കൊല്ലം. ജില്ലയിൽ കൊല്ലം ജില്ലയിൽ തെരുവ് നായ്ക്കൾ കൂടുതലുള്ള 19 ഹോട്ട്സ്പോട്ടുകള്കണ്ടെത്തി.തെരുവുനായ നിയന്ത്രണത്തിനായി മാസ്സ് ഡ്രൈവ് നടത്തും. ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെ തെരുവ് നായകൾക്കും വളർത്തു മൃഗങ്ങൾക്കും സമ്പൂർണ വാക്സിനേഷന്‍ നടപ്പിലാക്കും.
തെരുവുനായ ആക്രമണം ജില്ലയിലും വ്യാപകമാകുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പ്രത്യേക ആസൂത്രണ സമിതി യോഗം ചേർന്നത്. ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് മാസ്സ് ഡ്രൈവ് ആരംഭിക്കും. ജില്ലയിൽ തെരുവ് നായ്ക്കൾ കൂടുതലുള്ള 19 ഹോട്ട് സ്പോട്ടുകളിൽ മാലിന്യനിർമാർജനത്തിന് പ്രത്യേക കർമ്മപദ്ധതി രൂപീകരിക്കാൻ തീരുമാനമായി. 68 തദ്ദേശസ്ഥാപനങ്ങളിലും അടിയന്തരമായി എബിസി പദ്ധതി നടപ്പിലാക്കും. വന്ധ്യംകരിക്കുന്ന നായകളെ പാർപ്പിക്കാൻ കുരിയോട്ടുമലയിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ സൗകര്യം ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സാം. കെ ഡാനിയേൽ പറഞ്ഞു.
തെരുവ് നായ വിഷയത്തിൽ ഇടപെടാൻ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ വീടുകളിലെയും വളർത്തുമൃഗങ്ങൾ വാക്സിനേഷൻ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തും. ജില്ലയിലെ വെറ്റിനറി ഡോക്ടർമാരുടെ കുറവും പരിഹരിക്കാൻ തീരുമാനമായി. ഒപ്പം തെരുവ് നായ്ക്കളുടെ വിഷയത്തിൽ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും നിലനിൽക്കുന്ന കേസുകളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് കക്ഷി ചേരും.