വ്യാപകമായ തരത്തില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന ഗൂഢസംഘത്തെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു

Advertisement

കരുനാഗപ്പള്ളി: സംസ്ഥാനത്തൊട്ടാകെ വ്യാപകമായ തരത്തില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന ഗൂഢസംഘത്തെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

മുക്കുപണ്ടം പണയംവെച്ച് വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര വെട്ടിക്കോട് ഉഷാഭവനില്‍ നിഷാദ് (33), ഇടുക്കി വാത്തിക്കുടി പെരുന്തോട്ടില്‍ കപ്യാര്‍കുന്നേല്‍ സുനീഷ് (28), ഇടുക്കി മണിയാര്‍കുടി പടിഞ്ഞാറെക്കര വീട്ടില്‍ അപ്പു എന്ന ബൈജേഷ് (22), ഇടുക്കി കട്ടപ്പന കൊച്ചുതോവാളം കാട്ടുകുടിയില്‍ സുബാഷ് (50), കോഴിക്കോട് പെരുവണ്ണ ഇല്ലത്തു താഴത്ത് മുതുവനാസ് വീട്ടില്‍ വിനോദ് (46) എന്നിവരാണ് പിടിയിലായത്.

നിഷാദ് കരുനാഗപ്പള്ളി കുലശേഖരപുരത്ത് വാടകക്ക് താമസിച്ചുവരികയായിരുന്നു. സ്ത്രീകള്‍ ജോലിക്കാരായുള്ള പണമിടപാട് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഇതിനായി വ്യാജ ആധാര്‍ കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്.

കരുനാഗപ്പള്ളി വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് രണ്ട് തവണകളിലായി 94.5 ഗ്രാം മുക്കുപണ്ടം പണയംവെച്ച് 3.71 ലക്ഷം രൂപ തട്ടുകയായിരുന്നു.

പണയ സ്വര്‍ണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ സ്ഥാപന ഉടമ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സമര്‍പ്പിച്ച തിരിച്ചറിയല്‍ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. ആദ്യം നിഷാദ് പിടിയിലാവുകയും ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇവര്‍ക്ക് എല്ലാ ജില്ലകളിലും പണയം വെക്കുന്നതിന് ഏജന്റുമാര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സുഭാഷാണ് മുക്കുപണ്ടങ്ങള്‍ ഉണ്ടാക്കി 916 മുദ്ര പതിച്ചുനല്‍കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തട്ടിപ്പ് നടത്തിയതിന് പ്രതികള്‍ക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു.

കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ സുജാതന്‍ പിള്ള, ശ്രീകുമാര്‍, കലാധരന്‍ പിള്ള, എ.എസ്.ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍, അജി, അജയന്‍, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.