ശാസ്താംകോട്ട : വായ്പാ കുടിശ്ശിഖയെ തുടർന്ന് ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് നൽകിയതിനു പിന്നാലെ പകച്ചു നിന്ന
മത്സ്യവ്യാപാരിക്ക് ഭാഗ്യദേവതയുടെ കടാക്ഷം.മൈനാഗപ്പള്ളി ഇടവനശ്ശേരി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിനെ തേടിയാണ് സംസ്ഥാന സർക്കാരിൻ്റെ അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷത്തിന്റെ ഭാഗ്യമെത്തിയത്.
പൂക്കുഞ്ഞ് ആലുംകടവ് കോർപ്പറേഷൻ ബാങ്കിൽ നിന്ന് ഭവനവായ്പ എടുത്തിരുന്നു.തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുടിശ്ശികയാകുകയും ബുധനാഴ്ച ജപതി നോട്ടീസ് ലഭിക്കുകയും ചെയ്തിരുന്നു.
ഇതിന് തൊട്ടുപിറകെയാണ് പ്ലാമൂട്ടിൽ ചന്തയിലെ ലോട്ടറി കടയിൽ നിന്ന് ലോട്ടറി എടുത്തത്.ഉച്ചകഴിഞ്ഞ് ഫലം പ്രഖ്യാപിച്ചപ്പോഴാണ് പൂക്കുഞ്ഞ് എടുത്ത AZ 907042 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതായി അറിയുന്നത്.വ്യാഴാഴ്ച സമ്മാനാർഹമായ ലോട്ടറി ബാങ്കിൽ ഏൽപ്പിക്കും.