കരുനാഗപ്പള്ളിരേഖകൾ 20
ഡോ. സുരേഷ് മാധവ്
ഏ ഡി ഒന്നാം നൂറ്റാണ്ടിനും മുമ്പ് ചെറു ചെറു ഗോത്രങ്ങളുടെ സംഘങ്ങളായി ഈ ചേരനാട്ടിൽ ചേരന്മാർ പുലർന്നുവന്നു. കാലിമേയ്ക്കലും കൃഷിയും മറ്റുമായി ജീവിതത്തിനു ഒരു ക്രമം ഉണ്ടായിത്തുടങ്ങിയതോടെ കൈയൂക്കുള്ളവർ മൂപ്പന്മാരുമായി. കാലിക്കൂട്ടങ്ങളെ മേയ്ച്ചു കഴിഞ്ഞവർ ആയർ എന്ന ഗോത്രമായി അറിയപ്പെട്ടിരുന്നു. അവരുടെയിടയിൽ നിന്നാണ് ആയ്ഊരുകൾ രൂപം കൊണ്ടത് എന്ന് ചരിത്രകാരന്മാർ കരുതുന്നു. ഒന്നാം നൂറ്റാണ്ടോടെ ആയ്നാടുവാഴികളുടെ കൂട്ടായ്മ വേണാട് ആയി മാറി.
തെക്ക് നാഞ്ചിനാട് മുതൽ വടക്ക് കൊച്ചി വരെ അ ക്കാലത്ത് വേണാട് ആയിരുന്നു എന്ന് കെ. ശിവശങ്കരൻനായർ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടോടെ വേണാട് വടക്കൻ ചേറ്റുവാ വരെ അധീനതയിലാക്കി.1299ൽ കളയ്ക്കാട് ദേശം വേണാടിന്റെ ഭാഗമായി. പതിനാലാം നൂറ്റാണ്ട് വരെ കൊച്ചി അധീനപ്പെടുത്തിയിരുന്നെങ്കിലും തെക്കൻ നാടുകളിൽ വേണാട്ടടികൾ ശ്രദ്ധ പതിപ്പിച്ചിരുന്നതുകൊണ്ട്, വടക്കൻ നാടുകൾ കൈവിട്ടുപോകാൻ തുടങ്ങി. പോർട്ടുഗീസുകാരുടെ വരവ് പ്രാദേശികശക്തികളുടെ ഉയിർത്തെഴുനേൽപ്പിനു കളമൊരുക്കി.
പതിനാറാം നൂറ്റാണ്ടിലും കായംകുളം, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര സ്വരൂപങ്ങൾ വേണാടിന്റെ ഭാഗമായിരുന്നു.1672ൽ ഈ ദേശങ്ങൾ കായംകുളം ഉടയ കൈയ്മളുടെ നേതൃത്വത്തിൽ വേണാട്ടിൽ നിന്നുവിട്ടുമാറി. കരുനാഗപ്പള്ളിയിൽ മേനാകൈയ്മൾ എന്ന പദവിയിൽ കോലകത്ത് കുറുപ്പന്മാർ വാഴിക്കപ്പെട്ടു. ഈ ദേശവാഴികളെ സാമന്തൻമാരാക്കി നിലനിർത്താൻ കായംകുളം കൈമൾമാർ ഏറെ പാടുപെട്ടു. പതിനെട്ടാം നൂറ്റാണ്ടിൽ അനിഴംu തിരുനാൾ മാർത്താണ്ഡ വർമ (1704-1758)കരുനാഗപ്പള്ളി കേന്ദ്രമാക്കി പട കൂട്ടിത്തുടങ്ങിയതോടെ കരുനാഗപ്പള്ളി സ്വരൂപം സമ്മർദത്തിലായി. മാർത്താണ്ഡവർമ നാടു നീങ്ങിയശേഷം തിരുവിതാംകൂറിന്റെ വടക്കേ അതിർത്തി നില നിർത്തിയത് രാമവർമ ആയിരുന്നു.
വടക്കും തെക്കും നഷ്ടപ്പെടാതിരിക്കാനായി വിഴിഞ്ഞം, കൊല്ലം, കല്ലട എന്നിവ കേന്ദ്രീകരിച്ച് തലസ്ഥാനങ്ങളുണ്ടായി.ഏ ഡി 825ൽകുരക്കേണി കൊല്ലം കേന്ദ്രമാക്കി വിദേശവ്യാപാരം വികസിച്ചപ്പോൾ കല്ലടയുടെ വാണിജ്യപ്രാധാന്യം നഷ്ടമായി.കന്നേറ്റിക്കായൽ വഴിയുള്ള കല്ലട വ്യാപാരറൂട്ടും അപ്രധാനമായി.കൊല്ലവർഷത്തോടെ (AD 825)വേണാടിന്റെ കേന്ദ്രം കൊല്ലമായി. ചിറവാ സ്വരൂപങ്ങൾ വേണാടിന്റെ നാടുവാഴിസ്ഥാനങ്ങൾ ആയി മാറി.
തൃപ്പാപ്പൂർ മൂത്ത തിരുവടി എന്ന പദവിയിൽ ഒരു വേണാട്ടു ഇളയരാജാവ് ചിറവാ സ്വരൂപങ്ങൾ ഭരിച്ചു. കരുനാഗപ്പള്ളിയും കൊട്ടാരക്കരയും കായംകുളവും അടക്കം ചിറവാ സ്വരൂപത്തിന്റെ ഭാഗം ആയിരുന്നു. വിദേശശക്തികളുടെ വരവാണ് ചെറുരാജ്യങ്ങളുടെ സ്വാതന്ത്ര്യബോധത്തെ ചൂട് പിടിപ്പിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിന് ശേഷം വേണാട് -ഓടനാട് സംഘർഷത്തിന്റെ വേദിയായിരുന്നു കരുനാഗപ്പള്ളി. ഈ അതിർത്തിയ്ക്ക് വേണ്ടി രണ്ടു രാജ്യക്കാരും മത്സരിച്ചു.