കുന്നിക്കോട്: 90 വയസ്സുള്ള വീട്ടില്‍ ഉറങ്ങികിടന്ന മുത്തശ്ശിയുടെ തലയിടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ചെറുമകനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വെട്ടിക്കവല കുന്നിക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോക്കാട്, തെങ്ങറക്കാവ് വിജയവിലാസത്തില്‍ പൊന്നമ്മയാണ് കഴിഞ്ഞ ദിവസം അതിദാരുണമായി മരണപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ചെറുമകന്‍ ഉണ്ണി എന്ന സുരേഷ്‌കുമാറി(35)നെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തെളിവെടുപ്പിനിടെ അമ്മൂമ്മയെ അപായപ്പെടുത്തിയ രീതിയും സമീപത്തെ പൊട്ട കിണറ്റില്‍ കൊണ്ടിട്ട മെത്ത ഉള്‍പ്പെടെയുള്ള സാധനങ്ങളും പ്രതി
സുരേഷ് പോലീസിന് കാണിച്ച് കൊടുത്തു. അമ്മൂമ്മയെ അപായപ്പെടുത്തിയ ശേഷം സ്വാഭാവിക മരണമാണെന്ന നിലയില്‍ സംസ്‌കാരം നടത്താന്‍ നീക്കം നടത്തിയ കൊച്ചുമകനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
മരണപ്പെട്ട പൊന്നമ്മ ദീര്‍ഘനാളായി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. മദ്യലഹരിയില്‍ എത്താറുള്ള സുരേഷ് നേരത്തേയും മുത്തശ്ശിക്കും മാതാവിനും നേരെ അതിക്രമം നടത്താറുണ്ടായിരുന്നു. കുന്നിക്കോട് സ്റ്റേഷന്‍ ഓഫീസര്‍ അന്‍വറിന്റെ നേതൃത്ത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.