അഞ്ചല്‍: അറയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വാളകം ശാഖയില്‍ മോഷണ ശ്രമം. ബാങ്ക് കെട്ടിടത്തിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വളം ഡിപ്പോയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളും ഷട്ടറും തകര്‍ത്ത നിലയിലാണ്. കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള നിര്‍മ്മാണത്തൊഴിലാളി കള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും കൊണ്ടുവന്ന പിക്കാസും റബ്ബര്‍ ടാപ്പിംഗ് കത്തിയും ഇവിടെ നിന്നും കണ്ടെത്തി. മോഷണ ശ്രമം സെക്യൂരിറ്റി ജീവനക്കാരന്‍ അറിഞ്ഞില്ല. ഏതാനും ആഴ്ച മുമ്പ് ഈ വളം ഡിപ്പോയുടെ തൊട്ടടുത്ത മുറിയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡിന്റെ ഔട്ട്‌ലറ്റില്‍ രാത്രിയില്‍ തീപിടുത്തമുണ്ടാകുകയും അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം ബാങ്കിനുണ്ടാകുകയും ചെയ്തിരുന്നു. അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി സമീപത്തെ സിസിക്യാമറാ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍ ബാങ്കില്‍ തീപിടുത്തവും മോഷണശ്രമവും ഉണ്ടായിട്ടും വിഷയത്തെ നിസ്സാരവല്‍ക്കക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് സഹകാരികളും നാട്ടുകാരും ആരോപിക്കുന്നു.