പത്തനാപുരം: പത്തനാപുരം കടയ്ക്കാമണ്ണിന് സമീപം ചെലവന്നൂര്‍ പടിയില്‍ കണ്ണൂരില്‍ നിന്നും പുനലൂരിലേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. ഗുരുതരമായി പരിക്കേറ്റ സഹയാത്രികനായ എലിക്കാട്ടൂര്‍ സ്വദേശി അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ട് മണിയോടെ പുനലൂര്‍-മൂവാറ്റുപുഴ പാതയിലാണ് സംഭവം. പുനലൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ഷെമീര്‍ മന്‍സിലില്‍ മുഹമ്മദ് നിഷാദ് (18)ആണ് മരണപ്പെട്ടത്. തലയ്ക്കു പരിക്കേറ്റ നിഷാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ചങ്ങനാശ്ശേരിയില്‍ മൊബൈല്‍ ടെക്‌നോളജി പഠിക്കാന്‍ അഡ്മിഷന്‍ എടുത്തത്. ഇവിടേക്ക് പോകും വഴിയാണ് അപകടം നടന്നന്നത്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കുഴിയെടുത്തതിന്റെ മണ്‍കൂനയാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. മണ്‍കൂനയില്‍ കയറാതെ ബൈക്ക് ഒഴിച്ചപ്പോഴാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.