പോപ്പുലർ ഫ്രണ്ട് നിരോധനം:പോരുവഴിയിൽ എസ്ഡിപിഐ പിന്തുണയോടെയുള്ള യുഡിഎഫ് ഭരണം ത്രിശങ്കുവിൽ; കോൺഗ്രസിന് അകത്തു നിന്നും പുറത്തു നിന്നും രാജിക്കായി മുറവിളി ശക്തം

Advertisement

പോരുവഴി: കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ അഞ്ച് വർഷത്തേക്ക് നിരോധിത സംഘടനയായി പ്രഖ്യാപിച്ചതിനെ തുടർന്ന് പോരുവഴി ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് ഭരണം തുലാസ്സിൽ.പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയുടെ പിന്തുണയോടെയാണ് ഇവിടെ യുഡിഎഫ് ഭരണം നടത്തുന്നത്.പി.എഫ്.ഐ യെ നിരോധിച്ചതോടെ എസ്‌ഡിപിഐ പിന്തുണയിലുള്ള ഭരണത്തിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. രാജി ആവശ്യം എൽഡിഎഫും ബിജെപിയും ഒരു പോലെ ഉയർത്തുമ്പോൾ കോൺഗ്രസിന് അകത്തു നിന്നുപോലും രാജിക്കായി മുറവിളി ശക്തമായിട്ടുണ്ട്.

18 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ ഒരു കക്ഷിക്കും ഭരണത്തിലേറാൻ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. യുഡിഎഫ് – 5,എൽഡിഎഫ് – 5, ബിജെപി- 5,എസ്‌ഡിപിഐ -3 എന്നിങ്ങനെയാണ് പോരുവഴിയിലെ കക്ഷിനില.എസ്‌ഡിപിഐ അംഗങ്ങളുടെ പിന്തുണയിലാണ് യുഡിഎഫ് ഭരണത്തിൽ കയറിയത്.എന്നാൽ ഇത് വിവാദമായതോടെ അന്നത്തെ ഡിസിസി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണ പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിച്ചിരുന്നു.എന്നാൽ ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അടവ്നയമായിരുന്നുവെന്ന് വ്യക്തമാക്കി കോൺഗ്രസ്കാർ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു.

തുടർന്നുള്ള കോൺഗ്രസ് വേദികളിലെല്ലാം ബിനു മംഗലത്തിന്റെ സാന്നിദ്ധ്യം കാണാമായിരുന്നു.നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം രാജി ആവശ്യപ്പെടണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.അതിനിടെ നിരോധനം പോപ്പുലർ ഫ്രണ്ടിന് മാത്രമാണെന്നും അവരുടെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇപ്പോൾ ചിലർ ഉയർത്തുന്ന രാജി ആവശ്യത്തിൽ കഴമ്പില്ലെന്നും എസ്ഡിപിഐ
നേതാക്കൾ അറിയിച്ചു.പോരുവഴി പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതി രാജിവച്ചാൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.