കെഎസ്എംഡിബി കോളേജില്‍‍‍ യൂണിക് ഹൗസ് ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു

Advertisement

ശാസ്താംകോട്ട. ലോകം മുഴുവൻ ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന കാലത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ വൽക്കരണത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ മാറ്റം ഉൾക്കൊണ്ട് ഡിജിറ്റൽ കാലഘട്ടത്തിനൊപ്പം സഞ്ചരിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കേ വരുംതലമുറയ്ക്ക് ദിശാബോധം പകർന്നു നൽകാൻ സാധിക്കൂ എന്ന് ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ Adv. കെ. അനന്തഗോപൻ അഭിപ്രായപ്പെട്ടു. കെഎസ്എംഡിബി കോളേജ് കൊമേഴ്സ് വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഡോക്ടർ ബി എസ് ശ്രീകുമാർ മാതാപിതാക്കളുടെ സ്മരണാർത്ഥം നിർമ്മിച്ചു നൽകിയ ഡിജിറ്റൽ ലൈബ്രറി യൂണിക് ഹൗസ് പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ആദ്യമായി ഡിബി കോളേജിൽ തന്നെ ഇത്തരത്തിൽ പ്രത്യേകം ഡിജിറ്റൽ സംവിധാനം ഉണ്ടായതിൽ അഭിമാനം കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.

ഡോ. ബി. എസ്. ശ്രീകുമാർ മാതാ പിതാക്കളുടെ സ്മരണാർത്ഥം ഒന്നരകോടി രൂപ ചിലവിൽ നിർമിച്ചു നൽകിയതാണ് ഈ കെട്ടിട സമുച്ചയം. പൂർണ്ണമായും ഡോക്ടർ ബി എസ്. ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഒരു വർഷം കൊണ്ട് പൂർത്തീകരിച്ച് കോളേജിന് സമർപ്പിച്ചതിൽ ഡോ. ശ്രീകുമാറിന് പ്രസിഡൻറ് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുകയുണ്ടായി . കേരളത്തിലെ കോളേജുകൾക്ക് മാതൃകയായി നിൽക്കുന്ന ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളഎല്ലാ വിദ്യാർത്ഥികൾക്കും അറിവ് അന്വേഷികൾക്കും ഉപയോഗപ്രദമാകുന്ന വിധത്തിൽ പ്രവർത്തിക്കാൻ വേണ്ട എല്ലാ സഹായവും ബോർഡിൻറെ ഭാഗത്തുനിന്നും ഉണ്ടാകും എന്നും പ്രസിഡണ്ട് ഉറപ്പു നൽകി. പ്രിൻസിപ്പൽ ലജിത് വി എസ് അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ മെമ്പർ ശ്രീ പി. എം. തങ്കപ്പൻ, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ആർ അരുൺകുമാർ, രജിസ്ട്രാർ ഡോ. കെ. എസ്. അനിൽ കുമാർ, പ്രൊഫ. കെ. രാഘവൻ നായർ, പ്രൊഫ. ചന്ദ്രൻപിള്ള, പ്രശസ്ത കലാകാരൻ സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയവർ സംസാരിച്ചു. ഡോ. രേണുശ്രീ എസ്. സ്വാഗതവും ഡോ. അജേഷ് എസ്. ആർ നന്ദിയും പറഞ്ഞു.

Advertisement