ബാങ്ക് ലോക്കറില്‍ നിന്നും ആറ് പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

Advertisement

ഓയൂര്‍: കാനറ ബാങ്കിന്റെ പൂയപ്പള്ളി ശാഖയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആറ് പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. ഓയൂര്‍ വട്ടപ്പാറ സ്വദേശിയായ താഹയുടെ ലോക്കറില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ പായ്ക്കറ്റ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ബാങ്ക് മാനേജര്‍ മറ്റൊരു ഇടപാടുകാരന് ലോക്കറിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് കൊടുക്കുന്നതിനിടയിലാണ് മറ്റൊരു ലോക്കര്‍ തുറന്നു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് ലോക്കറിന്റെ ഉടമയെ വിവരം അറിയിക്കുകയും ഇദ്ദേഹം ബാങ്കിലെത്തി ലോക്കര്‍ പരിശോധിക്കുകയായിരുന്നു. ഒരു കവറില്‍ സൂക്ഷിച്ചിരുന്ന രണ്ട് വളകളും ചെറു കമ്മലുകളുമടക്കം ആറ് പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Advertisement