കൊല്ലം പ്രാദേശിക ജാലകം

Advertisement

റോഡ് കുളമാക്കി ജലവിഭവ വകുപ്പ്; നാട്ടുകാർക്ക് വഴി മുടങ്ങി

ചവറ: ചവറ – ശാസ്താംകോട്ട മെയിൻ റോഡിൽ നിന്നും പുതുശ്ശേരിക്കോട്ട ജുമുഅ മസ്ജിദിലേക്ക് പോകുന്ന പഞ്ചായത്ത് റോഡ് ജലവിഭവ വകുപ്പ് വെട്ടിക്കുഴിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. ആറുമുറിക്കട തൈക്കാവിന് സമീപം മെയിൻറോഡിൽ നിന്നും ആരംഭിയ്ക്കുന്ന പഞ്ചായത്ത് റോഡിൻ്റെ ഭാഗമാണ് കുടിവെള്ള പദ്ധതിക്കായി വെട്ടിപൊളിച്ചത്. ദിനേന നൂറുക്കണക്കിനാളുകളാണ് ഈ റോഡിനെ ആശ്രയിയ്ക്കുന്നത്.

റോഡിൻ്റെ തുടക്കഭാഗം തന്നെ വലിയ ഗർത്തം പോലെയാക്കിട്ടതോടെ സ്കൂൾ ബസുകളും ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ട് കറങ്ങിപോകേണ്ട സ്ഥിതിയാണ്. റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കി നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആർ. എസ്. പി സംസ്ഥാന കമ്മിറ്റി അംഗം കോക്കാട്ട് റഹീം, ലോക്കൽ കമ്മിറ്റി സെക്രട്ടറി താജ് പോരൂക്കര, വാഴയിൽ അസീസ് എന്നിവർ അറിയിച്ചു.

കുറിശേരി ഗോപാലകൃഷ്ണപിള്ളയെ ആദരിക്കും

കോവൂര്‍. അധ്യാപക ദിനത്തോടനുബന്ധിച്ച് കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ സംസ്‌കൃത പണ്ഡിതനും കവിയും അധ്യാപകനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ളയെ ആദരിക്കും. രാവിലെ 8.30ന് ആണ് പരിപാടി.

വിശ്വസാഹിത്യകാരൻ കാളിദാസന്റെ മുഴുവൻ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവർത്തകനാണ് സംസ്കൃത പണ്ഡിതനും കവിയുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള , പന്മനയിൽ സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായ വിദ്വാൻ കുറിശേരി നാരായണപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി ജനിച്ചു. പന്മന ഭട്ടാരക വിലാസം സംസ്കൃത സ്കൂളിലും തിരുവനന്തപുരം രാജകീയ സംസ്കൃത കോളജിലുമായി വിദ്യാഭ്യാസം. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ അധ്യാപകനായി ജോലി.


വിരമിച്ച ശേഷം സാഹിത്യ പ്രവർത്തനത്തിൽ സജീവമായി. വൈകി വിടർന്ന പൂവ് (കവിതാ സമാഹാരം), ഹന്ത ഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ), കാളിദാസ കൈരളി (വിവർത്തനം) , വിരഹി (മേഘസന്ദേശ പരിഭാഷ), ഭാഷാ കാളിദാസ സർവ്വസ്വം ക്രാളിദാസ കൃതികൾ സംപൂർണം), മൃഛകടികം (വിവർത്തനം) എന്നിവ കൃതികൾ
ഈവി സാഹിത്യ പുരസ്കാരം (2013) , ധന്വന്തരീ പുരസ്കാരം, എന്നിവ നേടി

അരിനല്ലൂര്‍ ഗ്രാന്മ വായനശാല നേതൃത്വത്തില്‍ കുറിശേരി ഗോപാലകൃഷ്ണപിള്ളയെ തിങ്കളാഴ്ച വൈകിട്ട് 4.30ന് ആദരിക്കും
ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്‌റ് എസ് ശശികുമാര്‍,ചരിത്രകാരന്‍ ഡോ സുരേഷ് മാധവ്,കവികളായ മനു എം ജി, എം സങ്, ശാസ്താംകോട്ട ഭാസ്‌,പൊതു പ്രവര്‍ത്തകരായ എസ് ദിലീപ്കുമാര്‍,ഡോ കെ ബി ശെല്‍വമണി എന്നിവര്‍ പങ്കെടുക്കും.

ഇക്കോ സ്റ്റോൺ പദ്ധതി ലോകത്തിനു തന്നെ മാതൃക :അൻസു ഷറഫ്

പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനും ഉപയോഗ ശേഷമുള്ളതിനെ ക്രിയാത്മകമായി പുനരുപയോഗിക്കുന്നതിനും ഉത്തമ മാതൃകയാണ് ഇക്കോ സ്റ്റോൺ പദ്ധതിയെന്ന് ജെ സി ഐ ഇന്ത്യയുടെ ദേശീയ പ്രസിഡന്റ്‌ ജെ എഫ് എസ്‌ അൻഷു സറഫ് അഭിപ്രായപ്പെട്ടു. ജെ സി ഐ ശാസ്താംകോട്ടയുടെ ഈ വർഷത്തെ സുസ്ഥിര വികസന ആയ ഇക്കോ സ്റ്റോൺ പദ്ധതി ശാസ്താംകോട്ട ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഉത്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്കൂൾ കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി വീടുകളിൽ എത്തുന്ന പ്ലാസിക് കവറുകൾ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളിലാക്കി ബ്രിക്സുകളായി ഉപയോഗിച്ച് കൊണ്ട് തണൽ മരത്തറയും ഗാർഡനും മറ്റും നിർമ്മിക്കുന്ന പദ്ധതിയാണ് ഇക്കോ സ്റ്റോൺ.ജെ സി ഐ യുടെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്കിലെ പത്തിൽ പരം സ്കൂളുകളിൽ ഈ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

ജെ സി ഐ ശാസ്താംകോട്ടയുടെ പ്രസിഡന്റ് എൽ. സുഗതൻ അധ്യക്ഷനായിരുന്നു.സോൺ പ്രസിഡന്റ് മനു ജോർജ് മുഖ്യ അതിഥി ആയിരുന്നു. സോൺ നേതാക്കന്മാരായ നിധിൻ കൃഷ്ണ, അഷറഫ് ഷെരീഫ്,സുധീഷ്, ദിലീഷ് മോഹൻ, എസ്വിൻ അഗസ്റ്റിൻ, ആർ കൃഷ്ണകുമാർ, എം സി മധു, എന്നിവർ സംസാരിച്ചു.

ഡോ. ജയശ്രീ സ്വാഗതം പറഞ്ഞ യോഗത്തിൽ പദ്ധതിയുടെ കോർഡിനേറ്റർ എസ്‌. ദിലീപ് കുമാർ പദ്ധതി വിശദീകരിച്ചു.സെക്രട്ടറി വിജയകുറുപ്പ് നന്ദി പറഞ്ഞു.ചടങ്ങിൽ പദ്ധതി സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ നേതൃത്വം കൊടുത്ത ഹെഡ്മിസ്ട്രസ് ആർ സിന്ധുവിനെ ആദരിച്ചു.

ഭാരത് ജോ ഡോ യാത്ര ഭവന സന്ദർശനത്തിന് തുടക്കമായി
ശാസ്താംകോട്ട: രാഹുൽ ഗാന്ധി നയി ക്കുന്ന ഭാരത് ജോ ഡോ യാത്രയുടെ ഭാഗമായി ഭവന സന്ദർശനത്തിനും ഫണ്ട് പിരിവിനും ശാസ്താംകോട്ട ബ്ലോക്കിൽ തുടക്കമായി. ബ്ലോക്ക് തല ഉദ്ഘാടനം മൈനാഗപ്പള്ളി കിഴക്ക് മണ്ഡലത്തിൽ വേങ്ങ വടക്ക് ഏഴാം വാർഡിൽ ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ, ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് വിദ്യാരംഭംജയകുമാർ, എസ്.രഘുകുമാർ , ചിറക്കു മേൽ ഷാജി, കൊയ് വേലി മുരളി, വേങ്ങ വഹാബ്, മുളവൂർ സതീശ്, ശശിധരൻ പിള്ള ,മുളവൂർ ശങ്കരപിള്ള,മുരളീധരൻ പിള്ള , സരസ എന്നിവർ പങ്കെടുത്തു.

പടിഞ്ഞാറെ കല്ലടയിൽ വേറിട്ട ഓണാഘോഷം

പടിഞ്ഞാറെക്കല്ലട. ഈ വർഷത്തെഓണാഘോഷം ഏറെ മാതൃകപരമായി നടത്തും. സെപ്റ്റംബർ 5ന് നൂറോളം പാലിയേറ്റീവ്രോഗികൾക്ക് ഓണക്കോടിയും ഭക്ഷ്യക്കിറ്റും നൽകും.
സെപ്റ്റംബർ 6ന് 84വയസ്സ് തികഞ്ഞ പഞ്ചായത്തിലെ മുഴുവൻ വയോജനങ്ങൾക്കും (സർവീസ് പെൻഷൻ വാങ്ങുന്നവർ ഒഴികെ )ഓണക്കോടി നൽകും. കല്ലട പോലെ അവികസിത മേഖലയിൽ ജനിച്ചും ഇവിടെ എത്തിയും കഠിനപ്രയത്നത്തിലൂടെ ജീവിച്ച് ആയിരം പൂർണചന്ദ്രൻമാരെ ദർശിക്കാൻ കഴിഞ്ഞ വയോജനങ്ങളെയാണ് ഓണക്കോടി നൽകി ആദരിക്കുന്നത്.

വെസ്റ്റ് കല്ലട ഹയർ സെക്കന്ററിസ്കൂൾ ഹാളിൽ കൂടുന്ന ചടങ്ങ് കോവൂർ കുഞ്ഞുമോൻ mla ഉത്ഘാടനം ചെയ്യും. ആദരിക്കൽ ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ ദാനിയേൽ ഉത്ഘാടനം ചെയ്യും.. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ ഡോ. പി. കെ. ഗോപൻ, അനിൽ എസ് കല്ലേലിഭാഗം, ബ്ലോക്ക്പഞ്ചായത്ത്‌ പ്രസിഡന്റ് അൻസാർ ഷാഫി, ജില്ലാപ്ലാനിംഗ് കമ്മറ്റിയിലെ ഗവണ്മെന്റ് നോമിനി എം. വിശ്വനാഥൻ, പ്ലാനിങ് ഓഫീസർ ആമിനബീവി എന്നിവർ ഓണക്കോടി വിതരണം ചെയ്യും.

ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ വൈ. ഷാജഹാൻ, വി. രതീഷ്, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ. സുധീർ, ഉഷാലയം ശിവരാജൻ, അംബികകുമാരി എന്നിവരും പഞ്ചായത്ത്‌ അംഗങ്ങളും പഞ്ചായത്ത്‌ സെക്രട്ടറി, അസി :സെക്രട്ടറി, സി. ഡി. എസ് ചെയർപേഴ്സൺ, എന്നിവരും ആശംസകൾ നേരും. പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിക്കുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ്‌ എൽ. സുധ, സ്വാഗതവും ഐ. സി. ഡി. എസ് സൂപ്പർവൈസർ വിശ്വലക്ഷ്മി നന്ദിയും പറയും.

ഓണാഘോഷത്തിന് വിലപന നടത്തുന്നതിനായി വൻതോതിൽ ചാരായ വാറ്റ്

പ്രതി അറസ്റ്റിൽ

കരുനാഗപ്പള്ളി:-ഓണാഘോഷം മുന്നിൽകണ്ട് വില്പന നടത്തുന്നതിനായി വീട്ടിൽ വാറ്റി സൂക്ഷിച്ചിരുന്ന 23 ലിറ്റർ ചാരായവും 70 ലിറ്റർ കോടയും പിടികൂടി. കരുനാഗപ്പള്ളി, അയണിവേലികുളങ്ങര,തുളസീദളം രതീഷ് ഭവനത്തിൽ ബിനീഷ് (40) നെയാണ് കുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ബിനീഷിന്റെ വീട്ടിൽ കോടയും മറ്റും കലക്കി ചാരായം വാറ്റുന്നതായുള്ള രഹസ്യവിവരം കിട്ടയതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.

ഇതിനോടൊപ്പം വാറ്റുന്നതിനുപയോഗിച്ച വലിയ പാത്രങ്ങളും ഗ്യാസ് സ്റ്റൗവും മറ്റും പിടികൂടിയിട്ടുണ്ട്. ഓണാഘോഷവുമായി ബന്ധപ്പെട്ട് വീര്യം കൂടിയ മദ്യം വലിയവിലയ്ക്കു വിറ്റ് വൻ ലാഭം കൊയ്യാനാണ് ഇത്തരം സംവിധാനങ്ങൾ ഒരുക്കിയത്. മുൻപും ഇയാൾ പ്രത്യേക അവസരത്തിലും മറ്റും ഇത്തരത്തിൽ ചാരായം വാറ്റി വില്പന നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടുണ്ട് സമീപവാസികൾക്ക് സംശയം തോന്നാതിരിക്കാനായി വീട്ടിനുള്ളിലെ കിടപ്പുമുറിയിലെ ബാത്ത് റൂമിലെ വെന്റിലേഷനും ഡോറും ക്ലോസ്സ് ചെയ്തായിരുന്നു ചാരായം വാറ്റിയത്. രാത്രി സമയങ്ങളിലാണ് വീട്ടിനുള്ളിൽ സജ്ജീകരിച്ച വാറ്റുപകരണങ്ങൾ ഉപയോഗിച്ച് ചാരായം വാറ്റിയിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാറ്റിയെടുത്ത് സൂക്ഷിച്ചിരുന്ന ചാരായമാണ് ഇപ്പോൾ പിടികൂടിയത്.

തുടർന്നും വാറ്റുന്നതിനായി സംഭരിച്ചിരുന്ന കോടയിൽ നിന്നും ഏകദേശം നൂറ് ലിറ്ററോളം ചാരായം വാറ്റി വിൽക്കാനായി ഉദ്ദേശിച്ചിരുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് IPS നു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ (SHO G.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്സ്.ഐ.മാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ . രാധാകൃഷ്ണപിള്ള, ജി. എസ്സ്. ഐ മാരായ രാജേന്ദ്രൻ, ശരത് ചന്ദ്രൻ ഉണ്ണിത്താൻ, എ. എസ്സ്. ഐ മാരായ ഷാജിമോൻ നന്ദകുമാർ എസ്സ്. സി പി ഒ മാരായ മനുലാൽ, രാജീവ് സി.പി. മാരായ മനോജ്, ഹാഷിം, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി വരും ദിവസങ്ങളിലും ശക്തമായ റെയ്ഡുകൾ തുടരുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.

Advertisement