കുറിശ്ശേരി ഗോപാലകൃഷ്ണപിള്ളയെ കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗൺസില്‍ നേതൃത്വത്തിൽ ആദരിച്ചു

Advertisement

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും വിവിധ ഗ്രന്ഥശാലകളുടേയും നേതൃത്വത്തിൽ അധ്യാപകദിനം സമുചിതമായി ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പ്രശസ്ത സംസ്കൃത പണ്ഡിതനും, അധ്യാപകനും, വിവർത്തകനും , കവിയുമായ കുറിശ്ശേരി ഗോപാലകൃഷ്ണപിള്ളയെ ആദരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി അംഗം ഡോ. പി കെ ഗോപനാണ് ആദരിച്ചത്.

വിശ്വസാഹിത്യകാരൻ കാളിദാസന്റെ മുഴുവൻ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവർത്തകനാണ് സംസ്കൃത പണ്ഡിതനും കവിയുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള. കാളിദാസന്റെ അറിയപ്പെട്ട ഏഴ് കൃതികൾ പൂർണമായി മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത് ആദ്യമായാണെന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ പറയുന്നുണ്ട്. അഭിജ്ഞാനശാകുന്തളം, കുമാര സംഭവം, മേഘസന്ദേശം, മാളവികാഗ്നിമിത്രം, രഘുവംശം, വിക്രമോർവശീയം, ഋതുസംഹാരം എന്നിവയാണ് കാളിദാസ കൃതികൾ . ഇവ അനുഷ്ടുഫ് വൃത്തത്തിൽ ലഘുപദ്യരൂപത്തിലാണ് രചിച്ചിരിക്കുന്നത്. വലിയ അർത്ഥതലങ്ങളുള്ള മഹാശ്ലോകങ്ങൾ പോലും ലഘു രൂപത്തിൽ ഒറ്റവായനയിൽ ആർക്കും മനസിലാക്കാവുന്ന രൂപത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

പന്മനയിൽ സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായ വിദ്വാൻ കുറിശേരി നാരായണപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി കുറിശേരി ഗോപാലകൃഷ്ണപിള്ള ജനിച്ചത്. പന്മന ഭട്ടാരക വിലാസം സംസ്കൃത
സ്കൂളിലും തിരുവനന്തപുരം രാജകീയ സംസ്കൃത കോളജിലുമായി വിദ്യാഭ്യാസം. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ അധ്യാപകനായി ജോലി.വിരമിച്ച ശേഷം സാഹിത്യ പ്രവർത്തനത്തിൽ സജീവമായി. വൈകി വിടർന്ന പൂവ് (കവിതാ സമാഹാരം), ഹന്ത ഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ), കാളിദാസ കൈരളി (വിവർത്തനം) , വിരഹി (മേഘസന്ദേശ പരിഭാഷ), ഭാഷാ കാളിദാസ സർവ്വസ്വം ക്രാളിദാസ കൃതികൾ സംപൂർണം), മൃഛകടികം (വിവർത്തനം) എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികൾ.
ഈവി സാഹിത്യ പുരസ്കാരം (2013) , ധന്വന്തരീ പുരസ്കാരം, എന്നിവ നേടിയിട്ടുണ്ട്.

താലൂക്ക് പ്രസിഡന്റ് ആർ അജയൻ അധ്യക്ഷനായിരുന്നു. എസ് ശശികുമാർ, മനു വി കുറുപ്പ്, ഗിരിജ ടീച്ചർ, രാജശേഖര വാര്യർ തുടങ്ങിയവർ പങ്കെടുത്തു.


Advertisement