ഓച്ചിറ.ഓണാട്ടുകരയുടെ ആര്‍പ്പും ആവേശവും വാനോളമുയര്‍ന്നപ്പോള്‍ ഓച്ചിറയുടെ കാളകെട്ടുല്‍സവം ആനന്ദക്കടലേറ്റമായി. വിവിധ കരകളില്‍നിന്നും ഒഴുകിയെത്തിയ ജനങ്ങളും അവരുടെ അര്‍പ്പണമായ ഉരുക്കളും പടനിലം നിറഞ്ഞപ്പോള്‍ തെക്കന്‍ തിരുവിതാംകൂറിലെ ഏറ്റവും വലിയ ഉല്‍സവക്കാഴ്ചയായി അത് മാറി.
മാസങ്ങളുടെ തയ്യാറെടുപ്പിന്റെ പരിസമാപ്തിയായിരുന്നു പടനിലം കണ്ടത്. കോവിഡിന്റെ സുദീര്‍ഘമായ ഇടവേളക്കുശേഷമാണ് കാളകെട്ട് ലഹരി ഓച്ചിറയില്‍ പരന്നത്. മാസങ്ങളായി വിവിധ കരകളും കാളകെട്ടു സമിതികളും ഒരുക്കങ്ങളിലായിരുന്നു.
കെട്ടി സൂക്ഷിച്ചിരുന്ന ഉരുക്കളില്‍ പലപോരായ്മയുമുണ്ടായിരുന്നത് തീര്‍ക്കണമായിരുന്നു. പിന്നെ പൂജകള്‍, അഴിച്ചൊരുക്കുകള്‍, കെട്ടിക്കേറ്റുകള്‍ അങ്ങനെ 28-ാം ഓണമെന്ന ആവേശത്തിലേക്ക് ഓച്ചിറ എത്തിച്ചേര്‍ന്നു.
ആവേശം ചോരാതെ പടുകൂറ്റന്‍ ഉരുക്കളെ പടനിലത്തെത്തിക്കാന്‍ കരകള്‍ മല്‍സരിച്ചു. രാത്രി ദീപാലങ്കാരങ്ങളും ഫ്‌ളഡ് ലൈറ്റുകളും കാളകെട്ടിന് വര്‍ണാഭ കൂട്ടി.