ഒരുവയസ്സുകാരന്‍ അജ്ഞാത വസ്തു വിഴുങ്ങി മരിച്ച നിലയില്‍

Advertisement

ഓച്ചിറ : ഒരുവയസ്സുകാരന്‍ അജ്ഞാത വസ്തു വിഴുങ്ങി മരിച്ച നിലയില്‍. ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസില്‍ ഷിന്റോയുടെയും ലക്ഷ്മിയുടെയും ഏകമകന്‍ സരോവറാണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് അസ്വസ്ഥത കാണിച്ചകുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കാനിങ്ങില്‍ കളിപ്പാട്ടങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബട്ടന്‍ ടൈപ്പ് ബാറ്ററി പോലെ തോന്നിക്കുന്ന വസ്തു വയറ്റില്‍ ഉള്ളതായി കണ്ടെത്തി. ഇത് വിസര്‍ജ്യത്തിലൂടെ പോകുമെന്ന ഉപദേശം ലഭിച്ചതോടെ കുട്ടിയെ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ വ്യാഴാഴ്ച രാവിലെ കുട്ടി കൂടുതല്‍ അസ്വസ്ഥത കാണിച്ചു, ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

അതേസമയം കുട്ടി വിഷാംശമുള്ള ഏതോ വസ്തു അബദ്ധത്തില്‍ കഴിച്ചതാകാമെന്നാണ് നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്നാണ് വിലയിരുത്തല്‍. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഷിന്റോ കണ്ണൂര്‍ എഴിമല നാവിക അക്കാദമിയിലെ ജീവനക്കാരനാണ്. കായംകുളം കെഎസ്എഫ്ഇ ശാഖയിലെ ജീവനക്കാരിയാണ് ലക്ഷ്മി.

Advertisement