കൊല്ലം: തേക്കിന്‍കുരു ശ്വാസനാളത്തില്‍ കുടുങ്ങിയ നായക്കുട്ടിക്ക് പുതുജന്മം. കരുനാഗപ്പള്ളി വെറ്റ്‌സ് ആന്‍ഡ് പെറ്റ്‌സ് മള്‍ട്ടിസ്‌പെഷ്യാലിറ്റി പെറ്റ് ഹോസ്പിറ്റലിലാണ് മൃഗങ്ങളിലെ അപൂര്‍വമായ ചികിത്സ നടത്തിയത്. ഓച്ചിറ പ്രയാര്‍ പാലശ്ശേരില്‍ വിച്ചുവിന്റെ അരുമയായ ചാര്‍ളി എന്ന ലാബ്രഡോര്‍ ഇനത്തില്‍പെട്ട മൂന്നുമാസം പ്രായമായ ആണ്‍നായക്കുട്ടിയെയാണ് തേക്കിന്‍കുരു ശ്വാസനാളത്തില്‍ പെട്ട നിലയില്‍ ശ്വാസതടസ്സം നേരിട്ട് മരണാസന്നനായി ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ശ്വാസനാളത്തില്‍ എന്തോ വസ്തു കുടുങ്ങി ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പിന്നീട് സര്‍ജന്‍ ഡോ. വിപിന്‍ പ്രകാശിന്റെ നേതൃത്വത്തില്‍ നടത്തിയ സങ്കീര്‍ണമായ എന്‍ഡോസ്‌കോപ്പിക്ക് റിട്രീവലിലൂടെ നായക്കുട്ടിയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു.