കുന്നത്തൂരിൽ യുവാക്കൾക്ക് നേരെ ആന പാപ്പാൻ നടത്തിയത് സിനിമാ സ്റ്റൈൽ ആക്രമണം:ആനയെ ഓണാഘോഷ പരിപാടിക്ക് ഇറക്കിയ പാരലൽ കോളേജ് പ്രിൻസിപ്പാളും കസ്‌റ്റഡിയിൽ

Advertisement

കുന്നത്തൂർ: കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ ഇന്ന്(തിങ്കൾ) പകൽ 2.30 ഓടെ ആന പാപ്പാൻ നടത്തിയ ആക്രമണം നാടിന് ഞെട്ടലായി.പുത്തനമ്പലം ഹരി ഭവനിൽ ഹരികുമാർ (34),തിരുവാതിരയിൽ ഷിജിത്ത് (36) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഹരികുമാറിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും ഷിജിത്തിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും മാറ്റി.സ്കൂൾ ബസ് ഡ്രൈവറാണ് ഹരികുമാർ.

ആനയുമായി പാപ്പാന്‍ നടത്തിയ സംഘര്‍ഷാവസ്ഥ

ഇന്ന് ഉച്ചയോടെ കോന്തപ്പള്ളിമുക്കിൽ നടന്ന വാഹനാപകടത്തെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന.ഇവിടെ നിന്നും ഇരുകൂട്ടരും പോർവിളി നടത്തിയാണ് നെടിയവിള ജംഗ്ഷനിലേക്ക് എത്തിയത്.മുൻപേ എത്തിയ ആന പാപ്പാൻ പിന്നാലെ എത്തിയ വാഹനം തടഞ്ഞുനിർത്തി ഹരിയെയും ഷിജിത്തിനെയും ആക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.കത്താൾ പോലെയുള്ള ആയുധം ഉപയോഗിച്ച് ഹരിയുടെ പുറത്തും കൈകളിലും വെട്ടുകയായിരുന്നു.ഹരിയുടെ കഴുത്തിൽ വെട്ടവേ കൈ കൊണ്ട് ഷിജിത്ത് തടഞ്ഞതു കൊണ്ടാണ് അനിഷ്ടസംഭവം ഒഴിവായത്.ഇതിനാൽ ഷിജിത്തിന്റെ വലതു കൈയിലെ വിരലുകൾക്കാണ് ഗുരുതരമായി പരിക്കേറ്റു.

ഇതിനു ശേഷം ആയുധവുമായി പോർവിളി നടത്തിയതായും പറയപ്പെടുന്നു.ഇതിനു ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായത്.
പിന്നീട് പരിക്കേറ്റവരുടെ സുഹൃത്തുകൾ പ്രതിയായ ആന പാപ്പാനെ മർദ്ദിച്ചതായും പരാതിയുണ്ട്.അതിനിടെ നെടിയവിള ജംഗ്ഷനിലെ ഒരു ട്യൂട്ടോറിയൽ കോളേജിലെ ഓണാഘോഷത്തിന്റെ ഭാഗമായി ആനയെ എത്തിച്ച് ഫോട്ടോ ഷൂട്ട് നടത്തുന്ന സമയത്താണ് ആക്രമണം നടന്നതെന്നും ആരോപണമുണ്ട്.ഈ ആനയുടെ പാപ്പാനാണ് അരുൺ.

യുവാക്കളെ വെട്ടിവീഴ്ത്തിയതും ഈ ട്യൂട്ടോറിയലിന് മുൻവശത്ത് വച്ചാണ്.ആനയെ വച്ച് പരിപാടി നടത്താൻ സ്ഥാപനം അധികൃതർ യാതൊരു അനുമതിയും നേടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.ആക്രമണം നടന്ന പശ്ചാത്തലത്തിൽ സ്ഥാപന ഉടമയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയ്യാൾക്കെതിരെ വനം-വന്യജീവി വകുപ്പിന് റിപ്പോർട്ട് നൽകും.അതിനിടെ അറസ്റ്റിലായ അരുണിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Advertisement