ശാസ്താംകോട്ട : ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തും സംയുക്തമായി ചേർന്ന് സ്കൂൾ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ജൂഡി തോമസിന്റെ അനുസ്മരണദിനത്തിൽ നൂറു പാലിയേറ്റിവ് കെയർ രോഗികൾക്ക് ഓണക്കിറ്റും ഓണപുടവയും വിതരണം നടത്തി.
പത്തനംതിട്ട ഭദ്രാസനം ബിഷപ്പ് മോസ്റ്റ്. റവറന്റ് ശാമൂവൽ മാർ ഐറീനിയോസിന്റെ മുഖ്യകർമികത്വത്തിൽ സ്കൂൾ ചാപ്പലിൽ ദിവ്യബലി നടത്തി.
സ്കൂൾ വിദ്യാർത്ഥികളെല്ലാം അവർക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപികയുടെ സ്മാരകത്തിൽ പൂക്കൾ അർപ്പിച്ചു.സ്കൂളിന്റെ ആദ്യകാലം മുതൽ അധ്യാപികയായിരുന്ന ജൂഡി തോമസ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സജീവസാനിധ്യമായിരുന്നു.

സ്കൂൾ ഡയറക്ടർ ഫാദർ ഡോ. ജി എബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ ശാസ്താം കോട്ട ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അൻസർ ഷാഫി ഉദ്ഘാടനം നിർവഹിച്ചു. സ്റ്റേറ്റ് സ്കൂൾ ടെക്സ്റ്റ് ബുക്ക് കമ്മറ്റിയംഗം ശ്രീ. എബി പാപ്പച്ചൻ, പി. ടി. എ പ്രസിഡന്റ് ആർ. ഗിരികുമാർ എന്നിവർ അനുസ്മരണപ്രസംഗം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആർ. ഗീത, ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.അനിൽ തുമ്പോടൻ,വിദ്യാഭ്യാസ ആരോഗ്യസ്റ്റാൻഡിങ് കമ്മറ്റി ചെയർ മാൻ എ. സജിത എന്നിവർ
ശാസ്താംകോട്ട പഞ്ചായത്തിലെ നൂറോളം കിടപ്പുരോഗികൾക്ക് ഓണക്കിറ്റും, ഓണപ്പുടവയും വിതരണം ചെയ്തു. സ്കൂൾ സെക്രട്ടറി ജോജി. ടി. കോശി കൃതജ്ഞത പറഞ്ഞു. സ്കൂൾ പ്രിൻസിപ്പാൾ ബോണി ഫേഷ്യ വിൻസെന്റ്, പി. ടി. എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
