കൊല്ലം പ്രാദേശിക ജാലകം

Advertisement

35 ലിറ്റര്‍ കോടയുമായി പിടിയില്‍
അഞ്ചല്‍: 35 ലിറ്റര്‍ വാഷുമായി ഒരാളെ ഏരൂര്‍ പോലീസ് പിടികൂടി. ഏരൂര്‍ പുഞ്ചിരിമുക്ക് ലക്ഷംവീട്ടില്‍ അപ്പുക്കുട്ടനെയാണ് (76) ഏരൂര്‍ എസ്‌ഐ ശരലാലും സംഘവും അറസ്റ്റ് ചെയ്തത്. ഓണക്കാലത്ത് ചാരായം വാറ്റി വില്‍പ്പന നടത്തുന്നതിനായി കലക്കി വച്ചതായിരുന്നു വാഷ്. ഇയാളുടെ കിടപ്പുമുറിയില്‍ നിന്നുമാണ് പോലീസ് വാഷ് കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സമീപ ദിവസം വിളക്ക് പാറയല്‍ നിന്നും നിരോധിത പുകയില ഉത്പന്നവും വിദേശ മദ്യവും എഴുപതിനായിരം രൂപയും ഏരൂര്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

മദ്യപാനം ചോദ്യം ചെയ്ത മധ്യവയസ്‌ക്കനെ
ആക്രമിച്ച പ്രതികള്‍ പിടിയില്‍

കൊല്ലം: പരസ്യമായി സംഘം ചേര്‍ന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുളള വിരോധത്തില്‍ മധ്യവയസ്‌ക്കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികളെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂര്‍, പ്ലാക്കാട്, മുണ്ടപ്പുഴ തെക്കതില്‍ ഷിഹാബുദീന്‍ (51), ആദിച്ചനല്ലൂര്‍, പ്ലാക്കാട്, സുബിത ഭവനില്‍ മുരുകന്‍(56) എന്നിവരാണ് പോലീസ് പിടിയിലായത്. താഴം വടക്ക് മാവിലഴികം വീട്ടില്‍ താഹയ്ക്കാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ താഹയുടെ വാരിയെല്ലിന് പൊട്ടലും ശ്വാസകോശത്തിനും ഹൃദയത്തിനും ക്ഷതം സംഭവിക്കുകയുമായിരുന്നു.

കടയുടമയെയും ജീവനക്കാരെയും
ആക്രമിച്ച പ്രതികള്‍ പിടിയില്‍

കൊല്ലം: സൈ്വപ്പിങ്ങ് മെഷീന്‍ ഇല്ലാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കടയുടമയേയും സ്റ്റാഫിനേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ആശ്രാമം, ഉദയാ നഗര്‍ 87ല്‍ വിഷ്ണു(29), മുഖത്തല, അമ്മ വീട്ടില്‍ സുധീഷ്(26), ആശ്രാമം ഉദയാ നഗര്‍ 71- ജിതിന്‍ (26) എന്നിവരാണ് പോലീസ് പിടിയിലായത്. കൊല്ലം പായിക്കടയില്‍ കച്ചവടം നടത്തുന്ന വിജയ് ശങ്കര്‍ എന്ന ആളിന്റെ കടയില്‍ എത്തിയ പ്രതികള്‍ സാധനം വാങ്ങിയ ശേഷം പണം നല്‍കാനില്ലാത്തതിനാല്‍ കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ കടയില്‍ കാര്‍ഡ് ഉപയോഗിച്ച് പണം അടക്കാന്‍ ആവശ്യമായ സൈ്വപ്പിങ്ങ് മെഷീന്‍ ഇല്ലെന്ന് കട ഉടമയായ വിജയ് ശങ്കര്‍ അറിയിച്ചെങ്കിലും പ്രതികള്‍ പണം നല്‍കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് കടയുടമയും പ്രതികളും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും പ്രതികള്‍ ഉടമയേയും മറ്റ് സ്റ്റാഫ് അംഗങ്ങളേയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

കലംകമഴ്ത്തി പ്രതിഷേധിക്കും
കൊല്ലം: സ്‌കൂളിലെ മറ്റ് ജീവനക്കാര്‍ ശമ്പളവും ബോണസും അഡ്വാന്‍സും വാങ്ങി ഓണം ആഘോഷിക്കുമ്പോള്‍ കുട്ടികള്‍ക്ക് അന്നം വിളമ്പുന്ന സ്‌കൂള്‍ പാചക തൊഴിലാളികളുടെ കുടുംബം പട്ടിണി ആഘോഷിക്കുമെന്ന് സ്‌കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ്സേട്ട് പറഞ്ഞു. ഓഗസ്റ്റ് മാസത്തെ ശമ്പളവും, അവധിക്കാല വേതവും ഫെസ്റ്റിവല്‍ അലവന്‍സും ഓണത്തിന് മുമ്പ് നല്‍കാമെന്ന് പറഞ്ഞിരുന്ന സര്‍ക്കാര്‍ തൊഴിലാളികളെ വഞ്ചിച്ചിരിക്കുകയാണ്. പിണറായി സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ ഇരുപതിനായിരത്തില്‍പ്പരം തൊഴിലാളിലാളികളും, കുടുംബാംഗങ്ങളും തിരുവോണ നാളില്‍ വീടിന് മുന്നില്‍ കലംകമഴ്ത്തി പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കുടി വെള്ളം കിട്ടാനില്ല; കൗണ്‍സിലര്‍ കുളിച്ചു പ്രതിഷേധിച്ചു
പുനലൂര്‍: പുനലൂര്‍ നഗരസഭയില്‍ പത്തേക്കര്‍ വാര്‍ഡില്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് പത്തേക്കര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷൈന്‍ ബാബു കുടത്തില്‍ വെള്ളവുമായി പുനലൂര്‍ വാട്ടര്‍ അതോറിറ്റിയിലേക്ക് എത്തി പരസ്യമായി കുളിച്ചു പ്രതിഷേധിച്ചു. പ്രതിഷേധത്തിനൊടുവില്‍ പത്തേക്കര്‍ വാര്‍ഡില്‍ വെള്ളം തരാമെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പുനല്‍കി. പത്തേക്കര്‍ വാര്‍ഡില്‍ നൂറോളം കുടുംബങ്ങളില്‍ കിണര്‍ ഇല്ലാതെ വിഷമിക്കുകയാണ്. ലൈന്‍ പൈപ്പിനെ ആശ്രയിച്ചാണ് ഈ കുടുംബങ്ങള്‍ കഴിയുന്നത്. ഇനിയും വെള്ളം തരാത്ത പക്ഷം വാര്‍ഡിലെ പൊതുജനങ്ങളെ അണിനിരത്തിക്കൊണ്ട് വന്‍പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പത്തേക്കര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷൈന്‍ ബാബു അറിയിച്ചു.

കൈക്കൂലി,വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് സ്‌ക്വാഡിന്റെ പിടിയിലായി

കൊട്ടാരക്കര: വെട്ടിക്കവല വില്ലേജിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ കൊല്ലം വിജിലന്‍സ് സ്‌ക്വാഡിന്റെ പിടിയിലായി.

ചിതറ, മാങ്കോട് ചന്ദ്രോദയത്തില്‍ സുമേഷ്.സി. (43) ആണ് പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ 2000 രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തു.
വീട് വയ്ക്കുന്നതിന്റെ ഭാഗമായി മണ്ണ് നിരപ്പാക്കുന്നത് സംബന്ധിച്ച് ജിയോളജി സാക്ഷ്യപത്രത്തിന് വെട്ടിക്കവല സ്വദേശി എസ്തര്‍ അപേക്ഷ നല്‍കിയിരുന്നു.

ശനിയാഴ്ച ഭൂമി പരിശോധന സംബന്ധിച്ച് സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥനായ സുമേഷ് എസ്തറിന്റെ ഭര്‍ത്താവ് വിക്ടറിനോട് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിക്ടര്‍ വിജലന്‍സിന് പരാതി നല്‍കി. വിജലന്‍സിന്റെ നിര്‍ദ്ദേശാനുസരണം അവര്‍ നല്‍കിയ 2000രൂപ സുമേഷിന് നല്‍കുകയും ഉടന്‍ തന്നെ സംഘം സുമേഷിനെ പിടികൂടുകയുമായിരുന്നു. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്ത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. സുമേഷ് വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നതായി പരിസരവാസികളും ആരോപിച്ചു.

സദ്ഭാവന അവാര്‍ഡ്
കൊല്ലം: ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയിട്ടുള്ള 2021-22 വര്‍ഷത്തെ ഭാരത് സേവക് അവാര്‍ഡിന് പ്രമുഖ സാഹിത്യകാരനും നിരൂപകനുമായ വിശ്വകുമാര്‍ കൃഷ്ണജീവനത്തിനും, ആതുര സേവന രംഗത്തെ മികവിന് പ്രമുഖ പാരമ്പര്യ സിദ്ധവൈദ്യനായ വിഘ്‌നേശ്വര വൈദ്യര്‍ക്കും ലഭിക്കും. 14ന് ബിഎസ്എസ് ആസ്ഥാനത്ത് ദേശീയ ചെയര്‍മാന്‍ ബി.എസ്. ബാലചന്ദ്രന്‍ അവാര്‍ഡ് വിതരണം ചെയ്യും.

കായികക്ഷമത പരീക്ഷ 13 മുതല്‍
കൊല്ലം: ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍, ട്രെയിനി) തസ്തികയുടെ ചുരുക്കപ്പട്ടിയില്‍ ഉള്‍പ്പെട്ട കൊല്ലം മേഖലയിലെ ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും 13 മുതല്‍ 16 വരെയും, 19 മുതല്‍ 22 വരെയും ലാല്‍ബഹദൂര്‍ശാസ്ത്രി സ്റ്റേഡിയത്തില്‍ പുലര്‍ച്ചെ അഞ്ചുമുതല്‍ നടക്കും. വ്യക്തിഗത മെമ്മോ അയയ്ക്കുന്നതല്ല. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് ലഭിക്കുന്ന അഡ്മിഷന്‍ ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സിന്റെ അസ്സല്‍ കോപ്പിയുമായി ഗ്രൗണ്ടില്‍ ഹാജരാകണം.

ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

കരുനാഗപ്പള്ളി. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കരുനാഗപ്പള്ളിയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. ഒട്ടേറെ വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ പിഴുത് വീണു.


മരുതൂർകുളങ്ങര ഇലഞ്ഞിവേലിൽ തെക്കതിൽ ജി കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് തേക്കുമരം കടപുഴകി വീണു. വീടിനും തൊട്ടടുത്ത ശുചിമുറിക്കും ഇടയിലൂടെയാണ് മരം വീണത്. മതിൽ തകർന്നു. വീടിന് കേടുപാടുണ്ടായി. അടുക്കളഭാഗത്ത് സൂക്ഷിച്ചിരുന്ന വീട്ടുപകരങ്ങൾ തകർന്നു. ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.


ആദിനാട് തെക്ക്, മഠത്തിൽ മുക്കിന് സമീപം ചിറ്റേടത്ത് തറയിൽ ഷാജിയുടെ ചായക്കടയ്ക്ക് മുകളിലേക്ക് മരം പിഴുതൂവീണു. ആലുംകടവിൽ ഇടയിലെ വീട്ടിൽ ജറോൺ ക്രൂസിന്റെ വീടിന് മുകളിലേക്ക് മരം വീണു. വീടിന്റെ മേൽക്കൂര തകർന്നു.കരുനാഗപ്പള്ളി മാർക്കറ്റിൽ എസ് ബി ഐ ബ്രാഞ്ചിനു സമീപം തേക്കുമരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗത തടസമുണ്ടായി. വിവിധ സ്ഥലങ്ങളിൽ ഫയർഫോഴ്സ് എത്തി മുറിച്ചു മരങ്ങൾ മാറ്റി.

ചിത്രങ്ങൾ: (1)ആലുംകടവിനു സമീപം ജെറോണിൻ്റെ വീടിനു മുകളിൽ മരം വീണ നിലയിൽ
(2) മരുതൂർക്കുളങ്ങര കൃഷ്ണ കുമാറിൻ്റെ വീടിനു മുകളിലേക്ക് മരം പിഴുത് വീണ നിലയിൽ

അധ്യാപികയെ ആദരിച്ചു

അധ്യാപകദിനത്തോടനുബന്ധിച്ച് ശാസ്താംകോട്ട പള്ളിശേരിക്കല്‍ സ്കൂള്‍ പ്രഥമാധ്യാപികയായിരുന്ന കമലമ്മയെ ഇടവനശേരി കവിതാഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ആദരിക്കുന്നു.

കുന്നത്തൂരിൽ യുവാക്കൾക്ക് നേരെ ആന പാപ്പാൻ നടത്തിയത് സിനിമാസ്റ്റെൽ ആക്രമണം:ആനയെ ഓണാഘോഷ പരിപാടിക്ക് ഇറക്കിയ പാരലൽ കോളേജ് പ്രിൻസിപ്പാളും കസ്‌റ്റഡിയിൽ

കുന്നത്തൂർ: കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ ഇന്ന്(തിങ്കൾ) പകൽ 2.30 ഓടെ ആന പാപ്പാൻ നടത്തിയ ആക്രമണം നാടിന് ഞെട്ടലായി.പുത്തനമ്പലം ഹരി ഭവനിൽ ഹരികുമാർ (34),തിരുവാതിരയിൽ ഷിജിത്ത് (36) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഹരികുമാറിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും ഷിജിത്തിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും മാറ്റി.സ്കൂൾ ബസ് ഡ്രൈവറാണ് ഹരികുമാർ.ഇന്ന് ഉച്ചയോടെ കോന്തപ്പള്ളിമുക്കിൽ നടന്ന വാഹനാപകടത്തെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന.ഇവിടെ നിന്നും ഇരുകൂട്ടരും പോർവിളി നടത്തിയാണ് നെടിയവിള ജംഗ്ഷനിലേക്ക് എത്തിയത്.മുൻപേ എത്തിയ ആന പാപ്പാൻ പിന്നാലെ എത്തിയ വാഹനം തടഞ്ഞുനിർത്തി ഹരിയെയും ഷിജിത്തിനെയും ആക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കത്താൾ പോലെയുള്ള ആയുധം ഉപയോഗിച്ച് ഹരിയുടെ പുറത്തും കൈകളിലും വെട്ടുകയായിരുന്നു.ഹരിയുടെ കഴുത്തിൽ വെട്ടവേ കൈ കൊണ്ട് ഷിജിത്ത് തടഞ്ഞതു കൊണ്ടാണ് അനിഷ്ടസംഭവം ഒഴിവായത്.ഇതിനാൽ ഷിജിത്തിന്റെ വലതു കൈയിലെ വിരലുകൾക്കാണ് ഗുരുതരമായി പരിക്കേറ്റു.ഇതിനു ശേഷം ആയുധവുമായി പോർവിളി നടത്തിയതായും പറയപ്പെടുന്നു.ഇതിനു ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായത്.
പിന്നീട് പരിക്കേറ്റവരുടെ സുഹൃത്തുകൾ പ്രതിയായ ആന പാപ്പാനെ മർദ്ദിച്ചതായും പരാതിയുണ്ട്.അതിനിടെ നെടിയവിള ജംഗ്ഷനിലെ ഒരു ട്യൂട്ടോറിയൽ കോളേജിലെ ഓണാഘോഷത്തിന്റെ ഭാഗമായി ആനയെ എത്തിച്ച് ഫോട്ടോ ഷൂട്ട് നടത്തുന്ന സമയത്താണ് ആക്രമണം നടന്നതെന്നും ആരോപണമുണ്ട്.ഈ ആനയുടെ പാപ്പാനാണ് അരുൺ.

യുവാക്കളെ വെട്ടിവീഴ്ത്തിയതും ഈ ട്യൂട്ടോറിയലിന് മുൻവശത്ത് വച്ചാണ്.ആനയെ വച്ച് പരിപാടി നടത്താൻ സ്ഥാപനം അധികൃതർ യാതൊരു അനുമതിയും നേടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.ആക്രമണം നടന്ന പശ്ചാത്തലത്തിൽ സ്ഥാപന ഉടമയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയ്യാൾക്കെതിരെ വനം-വന്യജീവി വകുപ്പിന് റിപ്പോർട്ട് നൽകും.അതിനിടെ അറസ്റ്റിലായ അരുണിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

അധ്യാപകദിനത്തില്‍ആദരിച്ചു

അധ്യാപകദിനത്തിന്‍റെ ഭാഗമായി ശാസ്താംകോട്ട റോട്ടറി ക്ളബ് അധ്യാപകനും കവിയും വിവര്‍ത്തകനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ളയെ ആദരിക്കുന്നു. ഭാരവാഹികളായ ജോസ്, രാജേഷ്കുമാര്‍,കൃഷ്ണ കുമാര്‍ എന്നിവരാണ് ആദരിച്ചത്.

ശാസ്താംകോട്ട അഗ്നിരക്ഷാ നിലയത്തിലെ റിക്രിയേഷൻ ക്ലബ്ബ് നിസാമിനെ
ആദരിച്ചു

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട, വലിയപാടം, വിളംത്തറ,നിസാർ മൻ സിൽ, നിസാം (37)എന്ന ആംബുലൻസ് ഡ്രൈവർ ആരുംചെയ്യാൻ മടിക്കുന്ന ജോലികൾ ചെയ്ത വ്യത്യസ്തനാകുന്നത്. ലൈഫ് ലൈൻ എന്ന ആംബുലൻസിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രി പരിസരത്ത് നിസാമിന്റെ സേവനം 24 മണിക്കൂറും ഉണ്ടായിരിക്കും .ആഴ്ചകളോളംപ ഴക്കുള്ള ബോഡികൾ, ദിവസങ്ങളോളം തൂങ്ങി പഴക്കം ചെന്ന് നിൽക്കുന്ന ബോഡികൾ, ട്രെയിൻ ആക്സിഡന്റിൽ ചിന്നഭിന്നമായ ശരീരങ്ങൾ, ആക്സിഡന്റിൽ വണ്ടി കയറിയ മൃതശരീരങ്ങൾ, പുഴുവരിച്ച് ജീർണിച്ച ദിവസങ്ങളോളം പഴക്കമുള്ള മൃതശരീരങ്ങൾ

എന്നിവ 15 വർഷമായി ഒരു മടിയും കൂടാതെ എടുത്ത് ഭദ്രമായി ആശുപത്രികളിൽ എത്തിക്കുന്നതിൽ നിസാമു കാണിക്കുന്ന മനുഷ്യത്വം വലുതാണ് പോലീസിന്റെയും ഫയർഫോഴ്സിന്റെയും രക്ഷാപ്രവർത്തനങ്ങളിൽ നിസാമിന്റെ സാന്നിധ്യം ഏതുസമയത്തും ഉണ്ടായിരിക്കും സ്റ്റേഷനിൽ നടന്ന ഓണാഘോഷ പരിപാടിയിൽ സ്റ്റേഷൻ ഓഫീസർ സാബു ലാലിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ പൊന്നാടയും മൊമെന്റോയും മറ്റ് ഓണസമ്മാനങ്ങളും ഓണസദ്യയും നൽകി ആദരിച്ചു. കൂടാതെ നിസാമിന്റെ 2 സഹായികൾക്കും ആദരിക്കൽ ചടങ്ങ് നടത്തി.

സൗജന്യ ഓണക്കിറ്റ് വിതരണം

പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികളായ 106 പേർക്കും പലചരക്ക്, പച്ചക്കറി, വസ്ത്രം അടങ്ങിയ സൗജന്യ ഓണക്കിറ്റ് വിതരണം പഞ്ചായത്ത് സെമിനാർ ഹാളിൽ നടന്നു

അദ്ധ്യാപക ദിനം അക്ഷരക്കൂട്ടം

ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടിക്കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനം അക്ഷരക്കൂട്ടം എന്ന പേരിൽ സംഘടിപ്പിച്ചു.മുതിർന്ന അദ്ധ്യാപകരെ ആദരിക്കൽ അദ്ധ്യാപക ദിന സന്ദേശം എന്നിവയും ഇതോടനുബന്ധിച്ച് നടത്തി. കൊല്ലം ജില്ലാ പഞ്ചായത്തംഗം പി.ശ്യാമളയമ്മ ഉദ്ഘാടനം ചെയ്തു.പോരുവഴി ഗ്രാമപഞ്ചായത്തംഗം ബിനു ഐ നായർ അദ്ധ്യാപക ദിന സന്ദേശം നല്കി.

കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു., ഗ്രന്ഥശാല സെക്രട്ടറി എം.സുൽ ഫിഖാൻ റാവുത്തർ, അർത്തിയിൽ അൻസാരി, ഷെഫീക്ക് അർത്തിയിൽ, ഹർഷ ഫാത്തിമ
തുടങ്ങിയവർ പ്രസംഗിച്ചു.മുതിർന്ന അദ്ധ്യാപക ശ്രേഷ്ഠരായ റസിയ ബീവി ടീച്ചർ, പി.ലീല ടീച്ചർ, ഗോപാലകൃഷ്ണകുറുപ്പ് സർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Advertisement