മൈനാഗപ്പള്ളി:ദേശത്തിന്‍റെ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ, ജില്ലയിലെതന്നെ ആദ്യകാല സ്‌കൂളുകളില്‍ ഒന്നായ മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം സ്‌കൂള്‍ ശതാബ്ദിയുടെ നിറവിലേക്ക് കടക്കുന്നു. തിങ്കളാഴ്ച ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി പി പ്രസാദ് ശതാബ്ദി ഫലവൃക്ഷത്തൈ വിതരണവും കുട്ടികളുടെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയും ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ സി ആര്‍ മഹേഷ്, സുജിത് വിജയന്‍ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേല്‍,ബ്ളോക്ക് പ്രസിഡന്‍റ് അഡ്വ. അന്‍സര്‍ ഷാഫി,പഞ്ചായത്ത് അംഗം പി എം സെയ്ദ്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനില്‍ എസ് കല്ലേലിഭാഗം, ഡോ പി കെ ഗോപന്‍ തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും വിദ്യാഭ്യാസ ഓഫീസര്‍മാരും സ്‌കൂള്‍ ഭാരവാഹികളും പങ്കെടുക്കും.
മെഗാ ക്വിസ്, കലാസന്ധ്യ, കഥകളി , ഘോഷയാത്ര, എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനായി ഒരു സംഘാടക സമിതി രൂപീകരിച്ചിട്ടുമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി എം സയ്ദ് ആണ് വര്‍ക്കിംഗ് ചെയര്‍മാന്‍. മാനേജ്‌മെന്റ് പ്രതിനിധി കല്ലട ഗിരീഷ് ആണ് കമ്മിറ്റിയുടെ വൈസ് ചെയര്‍മാന്‍. ഗ്രാമപഞ്ചായത്തംഗം ആര്‍ ബിജുകുമാര്‍ ജനറല്‍ കണ്‍വീനറുംഎല്‍പി സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീലത പിജിയും യുപിഎസിലെ ഹെഡ്മിസ്ട്രസ് സുധാദേവിയും ജോയിന്റ് കണ്‍വീനര്‍മാരുമാണ്. നൂറ്റൊന്ന് അംഗങ്ങള്‍ ഉള്ള പൊതു സമിതിയും 21 അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ആഘോഷ പരിപാടികള്‍ക്കായി രൂപീകരിച്ചിട്ടുണ്ട്.
2021 ശതാബ്ദി വര്‍ഷമായിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിച്ചില്ല. അതിനാലാണ് 2022-23 ശതാബ്ദി വര്‍ഷമായി ആചരിക്കുന്നത്.
1921ല്‍ ഇലവിനാല്‍ വീട്ടില്‍ പരമേശ്വരന്‍ പിള്ളയാണ് സ്‌കൂള്‍ സ്ഥാപിച്ചത്. ചിത്തിരവിലാസം എല്‍പി യുപി സ്‌കൂളുകളും ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളും വളരെ പ്രശസ്തിയോടെ പ്രവര്‍ത്തിച്ചിരുന്നു. കരുനാഗപ്പള്ളി, കുന്നത്തൂര്‍, ചവറ മേഖലകളിലെ ആദ്യകാലത്തെ ഏക ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളായിരുന്നു ഇത്. പിന്നീട് ചില സാഹചര്യത്താല്‍ ഇത് നിര്‍ത്തലാക്കേണ്ടി വന്നു. എല്‍പി സ്‌കൂള്‍ സര്‍ക്കാരിലേക്ക് വിട്ടു കൊടുത്തു. യുപി സ്‌കൂള്‍ ഇപ്പോഴും മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ്. എല്‍പി യുപി സ്‌കൂളുകളിലായി ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.