ട്രെയിനിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ച യുവ സൈനികന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി ജന്മനാട്

Advertisement

ശാസ്താംകോട്ട : ജോലിസ്ഥലത്തുനിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ച വേങ്ങ സ്വദേശിയായ യുവ സൈനികന് ജന്മനാടിന്റെ അശ്രുപൂജ.വേങ്ങ കാവല്‍പുര ജംക്ഷന്‍ ചാങ്ങയില്‍ വീട്ടിൽ ലാല്‍ മോഹന്‍(35) സെപ്തംബർ മുപ്പതിനാണ്
മരിച്ചത്.തിങ്കൾ രാവിലെ ഒൻപതോടെ വീട്ടിലെത്തിച്ച മൃതദേഹം രണ്ട് മണിക്കൂറോളം വീട്ടിൽ പൊതു ദർശനത്തിന് വച്ചു.സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട നൂറുകണക്കിനാളുകൾ അന്ത്യാജ്ഞലി അർപ്പിച്ചു.ഭർത്താവിന്റെ ആകസ്മിക വിയോഗം സഹിക്കാൻ കഴിയാതെ അലമുറയിട്ട ഭാര്യ രമ്യയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ നന്നേ പാടുപ്പെട്ടു.

ലാൽ മോഹനൊപ്പം ജോലി സ്ഥലമായ നാസിക്കിൽ ആയിരുന്ന ഭാര്യ രമ്യയും മക്കളായ രോഹിതും ലക്ഷ്മിയും ഇന്നലെയാണ് നാട്ടിലെത്തിയത്.11 ഓടെ വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിൽ ഔദ്യോദിക ബഹുമതികളോടെ മൃതദേഹം സംസ്ക്കരിച്ചു.നേത്രാവതി എക്‌സ്പ്രസില്‍ നാസികില്‍ നിന്നും വരുംവഴി ചേപ്പാട് വച്ച് ആണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.കായംകുളത്ത് സ്റ്റേഷനില്‍ ഇറക്കി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നാസികില്‍ കുടുംബത്തോടൊപ്പമുണ്ടായിരുന്ന ഭാര്യാമാതാവിനെ നാട്ടില്‍ കൊണ്ടു വിടാനായി വരികയായിരുന്നു.പിറ്റേ ദിവസം നേത്രാവതിയില്‍ തന്നെ മടങ്ങാനായിരുന്നു തീരുമാനം.