പാരിപ്പള്ളി: പ്രണയിച്ച് വിവാഹമുറപ്പിച്ച വധൂവരന്‍മാര്‍ വിവാഹ തലേന്ന് വഴക്കിട്ടു പിരിഞ്ഞു. ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിലും ഏറ്റുമുട്ടലിലും വരന്റെ പിതാവിന് പരിക്കേറ്റു.
പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയും നാവായിക്കുളം വെട്ടിയറ സ്വദേശിയും തമ്മില്‍ ഞായറാഴ്ച നടക്കാനിരുന്ന വിവാഹമാണ് തര്‍ക്കം കാരണം മുടങ്ങിയത്. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് ഇരു വീട്ടുകാരുടെയും സമ്മത പ്രകാരം വിവാഹ നിശ്ചയം നടത്തി വിവാഹം ഉറപ്പിച്ചിരുന്നു. ഇതിന് ശേഷം വിദേശത്ത് പോയ യുവാവ് വിവാഹത്തിനായാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച മെഹന്തി ഇടല്‍ ചടങ്ങിനായി യുവതിയുടെ വീട്ടിലെത്തിയ യുവാവുമായി യുവതി തര്‍ക്കത്തിലായെന്നും, മധ്യസ്ഥ ശ്രമവുമായി ഇരുവീട്ടുകാരും കിഴക്കനേലയിലെ ബന്ധുവീട്ടില്‍ ഒത്തുകൂടി ചര്‍ച്ച നടത്തി വരവേയാണ് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചത്. യുവാവിന്റെ പിതാവിനെ പരിക്കേറ്റ നിലയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവീട്ടുകാരുടെയും പരാതിയില്‍ പാരിപ്പള്ളി പോലീസ് കേസെടുത്തു.