ശാസ്താംകോട്ട :മന്ത്രിസഭാ പുന:സംഘടനയിൽ കണ്ണുംനട്ട് കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ.ശക്തമായ മത്സരത്തിലൂടെ അഞ്ചാം തവണയും എംഎൽഎ ആയ അദ്ദേഹത്തെ മന്ത്രി സഭാ പുന:സംഘടനയിലെങ്കിലും പരിഗണിക്കണമെന്ന ആവശ്യം ശക്തമായി ഉയർത്താനുള്ള
നീക്കത്തിലാണ് ഒരു വിഭാഗം ആർഎസ്പി (ലെനിനിസ്റ്റ് ) നേതാക്കൾ.തന്റെ പാർട്ടിയായ ആർഎസ്പി (ലെനിനിസ്റ്റ് ) യെ മുന്നണിയിൽ എടുക്കണമെന്നും അഞ്ചാം തവണയും എംഎൽഎ യായ തന്നെ മന്ത്രിയാക്കണമെന്നുമുള്ള കുത്തുമോന്റെ ആവശ്യം നേരത്തെ തന്നെ എൻഡിഎഫ് നേതൃത്വം തള്ളിക്കളഞ്ഞിരുന്നു.രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിയാകുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന അദ്ദേഹം അതിനായി നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല.മന്ത്രി പദവി ലഭിച്ചില്ലെങ്കിൽ സ്പീക്കർ,ഡെപ്യൂട്ടി സ്പീക്കർ,ചീഫ് വിപ്പ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.എന്നാൽ അവയും ലഭിച്ചില്ല.
ഇക്കുറി സജി ചെറിയാൻ രാജി വച്ച ഒഴിവിൽ ഏതെങ്കിലും ഒരു വകുപ്പ് നൽകി മന്ത്രിയാക്കുമെന്ന പ്രതീക്ഷ വച്ചു പുലർത്തുന്നുണ്ട്. മന്ത്രി എം.വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ അദ്ദേഹവും രാജിവയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.ഈ സാഹചര്യത്തിലാണ് മന്ത്രി പദം കുഞ്ഞുമോൻ വീണ്ടും ലക്ഷ്യമിടുന്നത്.എന്നാൽ കണ്ണൂരിൽ നിന്നും ആലപ്പുഴയിൽ നിന്നുമുള്ള എംഎൽഎമാർക്കാണ് ഇതിനുള്ള സാധ്യത എന്നിരിക്കെ കുത്തുമോൻ കുടുതൽ സമ്മർദ്ദം ചെലുത്താനും സാധ്യതയില്ല.അഞ്ചാം തവണയും ശക്തമായ മത്സരത്തിലൂടെ വിജയിച്ചു കയറിയ തനിക്ക് മന്ത്രിസഭയിൽ അർഹമായ പരിഗണന നൽകണമെന്ന ആവശ്യത്തിലാണ് അദ്ദേഹം.
എന്നാൽ കുഞ്ഞുമോന് അർഹമായ പരിഗണന നൽകാൻ എൽഡിഎഫ് തയ്യാറാകാത്തത് കുന്നത്തൂരിനോടുള്ള അവഗണനയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.അതിനിടെ മന്ത്രിസഭാ പുന:സംഘടനയിൽ കോവൂർ കുഞ്ഞുമോനെ പരിഗണിക്കാൻ യാതൊരു സാധ്യതയില്ലെന്നും അത്തരമൊരു ആവശ്യം ഇതുവരെ അവർ മുന്നോട്ടുവച്ചിട്ടില്ലെന്നും മുതിർന്ന സിപിഎം നേതാവ് വ്യക്തമാക്കി.