കുന്നത്തൂർ : കോൺഗ്രസ്സ് കമ്മിറ്റിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക്
പിന്തുണയുമായി കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി.കേരളത്തിൽ നിന്നുള്ള ശശി തരൂർ മത്സര രംഗത്തുള്ളപ്പോഴാണ് കർണാകടയിൽ നിന്നുള്ള ഖാർഗെയെ പിന്തുണച്ച് കൊടിക്കുന്നിൽ രംഗത്തെത്തിയത്.ഖാർഗെയുടെ സ്ഥാനാർഥിത്വം ഏറ്റവും അനുയോജ്യമെന്നും കാലഘട്ടം ആവശ്യപ്പെടുന്ന തീരുമാനവുമാണെന്ന നിലപാടാണ് കൊടിക്കുന്നിലിന്.
ശക്തമായ മതേതര നിലപാട്,ദീർഘകാല രാഷ്ട്രീയ പരിചയം,കേന്ദ്ര സംസ്ഥാന ഭരണ നിർവഹണത്തിൽ ആഴത്തിലുള്ള അറിവ്,പാർട്ടിയിലും സർക്കാരിലും കേന്ദ്ര മന്ത്രി പദം വരെ നിർവഹിച്ച പ്രവൃത്തി പരിചയം എന്നിവയും ഖാർഗെയെ കോൺഗ്രസ്സ് അധ്യക്ഷ പദവിയിലേക്ക് ഏറെ യോഗ്യനാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖാർഗെയുടെ സ്ഥാനാർഥിത്വത്തിൽ കൂടി കോൺഗ്രസ്സ് പ്രസ്ഥാനം ഇന്ത്യയിലെ ദളിത് ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിക്കുകയാണ് എന്നും
ഖാർഗെയിലൂടെ കോൺഗ്രസ്സ് സംഘടന മികവിനും സാമൂഹ്യ പ്രതിബദ്ധതയ്ക്കും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള നിലപാടുകൾ കൂടി പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നവെന്നും കൊടിക്കുന്നിൽ സുരേഷ് എം പി വ്യക്തമാക്കി.