പിമാരും കരുനാഗപ്പള്ളി കയ്മളുമായി സമാധാനഉടമ്പടിയിലെത്തി. മാടമ്പിമാരുടെ പിന്തുണയോടെ ആറ്റിങ്ങൽ ഇളയറാണിയെയും രണ്ട് ആൺമക്കളെയും1707ൽ കരുനാഗപ്പള്ളി രാജാവ് ദത്തെടുത്തു.1715ൽ കാർത്തിക തിരുനാൾ ഇളയറാണി കരുനാഗപ്പള്ളിയിൽ പുതുഭരണത്തിന് തുടക്കം കുറിക്കുമ്പോൾ, രണ്ടാമത്തെ പുത്രനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ(1705-1758)യ്ക്ക് ഒമ്പതു വയസ്സ്.

തലശ്ശേരിയിൽ നിന്ന് ദത്തെടുക്കപ്പെട്ട രാജകുമാരൻ 1722ൽ കരുനാഗപ്പള്ളിയുടെ ചുമതല ഏറ്റതോടെ കരുനാഗപ്പള്ളിപ്പള്ളി റാണി ആറ്റിങ്ങലേയ്ക്ക് തിരിച്ചുപോയി.1707മുതൽ 1722വരെ കരുനാഗപ്പള്ളിയിലാണ് കൊച്ചു മാർത്താണ്ഡവർമ വളർന്നത്. തദ്ദേശീയരായ നാടുവാഴികളെ പരിഗണിക്കാതെ ദത്തു വരുന്നവർ ഭരണം പിടിക്കുന്ന രീതി മാടമ്പിമാർക്ക് ഹിതമല്ലായിരുന്നു. അവർ ഇതിനെ എതിർത്തു. കരുനാഗപ്പള്ളിമാടമ്പിമാർ രാജാക്കന്മാർക്കെതിരെ തിരിഞ്ഞു.1729ൽ മാർത്താണ്ഡവർമ ഭരണത്തിലേറിയപ്പോൾ മാടമ്പിമാരെ ഒതുക്കാൻ തുടങ്ങി.

കരുനാഗപ്പള്ളി -കല്ലട യുദ്ധങ്ങൾ അരങ്ങേറിയ കാലയളവിൽ (1732-34)മാർത്താണ്ഡവർമ പണ്ടാരതുരുത്തും കായംകുളവും പിടിച്ചെടുത്തു. അക്കാലത്തു വീണ്ടും ആറ്റിങ്ങൽ ഇളയറാണി കരുനാഗപ്പള്ളി ഭരിച്ചു.1740 മെയ് മാസത്തിൽ ഡച്ച് -ദേശിങ്ങനാട് സഖ്യം കരുനാഗപ്പള്ളി ആക്രമിക്കാനെത്തിയപ്പോൾ, കരുനാഗപ്പള്ളി റാണി തെക്കുംകൂർ നെടുമ്പ്രം ക്ഷേത്രത്തിൽ അഭയം തേടി.1740ൽ കരുനാഗപ്പള്ളി ഭരിക്കാൻ വേണ്ടി കൊച്ചി രാജകുടുംബത്തിൽ നിന്ന് രണ്ടുപേരെ ഇളയിടത്തു റാണി ദത്തെടുത്തു. കൊച്ചിയും തിരുവിതാംകൂറും തമ്മിൽ സന്ധി ചെയ്തതോടെ മാടമ്പിമാർക്ക് നിൽക്കകള്ളിയില്ലാതായി. കരുനാഗപ്പള്ളിയിൽ വേരുറപ്പിച്ച മാർത്താണ്ഡവർമ ശത്രുക്കളായ മാടമ്പിമാരെ നിഷ്ക്കാസനം ചെയ്യുകയും കൊച്ചു മൂത്തത് എന്നയാളെ അധികാരിയാക്കുകയും ചെയ്തു.1758ൽ നാടുനീങ്ങുന്നതു വരെയും മാർത്താണ്ഡവർമ്മയുടെമേൽനോട്ടം കരുനാഗപ്പള്ളിയിലുണ്ടായിരുന്നു. ന്യൂ ഹോഫ്, പി. ശങ്കുണ്ണിമേനോൻ, എൻ. ശിവശങ്കരൻനായർ തുടങ്ങിയവരുടെ രചനകളിൽ മാർത്താണ്ഡവർമയുടെ കരുനാഗപ്പള്ളിബന്ധം വിശദമായിപറയുന്നുണ്ട്

Advertisement