കൊല്ലം: കൊല്ലത്ത് വാടി കടപ്പുറം ഭാഗത്തുനിന്നും വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിൽ. ആറു പുരുഷന്മാരും നാലു സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത്. ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പോലീസ് സൂചിപ്പിച്ചു.
ബീച്ചും ലൈറ്റ് ഹൗസും കാണാന്‍ എത്തിയവരാണെന്നാണ് ഇവര്‍ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ വിദേശത്തേക്ക് കടക്കാനെത്തിയവരാണെന്ന് ഇവർ സമ്മതിച്ചത്.
സംഘത്തിൽ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നതായാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് വ്യാപക പരിശോധന നടത്തിവരികയാണ്.
ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെത്തിക്കാമെന്ന് ഉറപ്പു നല്‍കിയാണ് ശ്രീലങ്കന്‍ സ്വദേശികളെ കേരളത്തിലെത്തിച്ചത്.
കൊല്ലം ബീച്ചു വഴി ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്തിനായി എത്തിച്ച 11 പേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കടല്‍ കടത്തുന്നതിന് മനുഷ്യക്കടത്തുസംഘം രണ്ടരലക്ഷം രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കിയിരുന്നത്. കൊളംബോ സ്വദേശിയായ ലക്ഷ്മണ എന്നയാളാണ് മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റെന്ന് പൊലീസ് പറഞ്ഞു.