മൈനാഗപ്പള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് വിദേശ മദ്യവില്പന നടത്തി വന്ന ഇടവനശ്ശേരി സ്വദേശി അറസ്റ്റിൽ;7 ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു

Advertisement

ശാസ്താംകോട്ട:മൈനാഗപ്പള്ളി ഉദയ ജംഗ്ഷനു സമീപം വാഴോട്ട് തറയിൽ വാടക വീട് കേന്ദ്രീകരിച്ച് വിദേശ മദ്യവില്പന നടത്തി വന്ന യുവാവ് അറസ്റ്റിൽ.ഇടവനശ്ശേരി ആലുവിള വീട്ടിൽ ബിജു(48) ആണ് അറസ്റ്റിലായത്.മദ്യം വാങ്ങാനെത്തിയ ഒരാൾ പരിശോധനയ്ക്ക് എത്തിയ
പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.ബിജു താമസിച്ചിരുന്ന വാടക വീടിന്റെ തിണ്ണയിൽ കറുത്ത പ്ലാസ്റ്റിക്ക് മറച്ചിരുന്ന വിറകിനടിയിൽ നിന്നും ഏഴ്
ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു. മൂന്ന് വർഷമായി പ്രതി ഇവിടെ വാടകയ്ക്ക് കഴിഞ്ഞു വരികയായിരുന്നു.ശനിയാഴ്ച വൈകിട്ട് പട്രോളിങിന് ഇറങ്ങിയ ശാസ്താംകോട്ട പോലീസ് വാടക വീട് കേന്ദ്രീകരിച്ച് മദ്യവില്പന നടക്കുന്നതായ വിവരത്തെ തുടർന്നാണ് പരിശോധനയ്ക്ക് എത്തിയത്. എ.എസ്.ഐമാരായ രാജേഷ്,സലീം, സിപിഒ നിഷാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.