കൊല്ലം പ്രാദേശിക ജാലകം

Advertisement

വടക്കാഞ്ചേരി ബസ് അപകടത്തില്‍ കൊല്ലം ജില്ലക്ക് നഷ്ടമായത് രണ്ട് യുവാക്കളെ

കെ എസ്‌ ആർ ടി സി യാത്രക്കാരായ വെളിയം സ്വദേശി അനൂപും പുനലൂര്‍ സ്വദേശി ദീപുഭാനുവുമാണ് മരിച്ചത്.
കൊട്ടാരക്കര :പാലക്കാട്ട് വടക്കന്‍ചേരിയില്‍ കെ. എസ്.ആർ.ടി.സി ബസും ടൂറി സ് റ്റ് ബസും കൂട്ടിയിടിച്ചതിൽ കൊല്ലം ജില്ലക്ക് നഷ്ടമായത് രണ്ട് യുവാക്കളെ. വെളിയം വെെദ്യൻകുന്ന് ഓമനകുട്ടൻ, ദേവി ദമ്പതികളുടെ മകൻ അനൂപ് (22) ആണ് ഒരാള്‍. ഇന്നലെ വെെകിട്ട് 3.30 ന് വീട്ടിൽ നിന്ന് കാേയമ്പത്തുരിൽ തുടർ വിദ്യാഭ്യാസ അഭിമുഖത്തിനായി പോയതായിരുന്നു.ട്രയിന്‍ നഷ്ടമായതാണ് അനൂപിന് നിര്‍ഭാഗ്യമായത്.

അനൂപും ദീപുവും

പിതാവ് സ്കൂട്ടറിൽ അനൂപിനെ കാെട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ കാെണ്ടു വന്നു. താമസിച്ച് എത്തിയതിനാൽ ട്രെയിൻ കിട്ടിയില്ല. തുടർന്ന് കാെട്ടാരക്കര കെ.എസ്.ആർ.ടി.സി ബസിൽ പാേകുകയായിരുന്നു. ചന്ദനത്താേപ്പ് ഐ.ടി.ഐ പാസായ അനുപ് മറ്റാെരു കാേഴ്സിന് ചേരാൻ പോവുകയായിരുന്നു. ഇന്നു രാവിലെയാണ് അനൂപ് മരണപ്പെട്ടതായുള്ള വിവരം വീട്ടിൽ അറിയുന്നത്. അനൂപ് കെ. എസ്. ആർ.ടി.സി ബസിന്റെ പിൻ ഭാഗത്തായി ഇരിക്കുകയായിരുന്നു. പിറകുവശത്തുകൂടി അമിത വേഗതയിൽ പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ മോർച്ചറിയിലാണ്.

ബസ് അപകടത്തിൽ മരണപ്പെട്ട ദീപു ഭാനു ( അപ്പൂസ് 27 )പുനലൂർ മണിയാർ,എരിച്ചിക്കൽ ചരുവിള കോട്ടത്തല വീട്ടിൽ ഉദയഭാനുവിന്റെയും യും ശശികലയുടെയും മകനാണ്.
കോയമ്പത്തൂർ അമൃതവിശ്വവിദ്യാ പീഠത്തിലെ പി എച്ച് ഡി വിദ്യാർത്ഥിയാണ് മരിച്ച ദീപു ഭാനു പൂജയുടെ അവധിക്ക് വന്നിട്ട് തിരിച്ച് പോകും വഴിയാണ് അപകടം സംഭവിച്ചത്. ധന്യ ഭാനു സഹോദരിയാണ്

20 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ:

അഞ്ചൽ:ബീവറേജിൽ നിന്നും മദ്യം വാങ്ങി കൂടിയ വിലയ്ക്ക് മറിച്ച് വിൽക്കുന്നതിനായി അനധികൃതമായി കടത്തിക്കൊണ്ടുവന്ന ഇരുപതിനായിരത്തി അഞ്ഞൂറ് മില്ലി ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി രണ്ടുപേരെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. വടമൺ കോമളം രഞ്ജു ഭവനിൽ സുധീഷ് കുമാർ (40), മുകളുവിള വീട്ടിൽ ഗിരീഷ് കുമാർ (46) എന്നിവരെയാണ് ഏരൂർ എസ് ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിളക്കുപാറ ഇടക്കൊച്ചിയിൽ നിന്നും പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിളക്കുപാറ ഭാഗത്തെത്തിയ പോലീസ് ഈച്ചൻ കുഴിയിൽ വച്ച് ഇവർ വന്ന ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചെങ്കിലും നിർത്താതെ അതിവേഗതയിൽ ഓടിച്ചു പോകുകയായിരുന്നു. തുടർന്ന് മൂന്ന് കിലോമീറ്ററോളം പിന്തുടർന്ന പോലീസ് ഇടക്കൊച്ചിയിൽ വച്ച് കുറുക്കു വച്ച് വാഹനം പിടികൂടുകയായിരുന്നു.

ഇവരിൽ നിന്നും 41 കുപ്പികളിലായി ഇരുപതിനായിരത്തി അഞ്ഞൂറ് മില്ലി ലിറ്റർ മദ്യവും മദ്യം വിറ്റ വകയിലുള്ള 1700 രൂപയും മദ്യം കടത്തിക്കൊണ്ടുവന്ന ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു. ഏരൂർ എസ് ഐ ശരലാലിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ തുഷാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കുന്നിക്കോട് പച്ചക്കറി കടയിൽ പിരിവിനെത്തി അതിക്രമം ,
കോൺഗ്രസ് നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ചു

കുന്നിക്കോട് .പച്ചക്കറി കടയിൽ അതിക്രമം കാണിച്ച
3 കോൺഗ്രസ് നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ചു. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ,
ഡിസിസി അംഗം കുന്നിക്കോട് ഷാജഹാൻ,
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ്ഖാൻ എന്നിവരെ തിരിച്ചെടുത്തതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.ഭാരത്ജോഡോ യാത്രയ്ക്ക് 2000 രൂപ നൽകാത്തതിന് അസഭ്യം പറയുകയും
സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തതിനായിരുന്നു സസ്പെൻഷൻ

ക്രിമിനൽ കേസ് പ്രതി 17 വർഷത്തിന് ശേഷം അറസ്റ്റിൽ

അഞ്ചൽ: നിരവധി ക്രിമിനൽ കേസുകളിലും മോഷണക്കേസിലും പ്രതിയായ ആളിനെ പതിനേഴ് വർഷത്തിന് ശേഷം അഞ്ചൽ പൊലീസ് കാസർകോട് നിന്നും അറസ്റ്റ് ചെയ്തു.കോട്ടുക്കൽ ഷംന മൻസിലിൽ സക്കറിയ ഉണ്ണി (38)യാണ് പിടിയിലായത്.2005 ജനുവരി 28-ാം തീയതി ഇടമുള്യ്ക്കൽ പാലമുക്കിൽ അനിൽകുമാറിൻ്റെ കടയിൽ കയറി ആക്രമണം നടത്തി പണാപഹരണം നടത്തിയ സംഘം ത്തിൽപ്പെട്ട ആളായിരുന്നു സക്കറിയ ഉണ്ണി. ഈ കേസിൽപ്പെട്ട മറ്റ് രണ്ട് പ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നതാണ്.സംഭവത്തിന് ശേഷം

ഒളിവിൽ പോയ സക്കറിയ ഉണ്ണി കാസർകോഡ് നിന്നും വിവാഹം ചെയ്ത് കല്ലോഡ് പെരിയ എന്ന സ്ഥലത്ത് താമസിച്ചു വരികയായിരുന്നു.പൊലീസിൻ്റെ രഹസ്യാന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തെത്തുടർന്ന് പുനലൂർ ഡി.വൈ.എസ്.പി ബി.വിനോദിൻ്റെ നിർദ്ദേശാനുസരണം അഞ്ചൽ ഇൻസ്പെക്ടർ കെ.ജി ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, സി.പി.ഒമാരായ വിനോദ് കുമാർ, ദീപു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ കാസർകോടു നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

ജെ.സി.ഐ അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

കുന്നത്തൂർ : ലോക അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ശാസ്താംകോട്ടയുടെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലയിലെ മികച്ച അധ്യാപകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.എൽ.പി, യു.പി,എച്ച്.എസ്‌,എച്ച്.എസ്‌.എസ്സ്, വിഭാഗങ്ങളിലെ നാല് അദ്ധ്യാപകർക്കാണ് അവാർഡ് ലഭിച്ചത്.

എൽ.പി വിഭാഗത്തിൽ അമ്പലക്കര ഗവ.എൽ.പി.എസിലെ പ്രഥമാദ്ധ്യാപകൻ കെ ജി ജോൺസൺ,യു.പി വിഭാഗത്തിൽ കൊട്ടാരക്കര യു.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ ബി.എസ്‌ ഗോപകുമാർ,എച്ച്.എസ്‌ വിഭാഗത്തിൽ കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക ജി.ശ്രീലത,എച്ച്.എസ്‌.എസ്സ് വിഭാഗത്തിൽ ചാത്തിനാകുളം എം.എസ്‌.എം.എച്ച്.എസ്‌.എസ്സ് അദ്ധ്യാപകൻ ശ്രീരംഗം ജയകുമാർ എന്നിവർക്കാണ് അവാർഡ് ലഭിച്ചത്.അവാർഡുകൾ അടുത്ത മാസം ശാസ്താംകോട്ടയിൽ വെച്ച് നടക്കുന്ന യോഗത്തിൽ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ്‌ എൽ.സുഗതൻ അറിയിച്ചു.

വേങ്ങ മുസ്ലിം ജമാഅത്തിൽ നബി ദിനാഘോഷത്തിന് തുടക്കമായി

ശാസ്താംകോട്ട : വേങ്ങ മുസ്ലിം ജമാഅത്തിൽ മെഡിക്കൽ ക്യാമ്പോടെ നബിദിനാഘോഷത്തിന് തുടക്കമായി.നേത്രപരിശോധന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഐ.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എച്ച്.ഖാദർ കുട്ടി,സെക്രട്ടറി എസ്.ഹക്കിം,എൻ.അഷ്റഫ്,എസ്.എ ഷാജഹാൻ,താജുദീൻ,എൻ.അൻഷാദ്,എം.ലത്തീഫ്,ഷാനവാസ് ഇബ്രാഹിം, അസ്‌ലം ഷാമക്കാനി തുടങ്ങിയവർ പ്രസംഗിച്ചു.

വേങ്ങ മുസ്ലിം ജമാഅത്തിൽ നബി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന നേത്രപരിശോധന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

കായംകുളം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയിലെ കണ്ണ് രോഗ വിദഗദ്ധ ഡോ.മീര,മാർക്കറ്റിങ്ങ് മാനേജർ എം.എച്ച്. ഷാൻ എന്നിവർ നേതൃത്വം നൽകി.വ്യാഴം,വെള്ളി ദിവസങ്ങളിൽ വിവിധ പരികളോടെ ആഘോഷങ്ങൾ അവസാനിക്കും.

കോൺഗ്രസ് പ്രവർത്തകർക്ക് ഊർജ്ജവും ആവേശവും പകർന്ന് ശൂരനാട് വടക്ക് ചിന്തൻ ശിബിരം

ശൂരനാട്: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ഉദയ്പൂർ ചിന്തൻ ശിബിരത്തിന്റെ മാതൃകയിൽ കേരളത്തിൽ ആദ്യമായി ശൂരനാട്,ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശൂരനാട് വടക്ക് പഞ്ചായത്തുതല ചിന്തൻ ശിബിരം വ്യത്യസ്ഥമായി.ഗാന്ധി ജയന്തി ദിനത്തിൽ പഞ്ചായത്തിലെ പാർട്ടി പ്രവർത്തകർക്കിടയിലുള്ള ചെറുതും വലുതുമായ അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു പരിഹരിച്ചു പാർട്ടി പ്രവർത്തനം കൂടുതൽ ഊർജസ്വലമായി മുന്നോട്ട് കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് ശിബിരം
സംഘടിപ്പിച്ചത്.18 വാർഡുകളിൽ നിന്നുമായി 170 പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.

കോൺഗ്രസ് ശൂരനാട് വടക്ക് പഞ്ചായത്തുതല ചിന്തൻ ശിബിരം കെപിസിസി മുൻ പ്രസിഡന്റ് തെന്നല.ജി.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു

വേദി ഒഴിവാക്കി പ്രതിനിധികളോടൊപ്പമാണ് നേതാക്കൾക്കും ഇരിപ്പിടം തയ്യാറാക്കിയത്.രാവിലെ 8.30ന് ഗാന്ധി ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തിയതിന് ശേഷം പ്രതിനിധികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.രാത്രി 9.30 ന് ദേശീയഗാനത്തോട് കൂടിയാണ് പരിപാടികൾ അവസാനിച്ചത്. പ്രതിനിധികൾ ചർച്ചയിൽ സജീവമായിരുന്നു.കെപിസിസി മുൻ പ്രസിഡന്റ് തെന്നല.ജി.ബാലകൃഷ്ണപിള്ള ശിബിരം ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ വി.വേണുഗോപാലക്കുറുപ്പ്
അധ്യക്ഷത വഹിച്ചു.ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എംപി,ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ,കെപിസിസി മെമ്പർ എം.വി ശശികുമാരൻനായർ,ബ്ലോക്ക് പ്രസിഡന്റുമാരായ കെ.സുകുമാരൻ നായർ,തുണ്ടിൽ നൗഷാദ്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എസ്.അനുതാജ്,സി.കെ പൊടിയൻ എന്നിവർ പ്രസംഗിച്ചു.എൻജിഒ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് വി.കെ.എൻ പണിക്കർ പ്രതിനിധികൾക്ക് രാജ്യത്തിന്റെ വളർച്ചക്ക് കോൺഗ്രസ് നൽകിയ സംഭാവന എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.ശൂരനാട് മണ്ഡലം പ്രസിഡന്റ് എച്ച്.അബ്ദുൽ ഖലീൽ സ്വാഗതവും ശൂരനാട് വടക്ക് മണ്ഡലം പ്രസിഡന്റ് എസ്.ശ്രീകുമാർ നന്ദിയും പറഞ്ഞു.

മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചു

കുന്നത്തൂർ :- ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചു.നിരവധി കുരുന്നുകൾ ഗ്രന്ഥശാല അങ്കണത്തിൽ സംഘടിച്ച ചടങ്ങിൽ ആദ്യാക്ഷരം കുറിച്ചു.

സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഡോ. പി കെ ഗോപൻ ആദ്യക്ഷരം പകർന്ന് നല്കി.ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ, സഫർ കാരുർ, എം.ഷാജഹാൻ ചേഞ്ചിറക്കുഴി, സബീന ബൈജു, ഹർഷ ഫാത്തിമ, ഷാജഹാൻ അയത്തിയിൽ തുടങ്ങിയവർ നേതൃത്വം നല്കി.

കരുനാഗപ്പള്ളിയില്‍ എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍

കരുനാഗപ്പള്ളി. എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. തൊടിയൂര്‍ ഭാഗത്ത് നിന്നാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.ബാംഗ്ലൂരില്‍ നിന്നും MDMA അടക്കമുള്ള മാരക സിന്തറ്റിക് ലഹരി വസ്തുക്കള്‍ കരുനാഗപ്പള്ളി മേഖലയില്‍ എത്തിച്ച് ചില്ലറ വില്‍പ്പന നടത്തിവരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് മൂന്ന് പേരും പിടിയിലാകുന്നത്.

കരുനാഗപ്പള്ളി ഇടക്കുളങ്ങരയില്‍ വീട് കേന്ദ്രീകരിച്ച് ചില യുവാക്കള്‍ തമ്പടിക്കുന്നതായും പല യുവാക്കളും ബാംഗ്ലൂര്‍ അടക്കം അന്യസംസ്ഥാന നഗരങ്ങളില്‍ നിരന്തരമായി യാത്ര ചെയ്തു വരുന്നതായും എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചു . തുടര്‍ന്ന് എക്‌സൈസ് ഷാഡോ സംഘം ഈ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തുകയായിരുന്നു. വീട് കേന്ദ്രീകരിച്ച് താമസിക്കുന്നവര്‍ ബാംഗ്ലൂരില്‍ നിന്നും MDMA അടക്കമുള്ള മാരക സിന്തറ്റിക് ലഹരി വസ്തുക്കള്‍ കരുനാഗപ്പള്ളി മേഖലയില്‍ എത്തിച്ച് ചില്ലറ വില്‍പ്പന നടത്തിവരുന്നവരാണെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇവര്‍ പിടിയിലാകുന്നത് .കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി 25 വയസുള്ള അനന്തുവും ശൂരനാട് വടക്ക് സ്വദേശി 22 വയസുള്ള പ്രവീണ്‍, തൊടിയൂര്‍ സ്വദേശി 22 വയസ്സുള്ള അഹിനസ് എന്നിവരെയാണ് NDPട ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത് .ഇവരുടെ പക്കല്‍ നിന്ന് 51 ഗ്രാം MDMA യും പിടികൂടി.
അഹിനസിന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത് .ഇവര്‍ ആഡംബര ബൈക്കില്‍ ബാംഗ്ലൂരിലെത്തുകയും അവിടെനിന്നും ഒരു ലക്ഷം രൂപ കൊടുത്ത് 50 ഗ്രാം എംഡിഎംഎ കരുനാഗപ്പള്ളി മേഖലയിലെ വില്പനയ്ക്കായി വാങ്ങുകയാണ് ഉണ്ടായത് .അഹനസാണ് മുഖ്യ സൂത്രധാരനെന്ന് എക്‌സൈസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതികള്‍ മൂന്ന് പേരും ചേര്‍ന്നാണ് MDMA വാങ്ങുന്നതിനുള്ള പൈസ സ്വരൂപിച്ചിട്ടുള്ളത് . വില്‍പനക്കായി ചെറിയ പാക്കറ്റുകളില്‍ ആക്കുന്നതിനിടയിലാണ് പ്രതികളെ പിടികൂടയത്. ബൈക്കില്‍ നിന്നും 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട് .മയക്കുമരുന്ന് കണ്ടെത്തുന്നതിനായി കേരള സംസ്ഥാനം മുഴുവന്‍ പ്രത്യേക NDPS സ്‌പെഷല്‍ ഡ്രൈവ് നിലവില്‍ നടന്നുവരികയാണ്. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രത്യേക രാത്രികാല പരിശോധന .കേസിലെ അന്യസംസ്ഥാന ബന്ധങ്ങള്‍ അടക്കമുള്ള കാര്യങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു.കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു .

വോട്ടർമാരുടെ ഐഡിയും, ആധാർ കാർഡുമായി ബന്ധിപ്പിക്കാം

മൈനാഗപ്പള്ളി. പഞ്ചായത്ത്‌ വേങ്ങ ഒൻപതാം വാർഡിലെ താമസക്കാരായ 130)o ബൂത്തിലെ (അംഗൻവാടി) വോട്ടർമാരുടെ ഐഡിയും, ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാലയിൽ സൗകര്യമൊരുക്കുന്നു…
ഇതിന് വേണ്ടി, ഈ വരുന്ന ഞായറാഴ്ച (09-10-22)രാവിലെ 10 മണി മുതൽ, ബിഎല്‍ഒ ഗ്രന്ഥശാലയിൽ ഉണ്ടായിരിക്കുന്നതായിരിക്കും… ആധാർ കാർഡും വോട്ടർ ഐഡി (കൈയിലുണ്ടെങ്കിൽ) ഒപ്പം നിങ്ങളുടെയോ വീട്ടിലുള്ള മറ്റൊരാളുടെയോ മൊബൈൽ നമ്പർ എന്നിവ കൈയിൽ കരുതണം

Advertisement