കർഷകസംഘം ജില്ലാ സമ്മേളനത്തിന് തുടക്കമായി
കരുനാഗപ്പള്ളി. കേരള കർഷകസംഘം കൊല്ലം ജില്ലാ സമ്മേളനത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിലെ ഡി ബാലചന്ദ്രൻ നഗറിൽ രാവിലെ ജില്ലാ പ്രസിഡൻറ് ബിജു കെ മാത്യു പതാക ഉയർത്തിയതോടെയാണ് സമ്മേളനം നടപടികൾക്ക് തുടക്കമായത്. ബാലസംഘം കുട്ടികൾ അവതരിപ്പിച്ച നൃത്തശില്പം, സ്വാഗത ഗാനം എന്നിവയോടെയാണ് പ്രതിനിധി സമ്മേളനം തുടങ്ങിയത്.
കർഷകസംഘം അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറി കെ കെ രാഗേഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജു കെ മാത്യു അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ പി കെ ജയപ്രകാശ് സ്വാഗതം പറഞ്ഞു .മന്ത്രി കെ എൻ ബാലഗോപാൽ കർഷകരെ ആദരിച്ചു. ജില്ലാ സെക്രട്ടറി സി ബാൾഡുവിൻ പ്രവർത്തന റിപ്പോർട്ടും ജോർജ് മാത്യു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവൻ, കോലിയക്കോട് കൃഷ്ണനായർ, എൻ എസ് പ്രസന്നകുമാർ, സൂസൻ കോടി, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, സി രാധാമണി, പി കെ ബാലചന്ദ്രൻ, ബി സജീവൻ തുടങ്ങിയവർ പങ്കെടുത്തു. രാത്രി 7 മണി മുതൽ കെ പി എ സി അവതരിപ്പിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം അരങ്ങേറി. 18 ഏരിയ കമ്മിറ്റികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500 ഓളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടരും വൈകിട്ട് അഞ്ചുമണിക്ക് പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മുൻ മന്ത്രി എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും.
അയല്‍വാസികളുടെ അടിയേറ്റ് യുവാവ് മരിച്ചു
കുന്നിക്കോട് : അയല്‍വാസികളുടെ അടിയേറ്റ് യുവാവ് മരിച്ചു.കുന്നിക്കോട് പച്ചില കടുവാംകോട് വീട്ടിൽ അനിൽകുമാർ (35) ആണ് മരിച്ചത്.ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു സംഭവം.അയല്‍വാസികളായ അല്‍ഫിയ ഭവനില്‍ സലാഹുദ്ദീന്‍ (60),മകന്‍ ദമീജ് (25) എന്നിവരും അനിൽ കുമാറും തമ്മിൽ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ടു തര്‍ക്കം ഉണ്ടായി .വീട്ടുമുറ്റത്ത് നിന്ന
തേക്കു മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി ഇരു വീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.രണ്ട് ദിവസം മുന്‍പ് നടന്ന തര്‍ക്കത്തിലും അനിലിന് തലയ്ക്ക് പരിക്കേറ്റിരുന്നു .വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഇരു വീട്ടുകാരും തമ്മില്‍ വഴക്കായിരുന്നു.ഇതെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ സലാഹുദ്ദീനും മകന്‍ ദമീജും ചേര്‍ന്ന് ഇരുമ്പ് വടി ഉപയോഗിച്ച് അനില്‍ കുമാറിനെ മര്‍ദ്ദിച്ചു.അനില്‍കുമാര്‍ വീടിന്റെ മുന്നില്‍ വച്ചാണ് സംഭവം.അക്രമത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കുന്നിക്കോട് പൊലീസ് സ്ഥലത്ത് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വയോധികരായ മാതാപിതാക്കള്‍ക്കൊപ്പമാണ് അനില്‍കുമാര്‍ താമസിക്കുന്നത്. ഇദ്ദേഹത്തിന് മാനസികാസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.കേസിലെ
പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് കുന്നിക്കോട് എസ് ഐ പറഞ്ഞു.വിരലടയാളവിദഗ്ധരും ശാസ്ത്രീയ പരിശോധന സംഘവും സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.
കെ. എസ്.യു പ്രവർത്തകരുടെ സാന്നിദ്ധ്യം ഭാരത് ജോഡോ യാത്രക്ക് കരുത്തേകി
ചവറയിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് രാഹുൽ ഗാന്ധി നേതൃത്വം നൽകിയ ജോ ഡോ യാത്രയിലെ കെ.എസ്.യു പ്രവർത്തകരുടെ സാന്നിദ്ധ്യം ശ്രദ്ദേയമായി. ശാസ്താംകോട്ട കെ.എസ്.എം.ഡി ബി.കോളജിലെ കെ.എസ്.യു പ്രവർകരാണ് ജോ ഡോ യാത്രയിൽ ശ്രദ്ധേയമായത്.
ഇന്ദിരാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത ടീഷർട്ട് ധരിച്ച നൂറോളം കെ.എസ്.യു പ്രവർത്തകരാണ് ജോ ഡോ യാത്രയെ വരവേറ്റത്. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം സുലൈമാൻ , കോളെജ് യൂണിയൻ ചെയർമാൻ ആസിഫ് മുഹമദ് , യൂണിറ്റ് പ്രസിഡന്റ് റിജോ കല്ലട തുടങ്ങിയവർ നേതൃത്വം നൽകി.
വിശ്വകർമ്മജയന്തി ദേശീയ തൊഴിൽ ദിനമാക്കി തൊഴിൽ മേഖലയെ സ്വദേശവൽക്കരിക്കണം – ബി എം എസ്
കൊട്ടിയം – മെയ് ദിനത്തിന് പകരം വിശ്വകർമ്മജയന്തി ദേശീയ തൊഴിൽ ദിനമായി പ്രഖ്യാപിച്ച് തൊഴിൽ മേഖലയെ സ്വദേശവൽക്കരിക്കണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ ആവശ്യപ്പെട്ടു.
വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ബി എം എസ് മേഖലാ സമിതി കൊട്ടിയത്ത് സംഘടിപ്പിച്ച പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന സന്ദർഭത്തിൽ അടിമത്തത്തിൻ്റെ അടയാളങ്ങൾ ഓരോന്നായി കേന്ദ്ര സർക്കാർ നീക്കം ചെയ്യുകയാണ്.
ദൽഹിയിലെ രാജ്പഥിൽ നിന്നും നാവിക സേനയുടെ പതാകയിൽ നിന്നും ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ അടയാളങ്ങൾ നീക്കം ചെയ്തിരിക്കുന്നു.
ഇന്ത്യൻ ദേശീയതയുമായോ തൊഴിൽ മേഖലയുമായോ പുലബന്ധം പോലുമില്ലാത്ത മെയ്ദിനാചരണം വൈദേശിക കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ സംഭാവനയാണ്.
ഭാരതീയ വിശ്വാസമനുസരിച്ച് തൊഴിലിൻ്റെ അധിഷ്ഠാന ദേവനായ വിശ്വകർമ്മാവിൻ്റെ ജയന്തിയാണ് തൊഴിലാളി ദിനമായി ആചരിക്കേണ്ടത്.
കെ എസ് ആർ ടി സി യിൽ തൊഴിൽ സമയം എട്ടിൽ നിന്ന് പന്ത്രണ്ട് മണിക്കൂറാക്കാൻ ശ്രമിക്കുന്നവർക്ക് മെയ്ദിനമാചരിക്കാൻ അവകാശമില്ലെന്നും പി എസ് ഗോപകുമാർ കുറ്റപ്പെടുത്തി.
ബി എം എസ് കൊട്ടിയം മേഖലാ പ്രസിഡണ്ട് എസ് ഗിരീന്ദ്രലാൽ അധ്യക്ഷനായിരുന്നു.
ആർ എസ് എസ് നഗർ സഹ കാര്യവാഹ് സുനിത്ത് ദാസ് ആശംസയർപ്പിച്ചു.
മേഖലാ സെക്രട്ടറി ഡി മണി സ്വാഗതവും മേഖലാ ജോയിൻ്റ് സെക്രട്ടറി വിനോദ് രാജ് നന്ദിയും പറഞ്ഞു.
മഠത്തിൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിന് സണ്ണി, സന്തോഷ്, മയ്യനാട് രാജൻ പിള്ള, കൊട്ടിയം സുനിൽ, നസിയ, വസന്തകുമാരി മുതലായവർ നേതൃത്വം നൽകി.
ശാസ്താംകോട്ട മേഖല സമിതിയുടെ നേതൃത്വത്തിൽ വിശ്വകർമ്മജയന്തി ആഘോഷം നടന്നു
ശാസ്താംകോട്ട: ബി എം എസ് ശാസ്താംകോട്ട മേഖല സമിതിയുടെ നേതൃത്വത്തിൽ വിശ്വകർമ്മജയന്തി ആഘോഷം നടന്നു. ഇന്റസ്ട്രിയൽ മസ്ദൂർ സംഘ് കൊല്ലം ജില്ലാ പ്രസിഡന്റ് വി.രവികുമാർ ഉൽഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് എം.എസ് ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സലില കുമാരി , സജീവ് കുമാർ , പ്രിൻസ് തുടങ്ങിയവർ സംസാരിച്ചു. നേരത്തെ ടൗൺ ചുറ്റി പ്രകടനവും നടന്നു.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽമുക്കുപണ്ടം പണയം വെക്കാനെത്തിയ ആള്‍ പിടിയില്‍
ഓയൂർ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽമുക്കുപണ്ടം പണയം വെക്കാനെത്തിയ ആളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂർ ആൽത്തറ മേലേവീട്ടിൽ 38 വയസുള്ള സന്തോഷ് കുമാർ ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ ഓയൂർ ചുങ്കത്തറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ എത്തിയ ഇയാൾ മൂന്ന് പവൻതുക്കം വരുന്ന മുക്കുപണ്ടം പണയം വെക്കാനായി നൽകി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. 916 കാരറ്റ് എന്ന ലേബൽ പതിച്ച മാല സ്വർണ്ണമാണോ എന്ന് സൂഷ്മപരിശോധന നടത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്.
ഇയാളെ തടഞ്ഞ് വെച്ച ശേഷം പോലീസിൽ അറിയിക്കുകയും പോലീസെത്തി അറസ്റ്റ് ചെയ്യുകയുയായിരുന്നു. അതിവിദഗ്ദ്ധമായി നിർമ്മിച്ചിട്ടുള്ള ഈ മാല സൂഷ്മ പരിശോധനയിൽ മാത്രമേ മുക്കുപണ്ടമാണോ എന്ന് തിരിച്ചറിയാൻ കഴിയൂ എന്നും സന്തോഷിനെ കൂടാതെ ഒരു ഗൂഢസംഘം ഇത്തരത്തിൽമുക്കുപണ്ടം നിർമ്മിച്ച് പണയം വെച്ച് തട്ടിപ്പ് നടത്തിവരുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ്അന്വേഷണം ഊർജ്ജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പൂയപ്പള്ളി സി.ഐ. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ജയ പ്രദീപ്, മധുസൂദനൻ നായർ , എ എസ് ഐ മാരായ ചന്ദ്രകുമാർ , അനിൽ കുമാർ, രാജേഷ്. സി പി ഒ ബിനുകുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോരുവഴിയിൽ വിശ്വകർമ്മ ദിനാഘോഷവും പുരസ്കാര വിതരണവും നടത്തി
പോരുവഴി : അഖില കേരള വിശ്വകർമ്മ മഹാസഭ ഇടയ്ക്കാട് ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷവും പ്രതിഭ പുരസ്കാര വിതരണവും നടത്തി.
താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.മുരളി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് മുരളീധരൻ അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി അനീഷ് കുമാർ,
താലൂക്ക് യൂണിയൻ സെക്രട്ടറി പുഷ്പാംഗതൻ, ബോർഡ് മെമ്പർ ജി. കെ.വേണു, എക്സിക്യൂട്ടീവ് അംഗങ്ങൾ, മഹിള സമാജം പ്രസിഡന്റ് ചന്ദ്രിക, ശാഖ ഖജാൻജി മധു ആചാരി തുടങ്ങിയവർ പ്രസംഗിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി
ഇടയ്ക്കാട് മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് സമ്മേളന നഗരി വരെ ഘോഷയാത്ര നടത്തി. പഠനത്തിൽ മികവ് തെളിയിച്ച ശാഖ അംഗങ്ങളുടെ മക്കൾക്ക് ചടങ്ങിൽ പ്രതിഭ പുരസ്കാരവും വിതരണം ചെയ്തു.
തെരുവ്‌നായ നിയന്ത്രണം,
പുനലൂരില്‍ നടപടി തുടങ്ങുന്നു
പുനലൂര്‍: തെരുവു നായ്ക്കളെക്കൊണ്ട് പൊറുതി മുട്ടുന്ന പുനലൂരില്‍ വന്ധ്യംകരണം ഉള്‍പ്പടെയുള്ള നിയന്ത്രണ നടപടികളുമായി നഗരസഭ. വളര്‍ത്തുനായ്ക്കള്‍ക്ക് പേ വിഷ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നതോടൊപ്പം തെരുവു നായ്ക്കളെ വന്ധീകരിക്കുന്ന നടപടികളും 20ന് ആരംഭിക്കും. വളര്‍ത്തു നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്താന്‍ 35 വാര്‍ഡിലും ശനി, ഞായര്‍ ദിവസങ്ങളിലായി ക്യാമ്പ് നടത്തും. പുനലൂര്‍ മൃഗാശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
പീഡനം: പ്രതി പിടിയില്‍
ചടയമംഗലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചിതറ, വളവുപച്ച സ്വദേശിയായ സഫ്രാനാണ് പിടിയിലായത്. ഓട്ടോഡ്രൈവറായ സഫ്രാന്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുകയും പ്രണയം നടിച്ച് പെണ്‍കുട്ടിയെ പലസ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചടയമംഗലം പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള കേസുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആയൂര്‍ പാലത്തിന് സമീപം കക്കൂസ് മാലിന്യം തള്ളി
ആയൂര്‍: ആയൂര്‍ പാലത്തിന് സമീപം കക്കൂസ് മാലിന്യം തള്ളി. ഇതിനു തൊട്ടടുത്തായിട്ടുള്ള ഹോട്ടലിനു മുന്നിലും മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സാമൂഹിക വിരുദ്ധര്‍ മാലിന്യം തള്ളിയതെന്നാണ് സംശയിക്കുന്നത്. മാലിന്യം നിക്ഷേപത്തെത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഇതുവഴി പോകാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് ഇളമാട് തോട്ട തറയിലും ഇത്തരത്തില്‍ സാമൂഹ്യവിരുദ്ധര്‍ ജനവാസ മേഖലയില്‍ കക്കൂസ് മാലിന്യം തള്ളിയിരുന്നു. ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. നിരന്തരമായ പോലീസ് പട്രോളിംഗ് ഉള്‍പ്പെടെയുള്ള സ്ഥലമാണ് ആയുര്‍. അവിടെയാണ് ഇത്തരത്തില്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്.
തേവലക്കര കർമ്മേൽ സ്നേഹനിലയത്തിൽ ഓണക്കോടി വിതരണവും തിരുവോണ സദ്യയും
കുന്നത്തൂർ :- ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ തേവലക്കര കർമ്മേൽ സ്നേഹനിലയത്തിൽ ഓണക്കോടി വിതരണവും തിരുവോണ സദ്യയും നല്കി. മിഴി ഗ്രന്ഥശാല ഈ വർഷത്തെ പൊന്നോണത്തെ വിവിധ ദിവസങ്ങളിൽ വിവിധ പരിപാടികളോടെ
“ഒരുമയോടെ ഒരോണം ” എന്ന പേരിൽ ആണ് വരവേൽക്കുന്നത് .തിരുവോണ ദിവസം ഗ്രന്ഥശാല അംഗങ്ങൾ കുടുംബത്തോടൊപ്പം സ്നേഹനിലയത്തിലെത്തി അവർക്കൊപ്പം തിരുവോണ സദ്യ കഴിക്കുയും എല്ലാ അന്തേവാസികൾക്കും ഓണക്കോടി വിതരണം ചെയ്യുകയും , ഗ്രന്ഥശാല അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
ഡോ: സുജിത്ത് വിജയൻ പിള്ള എം എൽ എ ഓണക്കോടി വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഓണ സന്ദേശം നല്കി.ഗ്രന്ഥശാല വൈസ് പ്രസിഡൻ്റ് ലത്തീഫ് പെരുംകുളം അദ്ധ്യക്ഷത വഹിച്ചു.
.ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, അക്കരയിൽ ഹുസൈൻ, അർത്തിയിൽ അൻസാരി,ഫാ: മനോജ് എം കോശി വൈദ്യൻ, ജെ.ജോൺസൻ, നാസർ മൂലത്തറയിൽ, മാത്യൂ പടിപ്പുരയിൽ, എച്ച്.ഹസീന, സബീന നാസർ പേറയിൽ, എം.ഷാജഹാൻ ചേഞ്ചിറക്കുഴി, സബീന ബൈജു എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഈക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മിഴി കുട്ടിക്കൂട്ടം ബാലവേദി കൂട്ടുകാരി ഫാത്തിമി അക്കയിലിനെ അനുമോദിച്ചു.
തെങ്ങില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപെടുത്തി
കുണ്ടറ : എഴുകോണ്‍ വട്ടമണ്‍കാവില്‍ തെങ്ങില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപെടുത്തി. വട്ടമണ്‍കാവ് പാറപ്പുറം ചിറ്റാകോട് പള്ളാത്തേരിൽ ശ്യാമിനെയാണ് (ഗണേശൻ – 50) രക്ഷപെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.45 ഓടെയായിരുന്നു സംഭവം. തേങ്ങ ഇട്ട ശേഷം തിരികെ ഇറങ്ങുന്നതിന് ഇടയില്‍ തെങ്ങില്‍
കെട്ടിയിരുന്ന കമ്പിയില്‍ കാൽ ഉടക്കി താഴേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ തന്നെ വീട്ടുടമസ്ഥന്‍ കുണ്ടറ ഫയര്‍ ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. രക്ഷാസേന സ്ഥലത്തെത്തി ഏണിയുടെയും കയറിന്റെയും സഹായത്തിൽ ശ്യാമിനെ താഴെ ഇറക്കി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുപ്രസിദ്ധ മോഷ്ടാവ്: ബൈക്ക് മോഷണ കേസിൽ പിടിയിൽ
കരുനാഗപ്പള്ളി: കുപ്രസിദ്ധ മോഷ്ടാവിനെ ബൈക്ക് മോഷണ കേസിൽ കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായി,
കീരിക്കാട് വില്ലേജിൽ വേരുവള്ളി ഭാഗം മുറി മട വന കിഴക്കതിൽ ആടുകിളി എന്ന നൗഷാദ് ആണ് പോലീസിൻ്റെ പിടിയിലയത്
,ഇയാൾ കഴിഞ്ഞ മാസം 13-ാം തീയതി രാത്രിയിൽ വട്ടപറമ്പ് മസ്ജിദിന് സമീപത്തുള്ള അനീഷിൻ്റെ ഉടമസ്ഥതയിലുള്ള ബൈക്ക് വീടിൻ്റെ പോർച്ചിൽ നിന്ന് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ അനീഷ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.സി.സി.ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷ്ടാവിനെ തിരിച്ചറിഞ്ഞ പോലിസ് ഇയാളെ പിടി കുടുകയായിരുന്നു.
നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാൾ മോഷണത്തിന് ശേഷം നാട് വിടുകയാണ് പതിവ്.പോലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയം കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഉപേക്ഷിക്കപ്പട്ട നിലയിൽ മോഷണം പോയ ബൈക്ക് കണ്ടെത്തിയിരുന്നു.തുടർന്നും മോഷ്ടാവിനായി അന്വേഷണം തുടർന്ന പോലീസ് പ്രതിയെ കായംകുളം കീരിക്കാട് ഭാഗത്തു നിന്നും പിടികൂടുകയായിരുന്നു.വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ നാൽപ്പതോളം കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് പിടിയിലായ നൗഷാദ്,
അമ്പലക്കര ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു
കൊട്ടാരക്കര: അമ്പലക്കര ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ കൊട്ടാരക്കര പാെലീസ് അറസ്റ്റ് ചെയ്തു. അടൂർ പറക്കോട് കല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ വീട്ടിൽ ദിവകാരൻ മകൻ തുളസീധരൻ (45) നെയാണ് അറസ്റ്റ് ചെയ്തത്. 7 തീയതി രാത്രിയിലാണ് മോഷണം നടത്തിയത്.
ക്ഷേത്രത്തിന്റെ ശ്രീ കോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന പതിനഞ്ച് പവൻ തിരുവാഭരണങ്ങളും 62 ചെറിയ താലികളും 100 ൽ കൂടുതൽ സ്വർണ്ണ പൊട്ടുകളും ഓഫീസിൽ സൂക്ഷിച്ചിരുന്ന 15 സ്വർണ്ണ ഏലസും 30 വെള്ളി ഏലസും ഓഫീസിൽ ഉണ്ടായിരുന്ന ഉദ്ദേശം 12000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. കൊട്ടാരക്കര ഡി.വൈ.എസ്.പി, ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ വി.എസ് പ്രശാന്ത്, എസ്.ഐ ദീപു കെ.എസ്, എസ്.ഐ അജയകുമാർ, എസ്.ഐ സുദർശന കുമാർ, എ.എസ്.ഐ രാജൻ, സി.പി.ഒ ജയേഷ്, സി.പി.ഒ ശ്രീരാജ്, സി.പി.ഒ സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഓപ്പറേഷൻ ഡെവിൾ ഹണ്ട് : കരുനാഗപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട, 19kg ഗഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
കൊല്ലം: ഓണഘോഷങ്ങൾ ലക്ഷ്യമിട്ട് ജില്ലയിൽ വിവിധയിടങ്ങളിൽ വില്പനയ്ക്കായി എത്തിച്ച 19കിലോ ഗഞ്ചാവുമായി വന്ന യുവാക്കളെ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസും പാർട്ടിയും പിടികൂടി.
ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് എക്സൈസ് ജില്ലയിൽ ആകെ നടത്തി വരുന്ന ഓപ്പറേഷൻ ഡെവിൾ ഹണ്ടിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് കരുനാഗപ്പള്ളി ഓച്ചിറ വവ്വാക്കാവ് ഭാഗത്ത് നിന്ന് 19 kg ഗഞ്ചാവ്മായി യുവാക്കളെ പിടികൂടിയത്. ഗഞ്ചാവ് കടത്തുവാൻ ഉപയോഗിച്ച വാഹനങ്ങളും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
കരുനാഗപ്പള്ളി താലൂക്കിൽ അയണിവേലിക്കുളങ്ങര വില്ലേജിൽ കോഴിക്കോട് ദേശത്ത് പറമ്പിൽ വീട്ടിൽ രാജേന്ദ്രൻ മകൻ ദീപു എന്ന് വിളിക്കുന്ന രാജേഷ് 39 വയസ്, കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖരപുരം വില്ലേജിൽ കടത്തൂർ മുറിയിൽ മഠത്തിൽ വീട്ടിൽ ഷാജഹാൻ മകൻ ഷംനാദ് 26 വയസ് എന്നിവരാണ് രണ്ടു കേസുകളിലായി അറസ്റ്റിലായത്.
കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന ഈ വൻ ഗഞ്ചാവ് സംഘത്തെപ്പറ്റി കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി സുരേഷിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് എക്സൈസ് സൈബർ സെൽ അംഗങ്ങളായ വിമൽ വി, വൈശാഖ് എന്നിവരുടെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകൾ ആണ് ഇത്രയും വലിയ അളവിലുള്ള ഗഞ്ചാവ് കൈമാറ്റത്തെ കുറിച്ചുള്ള വിവരം ലഭിച്ചതും ടിയാൻമാരെ പിടികൂടാൻ ഇടയായതും.
പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു .ബി പ്രിവൻ്റീവ് ഓഫീസർമാരായ മനു.ആർ, രഘു.കെ.ജി. സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, മുഹമ്മദ് കാഹിൽ ബഷീർ, നിഥിൻ, അജിത് ഡ്രൈവർ നിഷാദ് എന്നിവരുമുണ്ടായിരുന്നു.
സംഘത്തിലുള്ള കൂടുതൽ പേരെപ്പറ്റി വിവരം ലഭിച്ചിട്ടുള്ളതായും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് കൂടുതൽ വിപുലമായ അന്വേഷണം നടത്തുമെന്നും കൊല്ലം അസി: എക്സൈസ് കമ്മീഷണർ വി.റോബർട്ട് അറിയിച്ചു.
യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അതിനായി മയക്കു മരുന്ന് കണ്ടെത്തുന്നതിനായി ഈ മാസം 16-ാം തീയതി മുതൽ അടുത്ത മാസം 5 ആം തീയതി വരെ സ്പെഷ്യല്‍ ഡ്രൈവ് നടത്താൻ തീരുമാനിച്ചതായി കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി.സുരേഷ് അറിയിച്ചു.