ജില്ലാ ആശുപത്രിയില്‍ തീപിടിത്തം, മോക്ഡ്രില്ല് നടത്തി
കൊല്ലം: അടിയന്തര സാഹചര്യങ്ങളിലെ സുരക്ഷാ പാഠങ്ങളുമായി എ.എ. റഹിം മെമ്മോറിയല്‍ ജില്ലാ ആശുപത്രിയില്‍ ഫയര്‍ ഫോഴ്സ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ മോക് ഡ്രില്‍ സംഘടിപ്പിച്ചു.
ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ അനക്‌സ് വാര്‍ഡില്‍ തീ പിടിത്ത അറിയിപ്പ് ജീവനക്കാര്‍ നല്‍കി. തുടര്‍ന്ന് അപകട അലാറം മുഴക്കുകയും വാര്‍ഡില്‍ ഉണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും താഴെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
മുകള്‍നിലയില്‍ കുടുങ്ങി പോയ കിടപ്പ് രോഗിയെ താഴെ എത്തിച്ചു. തുടര്‍ന്ന് രോഗികളെ വേഗത്തില്‍ അടുത്തു സജ്ജീകരിച്ചിരുന്ന വാര്‍ഡിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ഉടന്‍ തന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജീവനക്കാര്‍, ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യര്‍ത്ഥികള്‍ തുടങ്ങിയവര്‍ മോക് ഡ്രില്ലില്‍ പങ്കെടുത്തു.
കാൽ കോടി രൂപയുടെ ഓണം ആനുകൂല്യങ്ങൾ നൽകി ആനയടി ക്ഷീര സംഘം
ആനയടി:ക്ഷീര കർഷകർക്ക് 25 ലക്ഷം രൂപയുടെ ഓണം ആനുകൂല്യങ്ങൾ നൽകി ആനയടി ക്ഷീരോല്പാദക സഹകരണ സംഘം മാതൃകയായി.1500 രൂപ വിലയുള്ള ഓണക്കിറ്റ്,ബോണസ്,ഓണ കൈ നീട്ടം എന്നിവയാണ്

വിതരണം ചെയ്തത്.സംഘം പ്രസിഡന്റ് വി.വേണുഗോപാലക്കുറുപ്പ് ഉത്ഘാടനം നിർവ്വഹിച്ചു.സെകട്ടറി ബിനുകുമാർഭരണ സമിതി അംഗങ്ങളായ മോഹനൻ പിള്ള, പ്രസന്നൻ പിളള,ബിജു, രാജേന്ദ്രൻ, സരസ്വതി,രാജേശ്വരി തുടങ്ങിയവർ സംസാരിച്ചു.
കല്ലടയാറ്റിൽ നിരോധനം ലംഘിച്ച് അനധികൃത മണൽവാരൽ തകൃതി
ശാസ്താംകോട്ട : കല്ലടയാറ്റിൽ നിരോധനം ലംഘിച്ച് അനധികൃത മണൽവാരൽ വ്യാപകമാകുന്നതായി പരാതി.രാത്രികാലങ്ങളിലാണ് മണൽവാരൽ തകൃതിയായിരിക്കുന്നത്.
ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടർന്ന് വർഷങ്ങളായി കല്ലടയാറ്റിലെ മണൽവാരൽ നിരോധിച്ചിരിക്കയാണ്.ഇതിനാൽ മണൽ വാരി ഉപജീവനം നടത്തിവന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളും തൊഴിലില്ലാതെ വലയുമ്പോഴാണ് അനധികൃത മണൽ മാഫിയ ദിവസവും ലക്ഷങ്ങൾ സമ്പാദിക്കുന്നത്.

ഏനാത്ത് പാലം മുതൽ കുന്നത്തൂർ പാലം വരെയും അതിന് തെക്കോട്ട് ചീക്കൽകടവ് പാലം,കടപുഴ പാലം വരെയുള്ള ഭാഗത്താണ് അനധികൃത മണൽവാരൽ നടക്കുന്നത്.ബലക്ഷയം മൂലം അപകട ഭീഷണി നേരിടുന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള കുന്നത്തൂർ പാലം ഭാഗത്ത് മണൽവാരൽ അതിരൂക്ഷമാണ്.നിരോധനം നിലവിൽ വരുന്നതിനു മുമ്പേ അപകട ഭീഷണി മുൻനിർത്തി ഇവിടെ പാലത്തോടു ചേർന്ന് മണൽവാരൽ തടഞ്ഞിരുന്നതാണ്.2018 ലെ മഹാപ്രളയം മുതൽ കല്ലടയാറ്റിൽ വൻതോതിൽ മണൽ അടിഞ്ഞുകൂടിയിട്ടുണ്ട്.ചില ഭാഗങ്ങളിൽ മണൽ തിട്ടവരെ രൂപപ്പെട്ടതായാണ് വിവരം.
രാത്രികാലങ്ങളിൽ വാരുന്ന മണൽ സമീപ പുരയിടങ്ങളിൽ എത്തിച്ച് കടത്തുകയാണ് പതിവ്.പാത ഒരുക്കുന്നതിന് വസ്തു ഉടമകൾക്ക് വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് പണം ലഭിക്കാറുണ്ട്.ചിലർ മണൽ വാരി പുഴയോട് ചേർന്നുള്ള ഇഷ്ടിക ഫാക്ടറികളിലെ ചെളിക്കുഴികളിൽ നിക്ഷേപിക്കുകയും പിന്നീട് കടത്തുകയുമാണ് രീതി. കല്ലടയാറിനോട് ചേർന്നുള്ള തിട്ടയിടിച്ചും മണൽ വാരൽ തകൃതിയാണ്.ഇതിനാൽ മഴക്കാലത്ത് കരഭൂമി ആറ്റിലേക്ക് ഇടിഞ്ഞു താഴുകയാണ്.കുന്നത്തൂർ തോട്ടത്തുംമുറി മൂന്നാം കിഴക്കതിൽ കടവ് ഭാഗത്ത് ഏക്കർ കണക്കിന് ഭൂമിയാണ് ഓരോ മഴക്കാലത്തും കർഷകർക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.പോലീസ് – റവന്യൂ അധികൃതർക്ക് പരാതി നൽകിയാലും രക്ഷയില്ല.പലപ്പോഴും വിവരങ്ങൾ മണൽ മാഫിയക്ക് ചോർന്നു കിട്ടുന്നതും നിത്യസംഭവമാണ്.പരാതികൾ രൂക്ഷമാകുമ്പോൾ നാടകം കളിക്കാനിറങ്ങുന്ന പോലീസ് വിവരം മുൻകൂട്ടി മാഫിയ സംഘത്തെ അറിയിക്കുന്ന രീതിയും നിലവിലുണ്ട്.പോലീസിന്റെ വരവ് അറിയിക്കാൻ പ്രധാന ഭാഗങ്ങളിലെല്ലാം എസ്കോർട്ട് സംഘവും ഉണ്ടാകും.
അതിനിടെ അനധികൃത മണൽ വാരൽ രൂക്ഷമായ പുത്തനമ്പലം റോഡിലെ ആലുംകടവിൽ ആറ്റിലേക്ക് വാഹനങ്ങൾ എത്താനുള്ള പാതയിൽ ശാസ്താംകോട്ട എസ്.എച്ച് ഒ അനൂപിന്റെ നേതൃത്വത്തിൽ ഒരു മാസം മുമ്പ് വാരിക്കൂഴി തീർത്തിരുന്നു.എന്നാൽ ഈ കുഴികൾ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് നികത്തിയ ശേഷം വാഹനങ്ങളിൽ മണൽ കടത്തുകയാണ്.ശാസ്താംകോട്ട, പുത്തൂർ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലായതിനാൽ പോലീസ് ഇവിടേക്ക് ശ്രദ്ധിക്കാറില്ലെന്ന് പറയപ്പെടുന്നു.
യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഇന്നലെ രാത്രി 7 ന് കോളേജ് ജംങ്ഷന് സമീപം ട്രാക്കിലാണ് മൃതദേഹം കണ്ടത്. നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഈസ്റ്റ് പോലീസ് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.
ഇരു വൃക്കകളും തകരാറിലായ കണ്ണമം സ്വദേശിയായ വിജയകുമാറിന് ഭരണിക്കാവിലെ ഓട്ടോ തൊഴിലാളികളുടെ സഹായഹസ്തം
ഭരണിക്കാവ്:ഇരു വൃക്കകളും തകരാറിലായ വിജയകുമാറിന് ഭരണിക്കാവിലെ ഓട്ടോ തൊഴിലാളികളുടെ സഹായഹസ്തം.സ്വാന്തനം സൗഹൃദ ആട്ടോ കൂട്ടായ്മയാണ് സഹായം നൽകിയത്.ഇത് മൂന്നാം തവണയാണ് കൂട്ടായ്മ ധനസഹായം നൽകുന്നത്.

ശൂരനാട് വടക്ക് കണ്ണമം സ്വദേശിയാായ വിജയകുമാറിന് 50,000 രൂപയുടെ ചെക്കാണ് കൈമാറിയത്.ശാസ്താംകോട്ട സബ് ഇൻസ്‌പെക്ടർ പ്രവീൺ വിജയകുമാറിന്റെ ബന്ധുക്കൾക്ക് ചെക്ക് കൈമാറി.
കരുനാഗപ്പള്ളി ചിറ്റുമൂല റെയിൽവേ മേൽപ്പാലം യഥാർഥ്യമാകുന്നു.
കരുനാഗപ്പള്ളി. ചിറ്റൂമൂല റെയിൽവേ മേൽപ്പാലം നിർമാണത്തിന് അന്തിമ അനുമതി ലഭിച്ചതായി സി ആർ മഹേഷ് എം എൽ എ അറിയിച്ചു. മേൽപ്പാലം നിർമാണത്തിനായി തയ്യാറാക്കി നൽകിയ റെയിൽവേ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് (ജി എ ഡി )റെയിൽവേ അംഗീകരിച്ചു ഉത്തരവായി. ചിറ്റുമൂല റെയിൽവേ മേൽപ്പാല നിർമാണത്തിനായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചിരുന്നു.

പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനു 9.48കോടി അനുവദിച്ചട്ടുണ്ട്. കൃഷി വകുപ്പിന്റെ 8.01ആർ ഭൂമിയും, തദ്ദേശ വകുപ്പിന്റെ 0.80ആർ ഭൂമിയും കൈമാറുന്നതിനുള്ള നടപടി പുരോഗമിച്ചു വരുന്നു. പദ്ധതി ക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ പ്രെക്രിയ പൂർത്തീകരിക്കുന്ന മുറക്ക് ടെൻഡർ നടപടി ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചതായി എം എൽ എ അറിയിച്ചു.
സംരക്ഷണഭിത്തി തകർന്നു: വീട് അപകടാവസ്ഥതിൽ
പൂയപ്പള്ളി: കഴിഞ്ഞ കുറെ ദിവസങ്ങളായി പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മയയിൽ പൂയപ്പള്ളി മൈലോട് കരിങ്കൽ കെട്ട് പൊളിഞ്ഞ് വീട് അപകടാവസ്ഥയിൽ. മൈലോട് ജയന്തി കോളനിയിൽ അനഘഭവനിൽ വി ആർ രാജുവിന്റെ വീടിന്റെ പിൻഭാഗത്തെ സംരക്ഷണഭിത്തിയാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

വീടിന്റ അടുക്കളേയേ 15 ചേർന്നുള്ള എട്ടടിയോളം ഉയരമുള്ള കരിങ്കൽ അടുക്കിയ സംരക്ഷണഭിത്തി ഇടിഞ്ഞ തോടെ വീട് അപകടാവസ്ഥയിലാവുകയും മഴ തുടങ്ങുകയാണെങ്കിൽ വീട് നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ദിത്തി തകർന്നതോടെ അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പൂയപ്പള്ളി പഞ്ചായത്ത്, വില്ലേജ് അധികൃതർ ഇടപെട്ട് ഈ നിർദ്ധന കുടുംബത്തിെന്റെ വീടിന് സംരക്ഷണഭിത്തി നിർമ്മിച്ചു കൊടുക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണം.
ലഹരി വില്‍പ്പനയ്‌ക്കെതിരെ
ഏരൂര്‍ പോലീസിന്റെ വ്യാപക പരിശോധന
അഞ്ചല്‍: ഓണത്തോട് അനുബന്ധിച്ചുള്ള ലഹരി വില്‍പ്പന തടയുന്നതിനായി ഏരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാപക റെയ്ഡ്. മുന്‍പ് അബ്കാരി കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ വരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും റെയ്ഡ് നടന്നത്. പോലീസിന്റെ റെയ്ഡില്‍ എക്‌സൈസ് വകുപ്പും പങ്കെടുത്തു.
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് വിളക്കുപാറ നന്ദനം വീട്ടില്‍ സന്തോഷിനെ (51) അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും ലഹരി വില്പന നടത്തിയത് വഴി ലഭിച്ച 70,000 രൂപയും പിടിച്ചെടുത്തു. ഏരൂര്‍ സിഐ എം. ജി. വിനോദ്, എസ്‌ഐ എസ്. ശരലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

മില്‍മ പാര്‍ലര്‍ പ്രവര്‍ത്തനമാരംഭിച്ചു
പട്ടാഴി: ക്ഷീരവികസന മേഖലയില്‍ കര്‍ഷകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പട്ടാഴി ഗ്രാമപഞ്ചായത്തിലെ പന്തപ്ലാവില്‍ മില്‍മ പാര്‍ലര്‍ പ്രവര്‍ത്തനമാരംഭിച്ചു. പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അശോകന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പന്തപ്ലാവ് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ പാര്‍ലറില്‍ എല്ലാ മില്‍മാ ഉത്പന്നങ്ങളും ലഭിക്കും.
കുളത്തൂപ്പുഴ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു
കുളത്തൂപ്പുഴ: വില്ലേജ് ഓഫീസുകളെ ആധുനീകരിച്ച് പൊതുജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കുളത്തൂപ്പുഴ വില്ലേജ് ഓഫീസും സ്മാര്‍ട്ടാകുന്നു. പൊതുജനങ്ങള്‍ക്ക് സുതാര്യവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുകയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ലക്ഷ്യം. 44 ലക്ഷം രൂപയാണ് ചെലവ്. വിശാലമായ ഹാള്‍, വില്ലേജ് ഓഫീസര്‍ക്കുള്ള മുറി, വികലാംഗര്‍ക്ക് പ്രത്യേക റാമ്പ് സൗകര്യം, ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പ്രത്യേക മുറി, ശുചിമുറി, ലോക്കര്‍ റൂം സൗകര്യങ്ങളാണ് ഒരുക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവുമുണ്ട്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ അതിവേഗം ലഭ്യമാക്കുന്നതിന് ഓഫീസ് പൂര്‍ണമായും കമ്പ്യൂട്ടര്‍വത്ക്കരിക്കും. നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ഭക്തി നിർഭരമായി വിനായക ചതുർഥി ആഘോഷം
കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ വിനായക ചതുർഥി ആഘോഷങ്ങളിൽ ആയിരങ്ങൾ പങ്കാളികളായി. രാവിലെ 5 മണിക്ക് 1008 നാളികേരകൂട്ട് ഉപയോഗിച്ചുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം ക്ഷേത്രം തന്ത്രി തരണല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കർമികത്വത്തിൽ നടന്നു.
വൻ ഭക്ത ജനതിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഒൻപത് മണിയോടെ ഗജ പൂജയ്ക്കും ആനയൂട്ടിനു മായി ഏഴു ഗജവീരൻമാരെ പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ നിന്നും സ്വീകരിച്ചു. ഗണപതി നടയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഗജ പൂജ , ആനയൂട്ട് ചടങ്ങുകൾക്ക് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഗജ പൂജ, ആനയൂട്ട് ചടങ്ങുകൾ നടന്നു. ഗണേശോത്സവം സ്വാഗതസംഘം പ്രസിഡന്റ് അജിത് എസ് വിനായക ചടങ്ങുകൾക്ക് അധ്യക്ഷനായി.
വൈകിട്ട് അഞ്ച് മണിക്ക് 11 ഗജവീരന്മാരുടെ അകമ്പടിയോടെ ഘോഷയാത്ര നടന്നു.
ഗതാഗതനിയന്ത്രണം നീട്ടി
ആയൂര്‍: കൊല്ലം ആയൂര്‍ റോഡില്‍ മണിച്ചിത്തോട് മുതല്‍ അയത്തില്‍ വരെയുള്ള റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഇതു വഴിയുള്ള ബസ്, ലോറി മുതലായ വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം സെപ്റ്റംബര്‍ ആറ് വരെ നീട്ടി. കണ്ണനല്ലൂര്‍ ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അയത്തില്‍ നിന്നും തിരിഞ്ഞു കല്ലുംതാഴം വഴിയും കൊല്ലത്ത് നിന്ന് കണ്ണനല്ലൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കൊല്ലം പള്ളിമുക്ക് യൂനുസ് എന്‍ജിനീയറിങ് കോളേജ് വഴി അയത്തില്‍ റോഡില്‍ പ്രവേശിച്ചും പോകണം.
ഐ.ടി.ഐ പ്രവേശനം
കൊട്ടാരക്കര: കൊട്ടാരക്കര സര്‍ക്കാര്‍ ഐടിഐയില്‍ വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക് പ്രവേശത്തിന് അപേക്ഷിച്ച 240 വരെ ഇന്‍ഡക്സ് മാര്‍ക്കുള്ള ജനറല്‍, ഈഴവ, മുസ്ലിം, ഒബിഎച്ച്, എല്‍സി, എസ്‌സി വിഭാഗത്തില്‍പ്പെട്ടവരും 230 വരെ ഇന്‍ഡക്സ് മാര്‍ക്കുള്ള ഇഡബ്ല്യൂഎസ്, ഒബി.എക്സ് വിഭാഗത്തില്‍പ്പെട്ടവരും ജവാന്‍, എസ്.ടി വിഭാഗത്തില്‍പെട്ടവരും ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഐടിഐയിലെത്തി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0474 2462345, 9446787536.

സര്‍ട്ടിഫിക്കറ്റ് വിതരണം
കൊട്ടാരക്കര: 2014 മുതല്‍ 2022 ഫെബ്രുവരി വരെ നടന്ന കെ. ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം സെപ്റ്റംബര്‍ ഒന്നു മുതല്‍ മൂന്നു വരെ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. പരീക്ഷാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിന് ഹാള്‍ ടിക്കറ്റ് സഹിതം എത്തണം.
ഐറ്റിഐ പ്രവേശനം
ചടയമംഗലം: ചടയമംഗലം സര്‍ക്കാര്‍ ഐടിഐയിലെ രണ്ടാംഘട്ട പ്രവേശനം സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. അര്‍ഹരായവരുടെ റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മൊബൈല്‍ സന്ദേശവും അയച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ സെപ്റ്റംബര്‍ ഒന്നിനും ആണ്‍കുട്ടികള്‍ സെപ്റ്റംബര്‍ രണ്ടിനും രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ടിസി, ഫീസ്, മറ്റ് അനുബന്ധ രേഖകള്‍ സഹിതം ഐറ്റിഐയില്‍ ഹാജരാകണം.