കരുനാഗപ്പള്ളിയുദ്ധങ്ങൾ

Advertisement

കരുനാഗപ്പള്ളിരേഖകൾ -17

ഡോ. സുരേഷ്മാധവ്

ക്ഷിണേന്ത്യയിലെ ബുദ്ധവിശ്വാസികളുടെ ശ്രീമൂലസ്ഥാനമായിരുന്ന കരുനാഗപ്പള്ളിയിൽ എ ഡി ആദ്യനൂറ്റാണ്ടുകളിൽ തന്നെ കല്ലട വഴി കന്നേറ്റിയിലേക്ക് പാണ്ഡ്യസംഘം വന്നെത്തിയിരുന്നു.. ഇവരാകാം ശൈവമതം കരുനാഗപ്പള്ളിയിൽ വ്യാപകമാക്കിയത്.

ക്രിസ്തുവർഷം ആദ്യനൂറ്റാണ്ടുകളിൽ പാണ്ഡ്യൻമാർ കന്നേറ്റിയിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിച്ചപ്പോൾ, ചേരന്മാർ മധുര പിടിച്ചെടുക്കാൻ നോക്കിയതായി കെ. സി ശങ്കരനാരായണൻ ഐഎ എസ് എഴുതിയ “a cradle of culture -kalladakurichi district past history “എന്ന ലേഖനത്തിൽ കാണുന്നു. സ്വന്തമായി ഒരു വലിയ സൈന്യം സംഘടിപ്പിച്ച കോട്ടയം കേരളവർമ 1696ൽ ഇളയിടത്തു സ്വരൂപത്തിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളി ആക്രമിക്കുകയും കായംകുളം രാജാവിനെ പരാജയപ്പെടുത്തുകയും ചെയ്തു.

ഉമയമ്മ റാണിയുടെ സഹായത്തോടെ കരുനാഗപ്പള്ളിയിലും കൊട്ടാരക്കരയിലും ശക്തി നേടിയ കേരളവർമ, പുലപ്പേടി, മണ്ണാപ്പേടി എന്നീ അനാചാരങ്ങൾ നിരോധിച്ചു. കന്യാകുമാരി മുതൽ കന്നേറ്റി വരെ നിരോധനം ബാധകമാണെന്ന് തിരുവിതാംകോട് ശാസന(1696)ൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.തൃപ്പാപ്പൂർ മൂത്തതിരുവടി രവിവർമ (ഭരണകാലം 1685-1704)നാടു നീങ്ങിയ ശേഷം കോലത്ത് നാട്ടിൽ നിന്നെത്തിയ ആദിത്യവർമ, തിരുവിതാംകൂറിൽ പിടിമുറുക്കാൻ ശ്രമിച്ചു.

എന്നാൽ തിരുവിതാംകൂറിലെ മാടമ്പിമാർ നെടുമങ്ങാട്ട് രാജാവിനെയാണ് അവരോധിച്ചത്. അതിനെതിരെ ആദിത്യവർമ,കരുനാഗപ്പള്ളി രാജാവിന്റെ സഹായം തേടി. വലിയ ശക്തനല്ലാത്ത കരുനാഗപ്പള്ളി രാജാവ്, കായംകുളം രാജാവിനെ സഹായത്തിനു സമീപിച്ചത് മാടമ്പിമാരെ പ്രകോപിപ്പിച്ചു.ജനങ്ങളുടെ താത്പര്യം പരിഗണിക്കാതെ കരുനാഗപ്പള്ളി, നെടുമങ്ങാട്, ദേശിങ്ങനാട് സ്വരൂപങ്ങളെ കീഴടക്കാൻ വേണ്ടി ഇംഗ്ലീഷുകാരിൽ നിന്ന് പണം വാങ്ങി കൂലിസൈന്യത്തെ വരുത്താൻ ആദിത്യവർമയ്ക്ക് മടി ഉണ്ടായില്ല.

അനിഴം തിരുനാൾ മാർത്താണ്ഡ വർമ 1728ൽ ഭരണമേറ്റപ്പോൾ, പൊന്നുപാണ്ഡ്യത്തേവരുടെ നേതൃത്വത്തിൽ ആയിരം പേരടങ്ങിയ മറവപ്പട കൂടി രംഗത്ത് വന്നു. ദേശിങ്ങനാട് ആക്രമിക്കുന്നതിനു വേണ്ടി 1732മാർച്ചിൽ മാർത്താണ്ഡവർമ പുറപ്പെട്ടു. മാർച്ച്‌ 22നു കല്ലട വെച്ചുണ്ടായ യുദ്ധത്തിൽ കായംകുളം -ദേശിങ്ങനാട് സംയുക്തസൈന്യം പരാജയമടഞ്ഞു. മാർച്ച്‌ 29നു ദേശിങ്ങനാട് രാജാവ് സഹോദരങ്ങളെ ഭരണമേല്പ്പിച്ച് കായംകുളത്തു അഭയം തേടി. പുതിയ ദേശിങ്ങനാട് രാജാവിനെ അധീനത്തിലാക്കിയ മാർത്താണ്ഡവർമ, കരുനാഗപ്പള്ളിയിലെ പണ്ടാരത്തുരുത്ത് ആക്രമിക്കുകയാണ് ചെയ്തത്. എങ്കിലും ഡച്ചുകാരുടെ മധ്യസ്ഥതയിൽ കായംകുളവും തിരുവിതാംകൂറും തമ്മിൽ ഏപ്രിൽ 9നു സന്ധി ചെയ്തു. വാർഷിക കപ്പം കൂടാതെ,രണ്ടാനയും കരുനാഗപ്പള്ളിയിലെ ചില ദേശങ്ങളും തിരുവിതാംകൂറിനു കിട്ടി.

ഉടമ്പടി പ്രകാരം, ആറ്റിങ്ങൽ കാർത്തിക തിരുനാൾ ഇളയതമ്പുരാട്ടിയെ കരുനാഗപ്പള്ളിയിൽ വാഴിച്ചു. പക്ഷെ, കായംകുളം രാജാവ് ഉടമ്പടി ലംഘിച്ചു. പല സന്ധിചർച്ചകളും വിജയിച്ചില്ല. കൊച്ചിരാജാവ് കായംകുളത്തിനു സഹായമായി നിലകൊണ്ടതും മാർത്താണ്ഡവർമയെ പ്രകോപിപ്പിച്ചു. തിരുവിതാംകൂറിന്റെ കൈവശമിരുന്ന കരുനാഗപ്പള്ളിയിൽ 1733മെയ്‌ മാസത്തിൽ കായംകുളം രാജാവ് ആക്രമണം നടത്തി. തെക്കുംകൂർ കയ്മൾ കരുനാഗപ്പള്ളിയ്ക്കൊപ്പം നിന്ന് കായംകുളത്തെ ചെറുത്തു.

എന്നാൽ കായംകുളം ജയം നേടിയതോടെ തിരുവിതാംകൂർ വശപ്പെ ടുത്തിയ കരുനാഗപ്പള്ളിപ്രദേശങ്ങൾ കായംകുളം തിരികെപിടിച്ചു. മധുരയിലെ പാണ്ടിസൈന്യം നാഞ്ചിനാട് പിടിക്കാൻ ശ്രമിക്കുന്നത് കാരണം മാർത്താണ്ഡവർമയ്ക്ക് കരുനാഗപ്പള്ളിയിൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല.1739 മാർച്ച്‌ മാസത്തിൽ മധുരപ്പടയെ തുരത്തിയശേഷം മെയ്‌ 8നു കല്ലട വെച്ചു നടന്ന യുദ്ധത്തിൽ മാർത്താണ്ഡവർമ, ദേശിങ്ങനാട് പിടിച്ചു. ഡച്ച് കാരുടെ മധ്യസ്ഥതയിൽ വീണ്ടും സന്ധി.45000രൂപ പ്രതിവർഷം തിരുവിതാംകൂറിനു കപ്പം കൊടുക്കണം. തിരുവിതാംകൂറും കായംകുളവും തമ്മിൽ യുദ്ധമുണ്ടായാൽ ദേശിങ്ങനാട് ഇടപെടരുത്. കരുനാഗപ്പള്ളിയിലെ പണ്ടാരത്തുരുത്തിൽ ഒരു പണ്ടകശാല പണിയാൻ മാർത്താണ്ടവർമ അനുവാദം കൊടുത്തു.

കരുനാഗപ്പള്ളി സ്വരൂപം അപ്പോഴും കായംകുളത്തിന്റെ അധീനതയിലായിരുന്നു. 1734മെയ്‌ 26നു മാവേലിക്കരയിൽ വെച്ചു നടന്ന സന്ധി തെറ്റി. ജൂൺ 1ന് തിരുവിതാംകൂറിന്റെ കുതിരപ്പട കായംകുളംകോട്ട ആക്രമിച്ചു. കായംകുളം രാജാവ് കൊല്ലപ്പെട്ടു. ആളറിയാതെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നു മാർത്താണ്ഡവർമ പ്രഖ്യാപിച്ചു. മാർത്താണ്ഡവർമയെ കൊള്ളുമെന്നു സത്യം ചെയ്ത് പോരാടിയ കായംകുളത്തെ ചാവേറുകൾ പടവെട്ടി മരിച്ചു.1735ഫെബ്രുവരിയിൽ മാർത്താണ്ഡവർമ, ദേശിങ്കനാടും കായംകുളവും വീണ്ടും ആക്രമിച്ചു. വീണ്ടും സന്ധി. കരുനാഗപ്പള്ളിയിൽ മാർത്താണ്ഡവർമ കൈയടക്കിവെച്ചി രിക്കുന്ന പ്രദേശങ്ങൾ തിരികെകിട്ടണം എന്നായിരുന്നു കായംകുളം രാജാവിന്റെ നിലപാട്. എന്നാൽ,1732ലെ ഉടമ്പടി കായംകുളം ലംഘിച്ചതും കരുനാഗപ്പള്ളിറാണിയെ ആറ്റിങ്ങലേയ്ക്ക് ഓടിച്ചതും ചട്ടലംഘനമെന്നു മാർത്താണ്ഡവർമ വ്യക്തമാക്കി.1735മെയ്‌ 22ലെ ഉടമ്പടി കായംകുളം അംഗീകരിച്ചു.

ദേശിങ്കനാടിനോട് ചേർന്നുകിടന്ന തെക്കൻഅതിർത്തിയിലെ ചില ഭാഗങ്ങൾ കരുനാഗപ്പള്ളിയിൽ നിന്ന് ദേശിങ്കനാടിന് വിട്ടുകൊടുത്തു. എന്നാൽ 1940മെയ്‌ 24നു ഡച്ച് -ദേശിങ്ങനാട് -കായംകുളം സഖ്യം കരുനാഗപ്പള്ളി ആക്രമിച്ചു. അക്കാലം, കരുനാഗപ്പള്ളിയുടെ ഭരണം, മാർത്താണ്ഡവർമ രണ്ടാം ഇളയ തമ്പുരാട്ടിയെ ഏല്പിച്ചിരിക്കുകയായിരുന്നു. വലിയസമയത്തിന്റെ കോലാഹലം കണ്ട്, തമ്പുരാട്ടി തെക്കുംകൂർ നെടുമ്പ്രം ക്ഷേത്രത്തിൽ അഭയം പ്രാപിച്ചു. കുളച്ചൽ യുദ്ധത്തിനു ശേഷം 1742മാർച്ച്‌ 21നു കരുനാഗപ്പള്ളിയിലെത്തിയ മാർത്താണ്ഡവർമ മറവപ്പടയുടെ സഹായത്തോടെ കായംകുളം കൊട്ടാരം പിടിച്ചെടുത്തു. ഡച്ച് കാരുടെ സഹായം നഷ്ടപ്പെട്ട ദേശിങ്ങനാട് -കായംകുളം രാജാക്കന്മാർ തിരുവല്ലാ ക്ഷേത്രത്തിൽ ശരണം പ്രാപിച്ചു.. പിന്നീടങ്ങോട്ടാണ് മാർത്തവർമയുടെ വിജയഭേരിയ്ക്ക് തിളക്കം കൂടുന്നത്..

Advertisement