അഭിരാമിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ അടുത്ത ബന്ധുവിന്റെ ആകസ്മിക മരണവും കാരണം;ബാങ്ക് അധികൃതർ നോട്ടീസ് പതിപ്പിക്കുന്നത് അറിഞ്ഞത് സംസ്ക്കാര ചടങ്ങിൽ അഭിരാമിയും കുടുംബവും പങ്കെടുക്കുന്നതിനിടയിൽ

Advertisement

ശാസ്താംകോട്ട: ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനത്തിൽ അജിയുടെയും ശാലിനിയുടെയും ഏക മകൾ അഭിരാമി (19) യുടെ പെട്ടന്നുള്ള ആത്മഹത്യയിലേക്ക് നയിച്ചത് അടുത്ത ബന്ധുവിന്റെ ആകസ്മിക വേർപാടും കാരണമെന്ന് സൂചന.

ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പിതാവാണ് പോലീസിന് കൈമാറിയത്.അഭിരാമിയുടെ കസിന്‍ ചെങ്ങന്നൂർ സ്വദേശി അനീഷ് പിള്ള (28) കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചിരുന്നു.ഷിപ്പ് യാർഡിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുംബൈയിലേക്ക്
പോകവേ തീവണ്ടിയിൽ വച്ചാണ് മരണം സംഭവിച്ചത്.അഭിരാമിയുടെ വളർച്ചയിലും പഠനത്തിലും നിർണായക പങ്ക് വഹിച്ചിരുന്ന സഹോദരതുല്യനായ വ്യക്തിയായിരുന്നു അനീഷ് പിള്ള.അഭിരാമിയുടെ ഗൈഡ് ലൈനറും മോട്ടിവേഷൻ ട്രെയിനറുമെല്ലാമായിരുന്നു അദ്ദേഹമെന്നാണ് സൂചന. അഭിരാമി പഠിക്കുന്നതും ചെങ്ങന്നൂരിലാണ്.

ഈ വേർപാട് അഭിരാമിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നത്രേ.ഇന്ന് ചെങ്ങന്നൂരിൽ അനീഷ് പിള്ളയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കവേയാണ് വീട്ടിൽ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് പതിപ്പിച്ച വിവരം അഭിരാമിയും മാതാപിതാക്കളും അറിയുന്നത്. ചടങ്ങുകൾക്ക് ശേഷം
വൈകിട്ടോടെ വീട്ടിൽ മടങ്ങിയെത്തിയ ശേഷം അജിയും ശാലിനിയും ബാങ്ക് അധികൃതരെ കാണാൻ പതാരത്തേക്ക് പോയി. ഈ സമയം അഭിരാമിയും മുത്തശ്ശി ശാന്തമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.രാവിലെ നോട്ടീസ് പതിപ്പിക്കാൻ ബാങ്ക് അധികൃതർ വീട്ടിലെത്തിയപ്പോഴും ശാന്തമ്മ മാത്രമാണ് ഉണ്ടായിരുന്നത്.

അജിയും ശാലിനിയും പതാരത്തേക്ക് പോയ ഉടൻ വൈകിട്ട് 4.30 ഓടെ അഭിരാമി മുറിയിൽ കയറി വാതിലടയ്ക്കുകയും ഫാനിൽ ഷാൾ കൊണ്ട് തൂങ്ങുകയുമായിരുന്നു.മുത്തശിയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ബാങ്ക് മാനേജരുമായി സംസാരിക്കുന്നതിനിടയിലാണ് അഭിരാമി ആത്മഹത്യ ചെയ്ത വിവരം അജിയും ശാലിനിയും അറിയുന്നത്.ശാസ്താംകോട്ട ഡിവൈഎസ്പി ഷെരീഫിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.
ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അനന്തര നടപടികൾക്കായി കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

അതിനിടെ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി എൻ വാസവൻ.സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Advertisement