സ്കൂട്ടറിൽ പോയ അധ്യാപികയെ കാറിടിച്ച് വീഴ്ത്തി:അപകടം വരുത്തിയത് വനിതാ ഡോക്ടർ ഓടിച്ച കാർ;നിർത്താതെ പോയ കാർ കണ്ടെത്തിയത് ഒരാഴ്ചയ്ക്ക് ശേഷം

Advertisement

ശാസ്താംകോട്ട: കാർ സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിർത്താതെ പോയ കാർ പോലീസ് കണ്ടെത്തിയത് 10 ദിവസത്തിനു ശേഷം.ശാസ്താംകോട്ട ഡിവൈഎസ്പി പ്രശ്നത്തിൽ ഇടപെട്ട ശേഷമാണ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് കാർ കണ്ടെത്താൻ പോലീസ് തയ്യാറായത്.

മൈനാഗപ്പള്ളി പ്ലാന്തറ പുത്തൻ വീട്ടിൽ അജി കുര്യന്റെ ഭാര്യയും ഏഴാംമൈൽ സെന്റ്.തോമസ് സ്കൂൾ അധ്യാപികയുമായ സോണി അജി(47) ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.കഴിഞ്ഞ 21ന് രാവിലെ 9.55ന് ഭരണിക്കാവ് പത്മാവതി ആശുപത്രി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം.ഭരണിക്കാവിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന സോണിയെ അതേ ദിശയിൽ വരികയായിരുന്ന കാറാണ് ഇടിച്ചുതെറിപ്പിച്ചത്.റോഡിൽ തെറിച്ചു വീണ ഇവരെ ഗൗനിക്കാതെ കാർ നിർത്താതെ പോകുകയായിരുന്നു.ഓടിക്കൂടിയ വ്യാപാരികളും ഓട്ടോ തൊഴിലാളികളുമാണ് സോണിയെ
തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചത്.പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.അപകടത്തിന് ഇടയാക്കിയ കാർ ഓടിച്ചിരുന്നത് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ ആയിരുന്നു.ഡോക്ടർ പദവി പോലും മറന്ന് പ്രഥമ ശുശ്രൂഷ പോലും നൽകാൻ തുനിയാതെ വാഹനവുമായി പോയതാണ് ആക്ഷേപമായത്.

അപകടത്തെ കുറിച്ച് പോലീസിലും റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ല.പിന്നീട് അപകടത്തെ കുറിച്ച് സോണിയുടെ ഭർത്താവ് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കാർ കണ്ടെത്താൻ നടപടി ഉണ്ടായില്ല.ഇതേ തുടർന്നാണ് ഡിവൈഎസ്പി ക്ക് പരാതി നൽകിയത്.

അദ്ദേഹത്തിന്റെ നിർദേശപ്രകാരം പോലീസ് നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് അപകടം വരുത്തിയ കാർ കണ്ടെത്തുകയായിരുന്നു.തുടർന്ന് അപകടം വരുത്തിയ കാർ ഡ്രൈവറായിരുന്ന വനിതാ ഡോക്ടറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.വെള്ളിയാഴ്ച സോണിയുടെ വിശദമായ മൊഴിയെടുക്കുമെന്ന് സൂചനയുണ്ട്.

Advertisement