കരുനാഗപ്പള്ളി:മുതിർന്ന മാധ്യമ പ്രവർത്തകനും,എൽഡേഴ്സ് ഫോറം താലൂക്ക് സെക്രട്ടറിയുമായ കോട്ടയടിയിൽ
എം.എ സമദിനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം.
കരുനാഗപ്പള്ളി എഫ്.സി.ഐ ക്വാർട്ടേഴ്സിന് മുൻപിൽ റോഡിന് വലതു വശത്ത് സംസാരിച്ചുകൊണ്ടു നിൽക്കുന്നതിനിടയിൽ റോഡിന് ഇടതു ഭാഗത്തു കൂടി വന്ന ബൈക്ക് പെട്ടെന്ന് വലതുഭാഗത്തേക്ക് വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ എം.എ സമദിന് നട്ടെല്ലിന് പൊട്ടലേറ്റ് ഗുരുതരമായ നിലയിൽ ആശുപത്രിയിൽ ചികിൽസയിലാണ്.തൊടിയൂർ ചെട്ടിയത്ത് മുക്കിൽ നിന്നും ബൈക്കിൽ വന്ന രണ്ടംഗ സംഘം
ഇദ്ദേഹത്തെ
അപായപ്പെടുത്താനുള്ള ഉദ്ദേശത്തോടു കൂടി
ബോധപൂർവ്വം ബൈക്ക് ഇടിച്ചതാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.30 വർഷമായി ആൾ താമസമില്ലാതെ കിടക്കുന്ന എഫ്. സി.ഐ ക്വാർട്ടേഴ്സിൽ കഴിഞ്ഞ രണ്ടു മാസക്കാലമായി ബൈക്കിൽ എത്തിയവരുടെ നേതൃത്വത്തിൽ പരിസരത്തുള്ള സ്കൂളുകളിലെ മുതിർന്ന ആൺകുട്ടികളും ചേർന്ന് മതിൽ ചാടി ക്വാർട്ടേഴ്സിന് അകത്ത് കടന്ന് മയക്കുമരുന്നും മദ്യവും ഉപയോഗിച്ച് വരുന്നതായി നാട്ടുകാർ പറഞ്ഞു.ഇതിനെതിരെ ഡിവിഷൻ കൗൺസിലർ എഫ്.സി.ഐ ഗോഡൗൺ മാനേജർക്ക് പരാതി നൽകിയതിനെ തുടർന്ന് എഫ്.സി.ഐ ഗോഡൗൺ മാനേജർ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി.
ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രദേശം കരുനാഗപ്പള്ളി പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. സംഭവം ദിവസം ഈ സംഘത്തിൽ പെട്ട കുറച്ച് വിദ്യാർത്ഥികൾ എഫ്.സി.ഐ.കെട്ടിടത്തിനു മുൻപിലും സമീപത്തുള്ള വീടിനു മുൻപിലും തുടരെ പടക്കം കത്തിച്ച് എറിഞ്ഞു കൊണ്ടിരുന്നു.സമീപത്ത് താമസിക്കുന്ന എം.എ സമദ് ഇത് ചോദ്യം ചെയ്ത് നിൽക്കുന്നതിനിടയിൽ
ഈ വിദ്യാർത്ഥികൾ മൊബൈലിൽ വിളിച്ചത് അനുസരിച്ച് പെട്ടെന്ന്
ബൈക്കിൽ എത്തിയ രണ്ടംഗ സംഘം മുതിർന്ന മാധ്യമപ്രവർത്തകനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ വീട്ടുകാർ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകിയതിനെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.