കാക്കിക്കെതിരെ സമരവിജയം നേടി കൊല്ലത്തെ അഭിഭാഷകർ

Advertisement

കൊല്ലം. ഒൻപതു ദിവസമായി കോടതി ബഹിഷ്ക്കരിച്ച് കൊല്ലം ജില്ലയിലെ അഭിഭാഷകർ നടത്തിവന്ന വന്ന സമരം ഒടുവിൽ വിജയം കണ്ടു.അഭിഭാഷകനെ കൈവിലങ്ങണിയിച്ച് മർദ്ദിച്ച കരുനാഗപ്പള്ളി സി.ഐ ജി.ഗോപകുമാർ,എസ്.ഐ അലോഷ്യസ് അലക്സാണ്ടർ എന്നിവരടക്കം നാലുപേരെ സസ്പെൻറ് ചെയ്ത് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

ഓണത്തിന് രണ്ടു ദിവസം മുൻപാണ് കൊല്ലം ബാറിലെ അഭിഭാഷകനായ പനമ്പിൽ എസ് ജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചത്.തൊട്ടു പിന്നാലെ തന്നെ അഭിഭാഷകനെതിരായ വീഡിയോ പോലീസ് തന്നെ പുറത്തുവിട്ടത് അവർക്ക് തന്നെ വിനയായി.പിന്നിൽ കൈ കൂട്ടിച്ചേർത്ത് കയ്യാമം വച്ച് സെല്ലിൽ അടയ്ക്കപ്പെട്ട അഭിഭാഷകൻറെ ചിത്രം അഭിഭാഷകരെ പ്രകോപിപ്പിച്ചു.കേരളത്തിലുടനീളം പ്രതിഷേധ സമരങ്ങളുയർന്നു.കൊല്ലം ജില്ലയിൽ തുടങ്ങി വെച്ച കോടതി ബഹിഷ്ക്കരണം ഒടുവിൽ ഹൈക്കോടതി വരെയെത്തി.അപ്പോഴും കുറ്റക്കാരെ സസ്പെൻറ് ചെയ്യില്ലെന്ന നിലപാടിലായിരുന്നു പോലീസും സർക്കാറും.

കൊല്ലത്തെ ഒരു സിപിഎം ഉന്നതനും പോലീസ് അസോസിയേഷൻ ഒന്നടങ്കവും പോലീസുകാർക്കായി നിലകൊണ്ടു.കൊല്ലം ബാർ അസോസിയേഷൻ തുടക്കത്തിൽ മൃദുസമീപനം സ്വീകരിച്ചെങ്കിലും വനിതാ അഭിഭാഷകർ അടക്കമുള്ള യുവ തലമുറയുടെ പ്രതിഷേധത്തിന് മുന്നിൽ നേതൃത്വത്തിന് വഴങ്ങേണ്ടി വന്നു.കുറ്റക്കാരായവരെ സ്ഥലം മാറ്റിയുള്ള അന്വേഷണം എന്ന ഉപാധി അംഗീകരിച്ച് മടങ്ങിയെത്തിയ കൊല്ലം ബാർ അസ്സോസിയേഷൻ ഭാരവാഹികൾക്കെതിരെ ജനറൽ ബോഡിയിൽ അഭിഭാഷകർ ആഞ്ഞടിച്ചു.തുടർന്ന് സമരം കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏറ്റടുക്കുകയായിരുന്നു കൊല്ലത്തെ അഭിഭാഷകർ.വനിതകൾ മുന്നിൽ നിന്ന് നയിച്ച സമരം തെരുവിലേക്ക് നീണ്ടതോടെ പോലീസ് നിരത്തുകളിൽ നിന്ന് പിൻവാങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.പോലീസ് നിയന്ത്രിക്കാൻ ഇല്ലാതെ ദേശീയപാതയിലൂടെയുള്ള സമരം കൊല്ലം നഗരത്തെ നിശ്ചലമാക്കി.

കരുനാഗപ്പള്ളി,ശാസ്താംകോട്ട,പുനലൂർ,കൊട്ടാരക്കര,പരവൂർ തുടങ്ങി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് അഭിഭാഷകർ സമരവേദിയിലേക്ക് ഇരച്ചെത്തി.തിരുവനന്തപുരം, പത്തനംതിട്ട,ഇടുക്കി,മാവേലിക്കര,ചെങ്ങന്നൂർ തുടങ്ങി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നും അഭിഭാഷകർ സമരത്തിന് െഎക്യദാർഢ്യവുമായി എത്തിയതോടെ കൊല്ലം കോടതി പരിസരം ഇതുവരെ കാണാത്ത പ്രതിഷേധത്തിനാണ് വേദിയായത്.കോടതി ബഹിഷ്‌ക്കരണ സമരം ഒൻപത് ദിവസം പിന്നിട്ടതോടെ കേരള ബാർകൗൺസിലിൻറെ മധ്യസ്ഥതയിൽ സംസ്ഥാന ആഭ്യന്തരവകുപ്പ് ചർച്ചയ്ക്ക് തയ്യാറായി.

കുറ്റക്കാരെ സസ്പെൻറ് ചെയ്യുക എന്ന ആവശ്യത്തിൽ കൊല്ലം ബാർ അസോസിയേഷൻ ഉറച്ചു നിന്നതോടെ സി.െഎ യെ കൈവിടാൻ സർക്കാർ നിർബന്ധിതമായി.വൈകിയാണെങ്കിലും പിടിച്ചു വാങ്ങിയ സസ്പെൻഷൻ കൊല്ലത്തെ അഭിഭാഷകർക്ക് അഭിമാന വിജയമായി.ഇനി കോടതിയിൽ കാണാം എന്ന പ്രഖ്യാപനത്തോടെ വിജയഭേരി മുഴക്കി അഭിഭാഷക സമരം കൊടിയിറങ്ങുന്നത് വിഷയം ഉടൻ അവസാനിക്കുന്നില്ല എന്ന സൂചന നൽകി തന്നെയാണ്.

Advertisement