കരുനാഗപ്പള്ളി: 83-ാമത് ശ്രീനാരായണ ട്രോഫി കന്നേറ്റി വള്ളംകളി മത്സരത്തില്‍ കേശവപുരം ബോട്ട് ക്ലബ്ബിന്റെ നടുവിലപറമ്പന്‍ ജേതാവായി. എവര്‍മാക്‌സ് ബോട്ട് ക്ലബ്ബിന്റെ കാട്ടില്‍ തെക്കതില്‍, സൗഹൃദം 87-ന്റെ നിരണം, സംഘം കന്നേറ്റിയുടെ ശ്രീവിനായകന്‍, ഗ്ലോബല്‍ നീലികുളത്തിന്റെ ദേവസ്, എയ്ഞ്ചല്‍ ബോട്ട് കബിന്റെ സെന്റ് പയസ് എന്നിവയോട് ഏറ്റുമുട്ടിയാണ് നടുവില പറമ്പന്‍ ജേതാവായത്.
കേരളാ ടൂറിസത്തിന് പുത്തനുണര്‍വേകാൻ
കന്നേറ്റി ജലോത്സവത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്താൻ പിന്തുണ
നൽകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇതിനായുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. കരുനാഗപ്പള്ളി കന്നേറ്റിക്കായലിൽ നടന്ന 83-)മത് ശ്രീനാരായണ ട്രോഫി ജലോത്സവ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാര മേഖലയുടെ സമഗ്ര വികസനം സർക്കാർ ലക്ഷ്യമാണ്.

വിനോദ സഞ്ചാര വികസനത്തിന്റെ ചൂണ്ടു പലകയായി മാറിയ ജലകേളിയുടെ സംസ്കാരം കാത്തുസൂക്ഷിക്കും. തുടർന്നുള്ള വള്ളം കളിയുടെ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.
ആറ് ചുണ്ടൻ വള്ളങ്ങളും ആറ് തെക്കനോടി കെട്ട് -തറ വള്ളങ്ങൾ, രണ്ട് വെപ്പ് വള്ളങ്ങളും ഉൾപ്പടെ 14 വള്ളങ്ങളാണ് കന്നേറ്റിക്കായലിന്റെ ഓളപ്പരപ്പിൽ മാറ്റുരയ്ക്കാൻ ഇറങ്ങിയത്.
ചുണ്ടൻ വള്ളങ്ങളിൽ
ക്യാപ്റ്റൻ രാജേഷ് കന്നേറ്റി നയിക്കുന്ന കേശവപുരം ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള നടുവിലെ പറമ്പൻ ചുണ്ടൻ
ഒന്നാം സ്ഥാനം കരസ്‌ഥമാക്കി. ക്യാപ്റ്റൻ അറക്കൽ മുനീർ നയിക്കുന്ന കരുനാഗപ്പള്ളി സൗഹൃദം 87 ബാച്ച് സർക്കാർ എച്ച്.എസ്.എസിന്റെ നേതൃത്വത്തിലുള്ള നിരണം പുത്തൻ ചുണ്ടൻ രണ്ടാം സ്ഥാനവും ക്യാപ്റ്റൻ നാസർ പോച്ചയിൽ നയിക്കുന്ന സംഘം കന്നേറ്റി നയിക്കുന്ന കരുവാറ്റ ശ്രീ വിനായകൻ ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചടങ്ങിൽ സി. ആർ. മഹേഷ് എം. എൽ. എ അദ്ധ്യക്ഷനായി. എം.പിമാരായ എ.എം ആരിഫ്, എൻ.കെ പ്രേമചന്ദ്രൻ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ, ജനറൽ ക്യാപ്റ്റൻ എസ്. പ്രവീൺകുമാർ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റുമാരായ ദീപ്തി രവീന്ദ്രൻ, സന്തോഷ് തുപ്പാശ്ശേരിൽ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷർ, നഗരസഭ കൗൺസിലർമാർ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,രാഷ്ട്രീയ കക്ഷി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
