കരുനാഗപ്പള്ളിയില്‍ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ച സംഭവം ഡിഐജി നിശാന്തിനി അന്വേഷിക്കും

Advertisement

കരുനാഗപ്പള്ളി. അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ച സംഭവം ഡിഐജി നിശാന്തിനി അന്വേഷിക്കും. അന്വേഷണ കാലാവധിയില്‍ കരുനാഗപ്പള്ളി സിഐ ഗോപകുമാര്‍ ആരോപണ വിധേയരായ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഓഫീസില്‍ നിന്നും മാറ്റി നിര്‍ത്താനാണ് നിര്‍ദ്ദേശം.

ഇതു സംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അഭിഭാഷക പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകരുടെ കോടതി ബഹിഷ്‌കരിച്ച് നടത്തുന്ന സമരം പിന്‍വലിക്കുമെന്നാണ് വിവരം.

കൊല്ലം ബാറിലെ അഭിഭാഷകൻ പനമ്പിൽ എസ്ജയകുമാറിനെ കരുനാഗപ്പള്ളി പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ കോടതികൾ അഭിഭാഷകർ ബഹിഷ്കരിച്ചു സമരം നടത്തുകയാണ്.കൊല്ലത്ത് പൊലീസുകാരുടെ ജീപ്പ് അഭിഭാഷകര്‍ തകര്‍ത്തിരുന്നു. മദ്യപിച്ച നിലയില്‍ കസ്റ്റഡിയിലെടുത്ത ജയകുമാറിനെ സ്റ്റേഷനിലെത്തിച്ച് സിഐ ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ ഒരുസംഘം പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.

Advertisement