ശാസ്താംകോട്ട: പള്ളിശേരിക്കല്‍ രണ്ട് സ്ത്രീകളെയും വളർത്തു മൃഗങ്ങളെയും കടിച്ച് പരിക്കേൽപ്പിച്ച ശേഷം കുഴഞ്ഞു വീണ് ചത്ത
തെരുവ് നായയുടെ ജഡം പോസ്റ്റ്മോർട്ടത്തിന് അയച്ചു.കൊല്ലം തേവള്ളിയിലെ വെറ്ററിനറി ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.നായക്ക് പേവിഷബാധയുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനാണ് ജഡം പോസ്റ്റു മോര്‍ട്ടത്തിനയച്ചത്.രണ്ടു ദിവസത്തിനുള്ളില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും.ഇതിനു ശേഷമേ പേവിഷബാധ സ്ഥിതികരിയ്ക്കാന്‍ കഴിയു.ഞായറാഴ്ച പുലർച്ചെയാണ് പേവിഷബാധ ഏറ്റ പോലെ കാണപ്പെട്ട നായ പിന്നീട് ചത്തത്.ഇത് പ്രദേശത്ത്
കടുത്ത ആശങ്കയാണ് സൃഷ്ടിച്ചത്. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഗീത,വെറ്ററിനറി സര്‍ജന്‍മാരായ ഡോ.ബൈജുഷാ, സുജാത ജെഹി,ജെ.എച്ച്.ഐ സലീന, ഗ്രാമപഞ്ചായത്തംഗം നസീമ എന്നിവരുടെ നേതൃത്വത്തിലാണ് ജഡം പോസ്റ്റ് മോര്‍ട്ടത്തിനയച്ചത്. . ശാസ്താംകോട്ട പള്ളിശേരിക്കല്‍ പടിഞ്ഞാറ് പാട്ടുപുരക്കുറ്റി ലക്ഷംവീട്ടില്‍ ഫാത്തിമാബിവി, പള്ളിശേരിക്കല്‍ കപ്ലെഴത്ത് കിഴക്കതില്‍ ഗോമതിയമ്മ എന്നിവരെയാണ് നായ കടിച്ചത്.രണ്ട് പേർക്കും കാലിനാണ് കടിയേറ്റത്.
പിന്നീട് ഒരു ആടിനെയും പൂച്ചയെയും തെരുവുനായ ആക്രമിച്ചിരുന്നു.ശനിയാഴ്ച വൈകിട്ട് 5 ഓടെ ആയിരുന്നു നായയുടെ ആക്രമണം.തിരുവോണ ദിവസം ശാസ്താംകോട്ട കായൽ സന്ദർശിക്കാൻ എത്തിയ പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാറിനും കുടുംബത്തിനും നേരെ നായയുടെ ആക്രമണം ഉണ്ടായി.ഭാര്യ രാഖി,മകൻ ആര്യൻ എന്നിവർക്ക് കാലിന് ഗുരുതരമായി കടിയേറ്റു.ഇവരെ കടിച്ച നായ തന്നെയാണ് പള്ളിശേരിക്കലിൽ വൃദ്ധരെയും ആക്രമിച്ചതെന്നാണ് സംശയം.